ഓണസന്ദേശ വിവാദം വർഗ്ഗീയ മുതലെടുപ്പിന്: കെസിബിസി ജാഗ്രത കമ്മീഷൻ 

നെടുംകുന്നം സെൻറ് തെരേസാസ് ഹൈസ്കൂൾ പ്രധാനാധ്യാപിക സി. ദിവ്യ സിഎംസി ആഗസ്റ്റ് 31ന് കുട്ടികൾക്കായി നല്കിയ ഓണ സന്ദേശത്തെ ചിലർ വിവാദമാക്കി മാറ്റുകയും, വർഗ്ഗീയ പ്രശ്നമാക്കി വളർത്താൻ ശ്രമിക്കുകയും ചെയ്ത സംഭവം അത്യന്തം ഖേദകരമാണ്. കേരളത്തിലെ മതേതരസമൂഹം ഒരേ മനസ്സോടെ സസന്തോഷം കൊണ്ടാടുന്ന ഏക ആഘോഷമാണ് ഓണം എന്നിരിക്കെ, ഇത്തരമൊരു ഉത്സവവേളയിൽ ഇതെച്ചൊല്ലി ബാലിശമായ ഒരു വിവാദം അനാവശ്യമായിരുന്നു എന്ന് പറയാതെ വയ്യ. അത്തരമൊരു വിവാദം സൃഷ്ടിച്ചവർ അത് കരുതിക്കൂട്ടിയാണ് ചെയ്തതെങ്കിൽ തീർച്ചയായും പ്രതിഷേധാർഹമാണ്. ഹിന്ദു ഐക്യവേദി എന്ന തീവ്ര ഹിന്ദുത്വ സംഘടനയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ശശികലയും മറ്റുള്ളവരും ഈ വിഷയത്തിൽ തങ്ങളുടെ പ്രതിഷേധ പ്രകടനങ്ങൾ രൂക്ഷമാക്കുകയും ജനം ടിവി, ജന്മഭൂമി പത്രം, നിരവധി സംഘപരിവാർപക്ഷ ഓൺലൈൻ ചാനലുകൾ തുടങ്ങി നിരവധി മാധ്യമങ്ങൾ ഈ വിഷയത്തെ കൂടുതൽ ആളിക്കത്തിക്കാൻ പോന്ന വിധത്തിൽ വാർത്തകൾ നല്കുകയും ചെയ്തിരുന്നതിനാൽ ഈ വിവാദം ആസൂത്രിതം എന്നേ കരുതാനാവൂ. ഈ വിവാദത്തിൽ ആർഎസ്എസും, ബിജെപിയും, അനുബന്ധ രാഷ്ട്രീയ നിലപാടുകൾ വച്ചുപുലർത്തുന്ന സാംസ്കാരിക പ്രവർത്തകരും പാലിച്ച മൗനവും അതിന്റെ ആസൂത്രിത സ്വഭാവത്തിലേക്ക് വിരൽചൂണ്ടുന്നു.

കേരളത്തിലെ സാംസ്കാരികോത്സവമായ ഓണത്തിന്റെ, അറിയപ്പെടുന്നതും പറയപ്പെടുന്നതുമായ ഐതിഹ്യം, നീതിമാനായ ചക്രവർത്തിയായിരുന്ന മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും, അദ്ദേഹത്തെ വർഷത്തിൽ ഒരിക്കൽ സ്വന്തം പ്രജകളെ കാണാനായി കേരളം സന്ദർശിക്കാൻ അനുവദിക്കുകയും ചെയ്തു എന്നുള്ളതാണ്. സ്വന്തം ജനതയെ ഏറ്റവും സന്തോഷത്തോടെ കാണാനാഗ്രഹിക്കുന്ന മാവേലിയെ സന്തോഷിപ്പിക്കാൻ ദിവസങ്ങൾ നീണ്ട ഒരുക്കങ്ങൾ നടത്തുന്ന മലയാളികൾ ഓണദിവസങ്ങളിൽ ഏറ്റവും സന്തോഷത്തോടെയും ഉത്സാഹത്തോടെയും വ്യാപരിക്കുന്നു. അതിനപ്പുറമുള്ള കഥാപശ്ചാത്തലങ്ങൾ കേരളത്തിലെ സാമാന്യജനതയ്ക്ക് അറിയാം എന്നു കരുതുന്നതിൽ യുക്തിയില്ല. മാത്രമല്ല, ഇതേ ഐതിഹ്യമാണ് മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള നിരവധി ഗ്രന്ഥങ്ങളിലും ഉദ്യോഗിക ചരിത്ര രേഖകളിലും കണ്ടെത്താൻ കഴിയുന്നത്. ഈ വിധത്തിൽ തന്നെ, CENSUS OF INDIA 1961 പാർട്ട് 7 B യിൽ ഓണത്തിന്റെ ഐതിഹ്യം, ചരിത്രം തുടങ്ങിയവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. കവികളും, കഥാകാരന്മാരും മുതൽ ചരിത്രകാരന്മാർ വരെ തങ്ങളുടെ എണ്ണമറ്റ രചനകളിൽ പറഞ്ഞുവച്ചിട്ടുള്ള ആശയവും സമാനമാണ്.

ഈ ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് മുപ്പതിന് ഒരു പ്രമുഖ ദിനപ്പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട, പ്രഫ. എം കെ സാനുവിന്റെ ഓണ സന്ദേശത്തിൽ ഇപ്രകാരം അദ്ദേഹം എഴുതിയിരിക്കുന്നു: “മനുഷ്യമാനവികതയ്ക്ക് ദൈവികച്ഛായ പകരാൻ ക്രൂശിതനായ ക്രിസ്തുവിനെ നാം സ്മരിക്കുന്നതുപോലെ, തന്റെ നാടിന് രക്ഷ പകരാൻ സ്വയം പരാജിതനായ രാജാവായി മഹാബലിയെയും കാലം സ്മരിക്കുകയാണ്. ലോകത്തിൽ ധർമ്മവും നീതിയുമാണ് എന്നും നിലനിൽക്കുന്നത്. ധർമ്മസംസ്ഥാപനാർത്ഥം ഈശ്വരൻ ജനിക്കുമെന്നാണ് ഭഗവത്ഗീത പറയുന്നതെങ്കിലും ഇവിടെ ധർമ്മസംസ്ഥാപനാർത്ഥം ജീവിക്കുകയും ജീവിതം സമർപ്പിക്കുകയും പ്രജാക്ഷേമ പരിലാളനത്തിനുവേണ്ടി അഹോരാത്രം പ്രവർത്തിക്കുകയും ഒടുവിൽ ഈശ്വരപാദങ്ങൾ ശിരസ്സിലേറ്റി പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെടുകയും ചെയ്യുന്ന ആ മഹാബലിയാണ് കാലത്തിൽ പ്രകീർത്തിക്കപ്പെടുന്നത്. അപ്പോൾ, ഇപ്പോഴും നിലനിൽക്കുന്നത് ധർമ്മവും നീതിയുമാണ്. സത്യവും കരുണയുമാണ് എന്നും നിലനിൽക്കുന്നത് എന്ന സന്ദേശമാണ് മഹാബലി നൽകുന്നത്.” തൊട്ടടുത്ത ദിവസം തന്റെ വിദ്യാർത്ഥികൾക്കുള്ള ഓണസന്ദേശത്തിൽ ഈ ആശയം പറഞ്ഞതിലൂടെ “ഹൈന്ദവ വിശ്വാസത്തെ” അവഹേളിച്ചു എന്ന കുറ്റം ചുമത്തിയാണ് ഹിന്ദു ഐക്യവേദി പ്രവർത്തകരും അനേകം തീവ്രഹിന്ദുത്വവാദികളും സി. ദിവ്യയെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി അപമാനിച്ചത്. സി. ദിവ്യയെ മാത്രമായിരുന്നില്ല അവരിൽ പലരും ലക്ഷ്യംവച്ചത്. അവഹേളനശരങ്ങൾ കേരളത്തിലെ പതിനായിരക്കണക്കിനായ സന്യസ്തർക്ക് നേരെയും, ക്രൈസ്തവ സമൂഹത്തിനും കത്തോലിക്കാ സഭയ്ക്കും നേരെയും നീണ്ടു.

ഓണാനുബന്ധമായി പതിറ്റാണ്ടുകളുടെ ഓർമ്മകളുള്ളവരുടെ മനസ്സിലും പതിഞ്ഞിരിക്കുന്ന ഒരു ചിത്രത്തെ നന്മയുടെ സന്ദേശമായി, ഈ ലോകത്തിൽ ജീവിച്ചിരുന്ന ചില ചരിത്രപുരുഷന്മാരുമായും ബന്ധിപ്പിച്ച് സംസാരിച്ച സി. ദിവ്യ അവതരിപ്പിച്ച ആശയത്തിലെ തെറ്റ് എന്താണെന്ന് ഇനിയും കേരളസമൂഹത്തിന് വ്യക്തമായിട്ടില്ല.

‘സർവ്വം ജയിച്ചു ഭരിച്ചു പോന്നോർ
ബ്രാഹ്മണർക്കീർഷ്യ വളർന്നു വന്നി
ഭൂതി കെടുക്കാനവർ തുനിഞ്ഞു.
കൗശലമാർന്നൊരു വാമനനെ
വിട്ടു ചതിച്ചവർ മാബലിയെ.
ദാനം കൊടുത്ത സുമതി തന്റെ
ശീർഷം ചവിട്ടി യാചകനും.
അന്നുതൊട്ടിന്ത്യയധ:പതിച്ചു
മന്നിലധർമ്മം സ്ഥലംപിടിച്ചു.’

സഹോദരൻ അയ്യപ്പൻ രചിച്ച ‘മാവേലി നാട് വാണീടും കാലം…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ പൂർണ്ണ രൂപത്തിൽനിന്നുമുള്ള ചില വരികളാണിത്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ആ ഓണപ്പാട്ട് അവസാനിക്കുന്നത് ഇങ്ങനെയാണ്:

“വാമനാദർശം വെടിഞ്ഞിടേണം
മാബലിവാഴ്ച വരുത്തിടേണം
ഓണം നമുക്കിനി നിത്യമെങ്കിൽ
ഊനം വരാതെയിരുന്നുകൊള്ളും.”

ഓണത്തിന്റെ പിന്നിലെ ഐതിഹ്യങ്ങളും അതിന്റെ മതപരമായ അർത്ഥതലങ്ങളും പൂർണ്ണമായ അളവിൽ മനസ്സിലാക്കാത്തിടത്തോളം, ‘ഓണം’ എന്ന ഉത്സവവുമായി ബന്ധപ്പെട്ട കേരളത്തിന്റെ പൊതുബോധം തന്നെയാണ് ഓണത്തിന്റെ അവസരത്തിൽ ഇവിടെ ആശയവിനിമയം ചെയ്യപ്പെടുന്നത്. അത്തരം ആശയങ്ങൾ തുടച്ചുനീക്കപ്പെടേണ്ടതുണ്ട് എന്ന് ചിന്തിക്കുന്ന പക്ഷം, ഓണത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ സൃഷ്ടിക്കാൻ മുന്നിൽ നില്ക്കുന്നവർ തന്നെ, ഇതിന്റെ ‘വാസ്തവങ്ങൾ’ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ ബാധ്യസ്ഥരാണ്. കഴിഞ്ഞ വർഷം വരെയും പാടിപ്പഴകിയ ചില ഈരടികൾ പെട്ടെന്നൊരു ദിവസം അവഹേളനമാകുന്നതെങ്ങനെ എന്ന് വിശദീകരണം നല്കാനുള്ള ബാധ്യതയും അവർക്കുണ്ട്. തന്റെ വിദ്യാർത്ഥികൾക്കു മുന്നിൽ  നിലവിലുള്ള ഓണസന്ദേശം പങ്കുവച്ച ആ പ്രധാനാധ്യാപികയല്ല ആദ്യമായി ഓണത്തിന് ഇത്തരമൊരു സന്ദേശം നല്കുന്നതെന്നും, താൻ കേട്ടതിനെ സിസ്റ്റർ വളച്ചൊടിക്കുകയായിരുന്നില്ലെന്നും വ്യക്തമായി അറിയാവുന്ന കേരളത്തിലെ മതേതര സമൂഹത്തിനും ഈ വിഷയം തുറന്നുപറയാനുള്ള ബാധ്യതയുണ്ട്.

ഇവിടെ ഒരു വിവാദം സൃഷ്ടിക്കുക മാത്രമായിരുന്നു ചിലരുടെ ഉദ്ദേശ്യമെന്ന് വ്യക്തം. പ്രധാനാധ്യാപികയായ സന്ന്യാസിനിയെ മാത്രമല്ല, ചില രാഷ്ട്രീയ നേതാക്കളെയും പ്രശസ്ത വ്യക്തികളെയും ഈ വിവാദത്തിന് കൊഴുപ്പുകൂട്ടാൻ അവർ കൂട്ടുപിടിച്ചു. സെന്റ് തെരേസാസ് സ്കൂളിന് മുന്നിൽ പ്രതിഷേധപ്രകടനം നടത്തി. പ്രധാനാധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. സഭാനേതൃത്വം ഈ ‘അവഹേളനത്തിന്’ വിശദീകരണം നൽകണമെന്നും അവർ ആവശ്യപ്പെടുകയുണ്ടായി. എല്ലാറ്റിനുംപുറമെ, സന്യാസിനിയെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി സമ്മർദ്ദം ചെലുത്തി ക്യാമറയ്ക്ക് മുമ്പിൽ മാപ്പ് പറയിക്കുകയും അതുവഴി വീണ്ടും അവഹേളിക്കുകയും ചെയ്തു. ഈ കൃത്യത്തിന് പോലീസ് കൂട്ടുനിന്നു എന്നുള്ളത് അപമാനകരമാണ്. ഒരു സ്ത്രീയെ നിർബ്ബന്ധമായി പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്താൻ പാടില്ല എന്നിരിക്കെ, കാലുഷ്യത്തോടെ നേരിട്ടും ഫോണിലും സിസ്റ്ററിനെ വിളിച്ച് സ്റ്റേഷനിലെത്താൻ കൽപ്പിക്കുകയും, പരിഹാസത്തോടെ സ്റ്റേഷനിൽ വച്ച് സംസാരിക്കുകയും ചെയ്ത പോലീസുകാർ ആരുടെയോ കളിപ്പാവകളായിരുന്നു. ഒരു വനിതാ പോലീസിന്റെ സാന്നിധ്യം പോലുമില്ലാതെയായിരുന്നു ചോദ്യം ചെയ്യൽ. ഒരു സ്ത്രീ എന്ന നിലയിലും, സന്യാസിനി എന്ന നിലയിലും, പ്രശസ്തമായ ഒരു വിദ്യാലയത്തിന്റെ പ്രധാനാധ്യാപിക എന്ന നിലയിലും അർഹിക്കുന്ന പരിഗണന സി. ദിവ്യയ്ക്ക് ലഭിച്ചില്ല എന്ന് വ്യക്തം. തൽസ്ഥാനത്ത് ആരോ ചിലരുടെ വർഗ്ഗീയ വെറി ശമിപ്പിക്കാൻ പൊലീസുകാരെ ഉപകരണമാക്കുകയായിരുന്നു എന്ന് വ്യക്തം. ചില പോലീസ് ഉദ്യോഗസ്ഥർ അതിന് കൂട്ടുനിൽക്കുകയുമായിരുന്നു.

നെടുംകുന്നം സെന്റ് തെരേസാസ് ഗേൾസ് ഹൈസ്‌കൂൾ മികച്ച നിലവാരമുള്ള ഒരു വിദ്യാലയമായിരുന്നതിനാൽ ചിലരിൽ രൂപപ്പെട്ട ശത്രുതാമനോഭാവവും ഇത്തരമൊരു നീക്കത്തിന് പ്രേരണയായി എന്നാണ് സൂചനകൾ. പതിറ്റാണ്ടുകൾ നീണ്ട ചരിത്രമുള്ള, മികവുറ്റ ആ വിദ്യാലയത്തിലേക്ക് മറ്റു സ്‌കൂളുകളിൽ നിന്ന് പോലും കുട്ടികൾ അഡ്മിഷനുവേണ്ടി എത്താറുണ്ടായിരുന്നു. ഇത്തരമൊരാരോപണം പോലീസ് സ്റ്റേഷനിൽവച്ച് സി. ദിവ്യയ്ക്കും, സ്‌കൂളിനുമെതിരെ പരാതിക്കാർ ഉയർത്തുകയുമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. തികച്ചും വർഗ്ഗീയമായിരുന്നു അവരുടെ ആരോപണങ്ങളത്രയും. എന്നാൽ, അവർ എഴുതി നൽകിയ പരാതിയുടെ പകർപ്പ് നൽകുവാനോ പരാതികൾ എന്തൊക്കെയാണെന്ന് വിശദീകരിക്കാൻ പോലുമോ പോലീസ് തയ്യാറായില്ല എന്നതും ഗുരുതരമായ ചട്ടലംഘനമായി പരിഗണിക്കപ്പെടേണ്ടതാണ്.

പ്രസ്തുത സന്യാസിനി ക്രിസ്തുമതം പ്രചരിപ്പിക്കാനാണ് ശ്രമിച്ചത്, അതൊരു നിഗൂഢ അജണ്ടയുടെ ഭാഗമാണ് എന്ന ആരോപണങ്ങളാണ് ചിലർ ഉയർത്തിയത്. സമർപ്പണം കൊണ്ടും, ജീവിതമാതൃക കൊണ്ടും മാത്രമല്ല, വസ്ത്രധാരണം കൊണ്ടുപോലും ക്രിസ്തുവിനെ പ്രഘോഷിക്കുന്ന സന്യസ്തർ തങ്ങളുടെ വാക്കുകളിലൂടെയും സുവിശേഷം പ്രഘോഷിക്കും എന്നുള്ളത് സ്വാഭാവികം മാത്രമാണ്. അതൊരിക്കലും ഒരു രഹസ്യ അജണ്ടയുടെ ഭാഗമോ, മതപ്രചാരണം ലക്ഷ്യം വച്ചുള്ളതോ അല്ല, മറിച്ച് അവരുടെ കടമ മാത്രമാണ്. രണ്ട് നൂറ്റാണ്ടുകളായി ക്രിസ്തുവിനെക്കുറിച്ച് ക്‌ളാസുകളിലും, പ്രസംഗങ്ങളിലും പറഞ്ഞിട്ടുള്ള അധ്യാപകർ കൂടിയായ ആയിരക്കണക്കിന് സന്യസ്തരും വൈദികരും കടന്നുപോയിട്ടും, എത്ര വിദ്യാർത്ഥികൾ മതംമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് മാത്രം നോക്കിയാൽ മതി അവരുടെ ലക്ഷ്യം മതപ്രചാരണമല്ല എന്ന് മനസിലാക്കാൻ. ഇത്തരത്തിൽ ക്രിസ്തുവിനെയോ സുവിശേഷമോ ബന്ധപ്പെടുത്തി അവർ നൽകിയിട്ടുള്ള സന്ദേശങ്ങളൊന്നും ഇന്നോളം ആരെയും അലോസരപ്പെടുത്തിയിട്ടില്ല. അതിന്റെ പേരിൽ കത്തോലിക്കാ വിദ്യാലയങ്ങളുടെ സവിശേഷമായ ജനപ്രീതിക്ക് ഒരിക്കലും കോട്ടം തട്ടിയിട്ടുമില്ല. മറിച്ച്, അവർ നൽകിയിട്ടുള്ള നന്മയുടെ സന്ദേശങ്ങളും അവരുടെ ജീവിത മാതൃകയും അനേകായിരങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുകയാണ് ഉണ്ടായിട്ടുള്ളത്. ഈ പശ്ചാത്തലത്തിൽ, സുവിശേഷപ്രഘോഷണവും മതപ്രചാരണവും രണ്ടാണ് എന്ന വാസ്തവം ഹൈന്ദവ സഹോദരങ്ങൾ മനസ്സിലാക്കണമെന്ന് അപേക്ഷിക്കുന്നു.

ഒരുപക്ഷെ ഓണം മതേതരസമൂഹത്തിൻറെ ഉത്സവമെന്ന് അവകാശപ്പെടുന്നതിനെതിരേയാവാം ചില വർഗ്ഗീയ ശക്തികളുടെ നേതൃത്വത്തിലുള്ള ഈ പ്രതിഷേധങ്ങൾ. അങ്ങനെയെങ്കിൽ ഓണം എന്ന കേരളത്തിന്റെ ദേശീയോത്സവത്തിന് ഇനിയുള്ള കാലത്ത് വലിയ ഭാവിയില്ല എന്നത് ഒരു വാസ്തവം മാത്രം. പറഞ്ഞും പാടിയും പഴകിയ, ഓണത്തിന് പിന്നിലെ ഐതിഹ്യം ഇനിയൊരാൾ മിണ്ടാൻ പാടില്ല എന്ന മുന്നറിയിപ്പ് കൂടിയായിരിക്കണം ഈ പ്രക്ഷോഭം. അങ്ങനെയെങ്കിൽ ഹിന്ദു ഐക്യവേദിയും, അവരെ ഇക്കാര്യത്തിൽ പിന്തുണച്ചവരും നിശ്ശബ്ദത പാലിച്ചവരുമെല്ലാം വിശദീകരണം നല്കേണ്ട ചില വസ്തുതകളുണ്ട്:

1. മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനനെക്കുറിച്ചുള്ള ചർച്ചകളാണല്ലോ ഈ വിവാദത്തെ ചൂടുപിടിപ്പിച്ചത്. വിഷ്ണുവിന്റെ അവതാരങ്ങളെല്ലാം ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ച് ദൈവികതയുള്ളവയാണ്, ആരാധ്യമാണ്. ആ വിശ്വാസത്തെയും അത് സംബന്ധിച്ച വികാരങ്ങളെയും പൂർണ്ണമായ അർത്ഥത്തിൽ മാനിക്കുകയും, അതിനുള്ള അവകാശത്തെ തുറന്ന മനസോടെ അംഗീകരിക്കുകയും ചെയ്യുന്നു.  എന്നാൽ, വാമനാവതാരത്തോട് അനുബന്ധിച്ചുള്ളതും സ്വന്തമായി മറ്റൊരു ഐതിഹ്യമുള്ളതുമായ ഓണം എന്ന ആഘോഷത്തെ ഇനിയുള്ള കാലത്ത് മലയാളികൾ എങ്ങനെ കാണണമെന്നതിന് വിശദീകരണം ആവശ്യമുണ്ട്.

2. ദാരിദ്ര്യത്തിന്റെയും രോഗങ്ങളുടെയും അസന്തുഷ്ടിയുടെയും വർഷകാലം പിന്നിട്ട് പ്രകൃതിയും മനുഷ്യമനസ്സുകളും തെളിഞ്ഞ് ആഘോഷിക്കുന്ന ഒരു വിളവെടുപ്പുത്സവം എന്നതായിരുന്നു ഓണത്തിന്റെ എക്കാലത്തെയും പ്രസക്തി. അത്തരം വിളവെടുപ്പുത്സവങ്ങൾ എല്ലാ സംസ്ക്കാരങ്ങളിലും ദേശങ്ങളിലും നിലവിലുള്ളതുമാണ്. അത്തരം ഒന്നിനോട് മതപരമായ ചില ഐതിഹ്യങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടത് കാലങ്ങൾ കഴിഞ്ഞാലും ആഘോഷം നിലനില്ക്കണമെന്ന നിഷ്കളങ്കമായ ഉദ്ദേശ്യത്തോടെയാവണം. അങ്ങനെയെങ്കിൽ തികച്ചും മതേതരമായ ഒരു വിളവെടുപ്പുത്സവത്തെ തട്ടിയെടുക്കാനാണ് ചില തീവ്ര ഹിന്ദുത്വവാദികളുടെ നീക്കം എന്ന് കരുതുന്നതിൽ തെറ്റില്ല. അത്തരമൊരു ലക്ഷ്യം ഇത്തരക്കാർക്കുണ്ടെങ്കിൽ അതിനും വിശദീകരണം ആവശ്യമാണ്.

അതേസമയം, കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ കഴിഞ്ഞ ചില നൂറ്റാണ്ടുകളായി നിർണ്ണായക സ്വാധീനം ചെലുത്തുന്ന, വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും അടിത്തറപാകിയ ക്രൈസ്തവ സമൂഹത്തിന്റെ മഹത്തായ സംഭാവനകളെ തമസ്കരിച്ചുകൊണ്ട് ഇത്തരം അവസരങ്ങളെ മുതലെടുത്ത് ആക്രമിക്കുവാൻ ശ്രമിക്കുന്ന ഹിന്ദു വർഗ്ഗീയവാദികളുടെ പ്രവണതകൾ ഹൈന്ദവ സമൂഹം തന്നെ നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്. രാജ്യം നേരിടുന്ന യഥാർത്ഥ പ്രതിസന്ധികളെ തിരിച്ചറിഞ്ഞുകൊണ്ടും, യഥാർത്ഥ ശത്രുക്കളെ മനസ്സിലാക്കിയും മുന്നേറേണ്ട കാലമാണിത്. വർഗ്ഗീയതയുടെയും, മതമൗലികവാദത്തിന്റെയും വേലിക്കെട്ടുകൾ പൊളിച്ചെറിഞ്ഞ്, ഒരുമിച്ചുനിന്ന് മതതീവ്രവാദത്തിനെതിരെ പൊരുതുവാൻ ഈ മതേതര സമൂഹം മുന്നോട്ടുവരേണ്ടിയിരിക്കുന്നു. ഇത്തരം അതിക്രമങ്ങൾ സന്യസ്തർക്കെതിരെയും, ക്രൈസ്തവ സമൂഹത്തിനെതിരെയും എന്നല്ല, ആർക്കെതിരെയും ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻകരുതലെടുക്കുവാൻ സമുദായ നേതൃത്വങ്ങൾക്ക് ബാധ്യതയുണ്ട്.

കടപ്പാട്: കെസിബിസി ഐക്യ ജാഗ്രത കമ്മീഷൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.