കെ.എ.എസ് സംവരണം – സുപ്രീം കോടതിയിലെ കേസില്‍ സര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെടണം

കെഎഎസ് (കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ്) 3 സ്‌കീമിലും സംവരണം ഏര്‍പ്പെടുത്തുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഉദ്ദ്യോസ്ഥതലത്തില്‍ അട്ടിമറിക്കാനുള്ള നീക്കത്തില്‍ കേരള ലാറ്റിന്‍ കത്തോലിക്ക അസ്സോസ്സിയേഷന്‍ പ്രതിഷേധം അറിയിച്ചു. ഗസറ്റഡ് റാങ്കിനുതാഴെയുള്ള ഉദ്ദ്യോഗസ്ഥര്‍ക്കുള്ള രണ്ടാം സ്‌കീമിലും, മൂന്നാം സ്‌കീമിലും,സംവരണം ഒഴിവാക്കിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയും, പിന്നീട് 3 സ്‌കീമിലും സംവരണം ഏര്‍പ്പെടുത്തി സംസ്ഥാനസര്‍ക്കാര്‍ ഉത്തരവാകുകയും ചെയ്തിരുന്നു.

ഈ ഉത്തരവ് ചോദ്യം ചെയ്ത് എന്‍എസ്എസ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലും, ഹൈക്കോടതിയിലും നല്‍കിയ ഹര്‍ജികള്‍ തള്ളുകയും, പിന്നീട് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. സുപ്രീം കോടതി ഈ ഹര്‍ജിയില്‍ സര്‍ക്കാരിനോട് എതിര്‍സത്യവാങ്മൂലം നല്കാന്‍ ആവശ്യപ്പെട്ടിട്ടും അത് നല്‍കാത്തതു സംബന്ധിച്ച കാര്യത്തില്‍ ജാഗ്രതക്കുറവ് ഉണ്ടാകരുത്എന്ന് കെഎല്‍സിഎ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

സംവരണവിഷയങ്ങളില്‍പൊതുവെ പിന്നാക്കവിഭാഗങ്ങള്‍ക്ക് സുപ്രീം കോടതിയില്‍ ഹാജരാകാനും, കേസുകള്‍ നടത്താനും സാമ്പത്തികമായും, സാമൂഹികമായും, പൊതുവെ അനുകൂല അവസ്ഥയല്ല. ഈ സാഹചര്യത്തില്‍ പിന്നോക്കവിഭാഗങ്ങള്‍ക്ക് വേണ്ടി ആശ്രയമായി നിലകൊള്ളേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രതയോടുകൂടി പ്രവര്‍ത്തിച്ച് പിന്നോക്കവിഭാഗങ്ങളുടെ സംവരണം നിലനിര്‍ത്താന്‍ നടപടയെടുക്കണം എന്ന് കെഎല്‍സിഎ സംസ്ഥാപ്രസിഡണ്ട് ആന്റണി നൊറോണ, ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.