മാതാപിതാക്കൾക്കായി കേറ്റ് രാജകുമാരി നൽകുന്ന സുപ്രധാന സന്ദേശം

രാജകീയ ജീവിതത്തിലെ പതിവ് രീതികൾ വിട്ട്, ഇംഗ്ലണ്ടിലെ വില്യം രാജകുമാരന്റെ ഭാര്യ കേറ്റ് മിഡിൽടൺ കുട്ടികൾക്കു വേണ്ടിയുള്ള ഒരു ടെലിവിഷൻ പരിപാടിയിൽ അതിഥിയായി എത്തുകയുണ്ടായി. ഒരു ഔട്ട് ഡോർ ഗെയിംഷോ ആയിരുന്നു അത്. അതിൽ അതിഥിയായിരുന്നുകൊണ്ട് കേറ്റ്, മാതാപിതാക്കളുടെ അറിവിലേയ്ക്കായി ഒരു സന്ദേശവും നൽകുകയുണ്ടായി.

കുട്ടികൾ പുറത്തിറങ്ങി മഴ കൊള്ളേണ്ടതിന്റെയും വെയിൽ കൊള്ളേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചാണ് മൂന്ന് കുട്ടികളുടെ അമ്മ കൂടിയായ കേറ്റ് പറഞ്ഞത്. ക്രിയാശേഷിയും ആത്മവിശ്വാസവും വർദ്ധിക്കാൻ പുറത്തിറങ്ങിയുള്ള കളികളും വിനോദപരിപാടികളും കുഞ്ഞുങ്ങളെ സഹായിക്കും. പ്രകൃതി അവരെ ഒട്ടേറെ കാര്യങ്ങൾ പഠിപ്പിക്കും. ചെറുപ്പത്തിൽ ബുദ്ധിയിൽ പതിയുന്ന കാര്യങ്ങൾ ഒരിക്കലും അവർ മറക്കുകയുമില്ല. വെറും പത്തോ പതിനഞ്ചോ മിനിറ്റ് മാത്രമേ ചെലവഴിച്ചുള്ളു എങ്കിൽപ്പോലും മാനസികവും ബാഹ്യവുമായ മാറ്റം ഉടനടി കാണാൻ സാധിക്കുമെന്നും കേറ്റ് പറഞ്ഞു.

പ്രകൃതിയുമായി ഇണങ്ങിജീവിക്കുന്നതിന് മാതാപിതാക്കളാണ് കുട്ടികൾക്ക് അനുവാദവും പ്രോത്സാഹനവും നൽകേണ്ടതെന്നും കേറ്റ് പറഞ്ഞു. വ്യക്തിപരമായി താനും തികഞ്ഞ പ്രകൃതിസ്നേഹിയാണെന്നും കേറ്റ് വെളിപ്പെടുത്തി.