സഭാത്മകമല്ലാത്ത പ്രചാരണങ്ങൾ സഭയുടേതാക്കി മാറ്റുന്നത് അപലപനീയമെന്നു കെസിബിസി

സഭയുടേതല്ലാത്ത പ്രസ്താവനകളെയും പ്രചാരണങ്ങളെയും നിലപാടുകളെയും കേരളാ കത്തോലിക്കാ സഭയുടേത് എന്ന തരത്തിൽ പരാമർശിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നത് അപലപനീയമാണെന്ന് കെസിബിസി. സാമൂഹികവും ഭരണപരവും നീതിന്യായപരവും രാഷ്ട്രീയപരവുമായ ഇടപെടലുകൾ സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയുള്ളതാകണം എന്ന നിർബന്ധം സഭയ്ക്കുണ്ട് എന്ന് കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി പ്രസ്താവനയിൽ വ്യക്തമാക്കി.

സഭാവൃത്തങ്ങളിൽ നിന്നുള്ള എല്ലാ ഇടപെടലുകളും അത് ധ്യാനഗുരുക്കന്മാരുടെയോ ഔദ്യോഗിക പ്രസ്ഥാനങ്ങളുടെയോ അൽമായരുടെയോ ആരുടേതായാലും ക്രിസ്തുവിന്റെ പ്രബോധനങ്ങൾക്കു ഇണങ്ങുന്നതും സഭാത്മകവും യുക്തിഭദ്രവും ആകണം. സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാനും പങ്കുവയ്ക്കുവാനും സ്വാതന്ത്ര്യം ഉണ്ടായിരിക്കെ തന്നെ അത്തരം വെളിപ്പെടുത്തലുകളും പ്രബോധനങ്ങളും സഭയുടെ പ്രബോധനകൾക്കു അനുയുക്തവും അവയ്ക്കു കൂടുതൽ തെളിച്ചം നൽകുന്നതുമാണെന്നു ഉറപ്പുവരുത്തുവാൻ ധ്യാനഗുരുക്കന്മാരും പ്രസംഗകരും എഴുത്തുകാരും തയ്യാറാകണം എന്നും കെസിബിസി ഓർമിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.