ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് ക്‌നായിത്തൊമ്മൻ ഭവനനിർമ്മാണ പദ്ധതി: രണ്ടു ഭവനങ്ങൾ കൈമാറി

കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് നടപ്പിലാക്കുന്ന ക്‌നായിത്തൊമ്മൻ ഭവനനിർമ്മാണ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പുതിയ രണ്ടു ഭവനങ്ങളുടെ വെഞ്ചരിപ്പുകർമ്മം കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ കിടങ്ങൂരിൽ നിർവ്വഹിച്ചു.

കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര, അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫൊറോന വികാരി ഫാ. ജോയി കട്ടിയാങ്കൽ, കെ.സി.സി അതിരൂപതാ ഭാരവാഹികളായ സെക്രട്ടറി ബിനോയി ഇടയാടിയിൽ, ഡോ. ലൂക്കോസ് പുത്തൻപുരയ്ക്കൽ, തോമസ് അരയത്ത്, സ്റ്റീഫൻ കുന്നുംപുറം, ഷാജി കണ്ടച്ചാംകുന്നൽ, ഫൊറോന ഭാരവാഹികൾ, ഫൊറോനയിൽ ഇടവക വികാരിമാർ എന്നിവർ സന്നിഹിതരായിരുന്നു.

കെ.സി.സി അതിരൂപതാ സമിതിയുടെയും കെ.സി.സി കിടങ്ങൂർ ഫൊറോനയുടെയും ഇതരസുമനസ്സുകളുടെയും പങ്കാളിത്തത്തോടെയാണ് ആദ്യഘട്ടത്തിലെ രണ്ടു ഭവനങ്ങളുടെ നിർമ്മാണം പൂർത്തിയായത്. കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ 2016 -ൽ നടപ്പിലാക്കിയ ലാൻഡ് ടു ലാൻഡ്‌ലെസ്സ് പദ്ധതിയുടെ ഭാഗമായി ഫിലിപ്പ് മഠത്തിൽ ലഭ്യമാക്കിയ സ്ഥലത്താണ് ഭവനങ്ങൾ നിർമ്മിച്ചിരിക്കുന്നത്.

അതിരൂപതയിലെ പതിനാല് ഫൊറോന സമിതികളുടെയും പങ്കാളിത്തത്തോടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കോട്ടയം അതിരൂപതയിലെ കുടുംബങ്ങൾക്ക്ക്കു വാസയോഗ്യമായ ഭവനങ്ങൾ നിർമ്മിച്ചുനൽകുവാനാണ് ക്‌നായിത്തൊമ്മൻ ഭവനനിർമ്മാണ പദ്ധതിയിലൂടെ കെ.സി.സി ലക്ഷ്യമിടുന്നത്. പദ്ധതി വഴി 2021 -ൽ 25 ഭവനങ്ങൾ ആദ്യഘട്ടമായി നിർമ്മിച്ചു നൽകും.

ബിനോയി ഇടയാടിയിൽ, ജനറൽ സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.