സ്‌കൂളുകളിൽ ഫീസ് വര്‍ദ്ധിപ്പിക്കരുതെന്നും ആവശ്യമായ കുട്ടികൾക്ക് ഇളവ് നൽകണമെന്നും ആവശ്യപ്പെട്ട് കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ

ആരംഭിക്കാൻ പോകുന്ന അദ്ധ്യയന വർഷത്തിൽ പ്രവാസി കുട്ടികളുടെ തുടർ പഠനത്തിന് അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കുന്നതിൽ സഭാ സ്ഥാപനങ്ങൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ജോഷ്വ മാർ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു. കെസിബിസി പ്രസിഡണ്ട് വിദ്യാഭ്യാസ കമ്മീഷൻ അംഗങ്ങളുമായി നടത്തിയ കൂടിയാലോചനയ്ക്കു ശേഷം ആണ് ഈ നിർദ്ദേശം സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർമാർക്ക് നൽകിയത്.

കോവിഡ് 19 അനുബന്ധ പ്രതിസന്ധികളിൽ ഒന്നാണ് കേരളത്തിലേയ്ക്കു മടങ്ങി വരുന്ന കുടുംബങ്ങളിലെ കുട്ടികളുടെ പുനർവിദ്യാഭ്യാസം. വിദേശത്തു നിന്ന് നാലു ലക്ഷത്തോളം പ്രവാസികളും അന്യ സംസ്ഥാനങ്ങളിൽ നിന്ന് രണ്ടു ലക്ഷത്തിലേറെ ആളുകളും ഈ കാലഘട്ടത്തിൽ കേരളത്തിലേയ്ക്കു മടങ്ങി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഭൂരിപക്ഷവും ജോലി നഷ്ടപ്പെട്ട് തിരിച്ചു പോകാനാകാതെ കേരളത്തിൽ തന്നെ തുടരാനാണ് സാധ്യത. ഈ സാഹചര്യത്തിൽ വിദേശരാജ്യങ്ങളിലും അന്യ സംസ്ഥാനങ്ങളിലും പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് സഭയുടെ സിബിഎസ്ഇ, ഐസിഎസ്ഇ, ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും എയ്‌ഡഡ്‌ സ്കൂളുകളിലും പ്രവേശനം ലഭ്യമാക്കുന്നതിനുള്ള നടപടികൾ എല്ലാ മാനേജർമാരും ശ്രദ്ധിക്കണം. കൂടാതെ ഉപരിപഠനം ആഗ്രഹിക്കുന്ന കുട്ടികൾക്ക് സഭയുടെ എയ്ഡഡ് സ്വാശ്രയകോളേജുകളിൽ പ്രവേശനത്തിനും ഫീസ് കാര്യങ്ങളിൽ അർഹമായ പരിഗണനയും നൽകുവാൻ ശ്രദ്ധിക്കണം.

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി വളരെ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഫീസ് വർദ്ധനവ് ഉണ്ടാകാതിരിക്കുവാനും അർഹരായ കുട്ടികൾക്ക് ഫീസ് സൗജന്യവും ആനുകൂല്യങ്ങളും നൽകുവാൻ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉറപ്പു വരുത്തണം എന്നും കമ്മീഷൻ ചെയർമാൻ ജോഷ്വ മാർ ഇഗ്നാത്തിയോസ് നിർദ്ദേശിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.