ക്രൈസ്തവരുടെ ആഭ്യന്തര വിഷയങ്ങൾ ചാനൽ ചർച്ചയ്ക്ക് വിഷയമാക്കുന്ന മാധ്യമനയം പ്രതിഷേധാർഹം: കെസിബിസി ജാഗ്രതാ കമ്മീഷൻ

ക്രൈസ്തവരുടെ ആഭ്യന്തര വിഷയങ്ങൾ ചാനൽ ചർച്ചയ്ക്ക് വിഷയമാക്കുന്ന മാധ്യമനയത്തിനെതിരെ കെസിബിസി ജാഗ്രതാ കമ്മീഷൻ. ഇതുമായി ബന്ധപ്പെട്ട് ജാഗ്രതാ കമ്മീഷൻ ഇറക്കിയ പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു:

ഏതാനും വർഷങ്ങളായി വിവിധ മാധ്യമങ്ങൾ ക്രൈസ്തവരുടെയും കത്തോലിക്കാ സഭയുടെയും ആഭ്യന്തര വിഷയങ്ങൾ അമിത പ്രാധാന്യം കൊടുത്ത് ചാനൽ ചർച്ചകളാക്കി മാറ്റുന്ന പ്രവണതയുണ്ട്. സമീപ കാലങ്ങളായി ആ ശൈലി വർദ്ധിച്ചുവരുന്നതായി കാണാം. വളരെ പ്രാധാന്യമർഹിക്കുന്ന മറ്റ് പല പൊതുവിഷയങ്ങളെയും ലാഘവത്തോടെ മാറ്റിവെച്ച് ഇത്തരം വിഷയങ്ങളിൽ അമിതാവേശത്തോടെ ഇടപെടുന്ന പ്രവണത പ്രതിഷേധാർഹമാണ്.

പൊതു സമൂഹത്തിൽ ചർച്ച ചെയ്യപ്പെടെണ്ടതല്ലാത്ത വിഷയങ്ങൾ പോലും അനാവശ്യമായി ചർച്ചയ്ക്ക് വെയ്ക്കുകയും സഭാവിരുദ്ധ -ക്രൈസ്തവ വിരുദ്ധ നിലപാടുകൾ ഉള്ളവരെ അത്തരം ചർച്ചകളിൽ പ്രധാന പ്രഭാഷകരായി നിശ്ചയിക്കുകയും ചെയ്യുന്നത് വഴി ക്രൈസ്തവ വിരുദ്ധത പ്രചരിപ്പിക്കുകയാണ് ചില മാധ്യമങ്ങൾ ലക്ഷ്യമാക്കുന്നത്. കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രതിനിധികൾ എന്ന വ്യാജേന മറ്റ് ചിലരെ ഇത്തരം ചർച്ചകളിൽ അവതരിപ്പിക്കുന്നതും പതിവാണ്. വിവിധ വിഷയങ്ങളിലുള്ള ക്രൈസ്തവ കത്തോലിക്കാ നിലപാടുകൾ തെറ്റിദ്ധരിക്കപ്പെടുന്നതിന് ഇത്തരം ദുഷ്ട ലാക്കോടുകൂടിയ മാധ്യമ ഇടപെടലുകൾ കാരണമായിട്ടുണ്ട്.

പാലാ രൂപത കഴിഞ്ഞദിവസം സദ്ദുദ്ദേശത്തോടെ മുന്നോട്ട് വെച്ച ആശയത്തെ വളച്ചൊടിക്കാനും അതുവഴി സഭയെയും രൂപതാധ്യക്ഷനെയും അധിക്ഷേപിക്കാനും ചില മാധ്യമമാണ് പ്രകടിപ്പിച്ച ആവേശം ഇത്തരം കാര്യങ്ങളിലുള്ള അവിഹിതമായ മാധ്യമ ഇടപെടലുകൾക്ക് ഉദാഹരണമാണ്. ഒരു ജനസംഖ്യാ വിസ്ഫോടനത്തെയാണ് കത്തോലിക്കാ സഭ ലക്‌ഷ്യം വെയ്ക്കുന്നതെന്ന വിധത്തിലുള്ള മാധ്യമ ദുഷ്പ്രചരണങ്ങൾ നടത്തുന്നവരുടെ ലക്‌ഷ്യം ക്രൈസ്തവ സമൂഹങ്ങളുടെ തകർച്ച തന്നെയാണെന്ന് വ്യക്തം. സർക്കുലേഷൻ വർദ്ധിപ്പിക്കാനും പ്രേക്ഷകരെ ആകർഷിക്കാനും കത്തോലിക്കാ സഭയെയും ക്രൈസ്തവ സമൂഹത്തെയും പ്രതിക്കൂട്ടിൽ നിർത്തി അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്ന പ്രവണത മാധ്യമങ്ങൾ കൈവെടിയണം. ഇപ്രകാരം മറ്റ് നിരവധി വിഷയങ്ങളിലും തികച്ചും അനാവശ്യമായ വിധത്തിൽ കൈകടത്തലുകൾ നടത്തുകയും തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുകയൂം ചെയ്തു വരുന്ന ദൃശ്യ – മാധ്യമ പത്രപ്രവർത്തകരുടെയും നേതൃത്വങ്ങളുടെയും നിഗൂഢ ലക്ഷ്യങ്ങൾ മനസിലാക്കി അവരെ തിരുത്തുവാൻ കേരളത്തിലെ പൊതു സമൂഹവും, രാഷ്ട്രീയ പ്രസ്ഥാനങ്ങളും, വിവിധ മതേതര നേതൃത്വങ്ങളും തയ്യാറാകണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.