ബേബിച്ചന്റെ ‘കാരുണ്യട്രസ്റ്റ്’, പാല

ജോസ് ക്ലെമന്റ്

നന്മയുടെ പൂക്കളമൊരുക്കുന്നവര്‍ – 22

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ ഭേദം രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കുന്നതാണ്. ഇതൊരു കേട്ടുപഴകിയ ചൊല്ലാണ്. പക്ഷേ അതിന്റെ യാഥാര്‍ത്ഥ്യം ഇന്നും എന്നും പ്രസക്തമാണ്. ഇന്നത്തെ ജീവിതരീതികളും ആഹാരക്രമങ്ങളുമൊക്കെ നമ്മുടെ കരങ്ങളില്‍ ഭദ്രമല്ലാത്തതിനാല്‍ ആഹരിക്കുന്ന ഭക്ഷ്യവസ്തുക്കളിലെ മായങ്ങളും വിഷാംശങ്ങളുമൊക്കെ ഏതുസമയത്തും നമ്മെ രോഗികളാക്കാം. വ്യതിചലിക്കുന്ന അന്തരീക്ഷ കാലാവസ്ഥയും രോഗങ്ങള്‍ കൊണ്ടുവന്നെത്തിക്കുന്നുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ വികാസം ഏതസുഖത്തെയും കീഴ്‌പ്പെടുത്താന്‍ പര്യാപ്തമാണെന്ന് അഹങ്കരിക്കുന്നുണ്ടെങ്കിലും പൂര്‍ണമായും അതിനെ ശരിവയ്ക്കുന്നില്ല. എന്നാലും നല്ല ചികിത്സാരീതികള്‍ ഇന്ന് ലഭ്യമാണ്. ഇത് നഗരങ്ങളിലും നാട്ടിന്‍ പുറങ്ങളിലുമുള്ളവര്‍ക്ക് പ്രാപ്യം. എന്നാല്‍ ആദിവാസി മേഖലകളിലെ അവസ്ഥ പരിതാപകരമാണ്. ചികത്സയോ മരുന്നോ ഭക്ഷണമോ ലഭ്യമല്ലാതെ എത്രയോ പേര്‍ മരണത്തിന് കീഴ്‌പ്പെടുന്നു. ശിശുമരണങ്ങള്‍ ആദവാസി കുടിലുകളില്‍ പതിവാണ്. ഇവരെയൊക്കെ സംരക്ഷിക്കാനും കരുതാനും ആരുമില്ലാത്ത അവസ്ഥ തുടരുമ്പോഴും നാട്ടില്‍ നിന്നും മലകയറി കാടിറങ്ങിച്ചെന്ന് സംരക്ഷണമേകുന്ന മനുഷ്യര്‍ ഇന്നുമുണ്ട്. ഇതിന്റെ വെളിപ്പെടുത്തലാണ് പാലായിലെ കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റും അതിന്റെ അമരക്കാരന്‍ സെബാസ്റ്റ്യന്‍ ജോസഫും. ഇടമലക്കുടി ആദിവാസി മേഖലയിലെ അനാരോഗ്യകരമായ മാധ്യമവാര്‍ത്തകളാണ് കാരുണ്യചാരിറ്റബിള്‍ ട്രസ്റ്റിനെ ഹൈറേഞ്ചിലേക്കെത്തിച്ചത്. ലക്കംകുടി ആദിവാസി കോളനി ദത്തെടുത്ത് അവരുടെ ആരോഗ്യ പരിരക്ഷ സുരക്ഷിതമാക്കിയപ്പോള്‍ ഈ ലോ റേഞ്ചുകാരും ഹൈ റേഞ്ചുള്ളവരായിത്തീര്‍ന്നു. മരുന്നുകളും ഭക്ഷണവും നല്‍കി കാരുണയുടെ കനിവ് പകരുന്ന കാരുണ്യചാരിറ്റബിള്‍ ട്രസ്റ്റും കാര്യപ്രസക്തമുള്ളതായിത്തീരുന്നു.

വിളമ്പിയും മുറിച്ചും കൊടുത്ത് ഊരുകള്‍ തേടുന്ന ബേബിച്ചന്‍

പുരയിടത്തില്‍ ജോസഫ് സെബാസ്റ്റ്യനെന്ന ബേബിച്ചന്‍ അശരണരായ രോഗികള്‍ക്കിടയില്‍ ഭക്ഷണം വിളമ്പി വിശപ്പകറ്റുന്ന അന്നദാതാവായിരുന്നു കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലം. എന്നാല്‍ ഇപ്പോള്‍ തന്നെതന്നെ മുറിച്ചു കൊടുത്തുകൊണ്ട് ജീവന്റെ തുടിപ്പു പകര്‍ന്ന ജീവദാതാവു കൂടിയായി മാറിയിരിക്കുന്നു. സ്വന്തം വൃക്ക ദാനമായി നല്‍കിയപ്പോള്‍ വിഷ്ണുവെന്ന യുവാവ് കരകയറിയത് രോഗത്തില്‍ നിന്നോ വിശപ്പില്‍ നിന്നോ അല്ല; ജീവിതത്തിലേക്കാണ്.

പാലായിലെ കുഞ്ഞേട്ടനെന്നറിയപ്പെടുന്ന പൂവത്തിങ്കല്‍ കുര്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ 1992 മുതല്‍ പരസ്‌നേഹത്തിന്റെ സുവിശേഷ വാഹകരായിത്തീര്‍ന്നവരാണ് 11 അംഗ കാരുണിക സംഘം. സമൂഹത്തിന് പകര്‍ന്നു നല്‍കാന്‍ ഒത്തിരിയേറെ നന്മ പ്രവര്‍ത്തികളുണ്ട്. പക്ഷേ ഈ കാരുണികര്‍ കണ്ടെത്തിയത് ആഹാരം നല്‍കി സംതൃപ്തമാക്കാനുള്ള വഴികളാണ്. വിശപ്പടക്കുക എന്നതിനപ്പുറം ആരോഗ്യകരമായ ജീവന്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യമാണിവര്‍ക്കുണ്ടായത്. അതിനാലാണ് ആതുരശുശ്രൂഷാകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്നമൂട്ട് തുടങ്ങിയത്. രോഗികളായവര്‍ക്ക് മരുന്നു മാത്രം നല്‍കിയതുകൊണ്ട് കാര്യമില്ല. മരുന്ന് ഫലം പുറപ്പെടുവിക്കണമെങ്കില്‍ ഭക്ഷണം ശരീരത്തിന് അത്യന്താപേക്ഷിതമാണ്. ഈ തിരിച്ചറിവാണ് കാരുണ്യ ചാരിറ്റബിള്‍ പ്രവര്‍ത്തകരെ പാലായിലെ ഹോമിയോ, ആയൂര്‍വേദ ആശുപത്രികളുള്‍പ്പെടെ മൂന്ന് സര്‍ക്കാര്‍ ആശുപത്രികളിലെ നിര്‍ധന രോഗികള്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കാനാരംഭിച്ചത്. ഇതിനായി വാടകയ്ക്ക് ഒരു കെട്ടിടമെടുത്ത് അവിടെ ഭക്ഷണം പാചകം ചെയ്ത് പ്രതിദിനം 60-70 പേര്‍ക്ക് ഭക്ഷണം തയ്യാറാക്കി കൊടുക്കാനാരംഭിച്ചു. കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍ ഇന്ന് പ്രതിദിനം മുന്നൂറ് പേര്‍ക്ക് ഭക്ഷണം നല്‍കുന്ന ഉപവി പ്രവര്‍ത്തനത്തിലെത്തി നില്‍ക്കുകയാണിവര്‍.

നിത്യവും വൈകിട്ട് 5.30 ന് പാലായിലെ മൂന്ന് സര്‍ക്കാര്‍ ആശുപത്രികള്‍ക്കു മുന്നിലും കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഭക്ഷണ വണ്ടികളെത്തും. രാവിലെയും ഉച്ചയ്ക്കുമൊക്കെ രോഗികള്‍ക്ക് ഭക്ഷണം എവിടെ നിന്നെങ്കിലുമൊക്കെ ലഭിച്ചെന്നിരിക്കും. രാത്രിയിലെ അത്താഴം പലപ്പോഴും കിട്ടാക്കനിയാകാറാണ് പതിവ്. അതിനാലാണ് കാരുണ്യ പ്രവര്‍ത്തകര്‍ രാത്രി ഭക്ഷണമെന്ന ആശയം നടപ്പിലാക്കിയത്. ട്രസ്റ്റ് സ്വന്തമാക്കിയ അഞ്ച് സെന്റ് സ്ഥലത്താണ് ഇപ്പോള്‍ കാരുണ്യചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഒരുക്കിയിട്ടുള്ള പാചകശാലയില്‍ വച്ചാണ് ഭക്ഷണമൊരുക്കുന്നത്. ഭക്ഷണത്തിനു പുറമേ ഡോക്ടര്‍മാരുടെ കുറിപ്പടിയുമായി സമീപിക്കുന്ന രോഗികള്‍ക്ക് മരുന്നുകള്‍ വാങ്ങിച്ചു നല്‍കാനുള്ള ക്രമീകരണങ്ങളും ഇവര്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രതിമാസം 60,000/- രൂപയുടെ മരുന്നുകളാണ് ട്രസ്റ്റ് വിതരണം ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ബേബിച്ചന്‍ പറഞ്ഞു.

ബിസിനസുകാരന്‍ എപ്പോഴും കച്ചവടക്കണ്ണുകൊണ്ടാണ് എല്ലാം നിരീക്ഷിക്കുന്നത്. ബേബിച്ചന്‍ പാലാനഗരത്തില്‍ ബിസിനസ് ആരംഭിച്ചിട്ട് 40 വര്‍ഷങ്ങള്‍ പിന്നിട്ടു. പക്ഷേ ബേബിച്ചനിലെ വ്യാപാരി ലാഭക്കണ്ണുകൊണ്ടല്ല കാര്യങ്ങള്‍ നോക്കിക്കാണുന്നത്. അപരന്റെ വേദനകളെ, രോഗങ്ങളെ, വിശപ്പിനെ തന്റേതായിക്കണ്ട് തന്റേതും തനിക്കുള്ളതും വിട്ടു നല്‍കാന്‍ തയ്യാറുള്ള ത്യാഗമനസ്‌ക്കനാണ്. ആ മനസ്സാണ് ആലപ്പുഴ മുഹമ്മ സ്വദേശി വിഷ്ണുവെന്ന ഹൈന്ദവ യുവാവിന്റെ അണയാന്‍ പോയ ജീവിതത്തിന് തിരിതെളിച്ചത്. അവയവദാനം മഹാദാനമാണെന്ന് എത്ര പ്രാവശ്യം വേണമെങ്കിലും നമുക്ക് ആവര്‍ത്തിച്ചുകൊണ്ടിരിക്കാം. കാരണം, നാം അതിന് തയ്യാറാകാത്തതിനാല്‍ മറ്റുള്ളവര്‍ക്ക് പ്രേരണയും പ്രചോദനവും നല്‍കാന്‍ നാം തല്പരരാണ്. എനിക്ക് ഇതൊന്നും ബാധകമല്ലായെന്ന മട്ടിലാണ് നമ്മുടെ വാക്കും പ്രവൃത്തികളും. ബേബിച്ചന്‍ അവയവദാനത്തെക്കുറിച്ച് ഒരു വിളംബരവും നടത്തിയ വ്യക്തിയല്ല. പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വൃക്ക ദാനം നല്‍കിയതോടെയാണ് തന്റെ ജീവന്റെ ഭാഗവും പകുത്തുകൊടുക്കാനുള്ള അഭിനിവേശം ബേബിച്ചനില്‍ നിറയാന്‍ തുടങ്ങിയത്.

ആഴ്ചയില്‍ മൂന്നുദിവസം ഡയാലിസിസിന് വിധേയയായിരുന്ന കൂത്താട്ടുകുളം സ്വദേശിനി ഷിജി സുനോജിനാണ് ബേബിച്ചന്‍ വൃക്ക നല്‍കാന്‍ ആദ്യം സന്നദ്ധനായത്. കാരുണ്യ പ്രവൃത്തിയെന്നത് പറയാനും പ്രചരിപ്പിക്കാനും മാത്രമുള്ളതല്ല. സ്വയം വേദനിച്ച് അതിന് തയ്യാറാകുമ്പോഴാണ് അതിന്റെ മഹത്വം പൂര്‍ണ്ണമാകൂ എന്നു വിശ്വസിക്കുന്ന ബേബിച്ചന്‍ പി.വി.എസ്. ആശുപത്രിയിലെത്തി തന്റെ സ്വന്തം ചിലവില്‍ വൃക്കദാനത്തിന് ഒരുക്കമായ ടെസ്റ്റുകളൊക്കെ നടത്തി. എല്ലാം പരിപൂര്‍ണ വിജയമാണെന്ന് കാണുകയും വൃക്ക സ്വീകരിക്കേണ്ട യുവതിയുടെയും തന്റെയും രക്തഗ്രൂപ്പ് ഒന്നാണെന്നും സ്ഥിരീകരിച്ചതോടെ വൃക്കദാനത്തിന് ബേബിച്ചന്‍ സന്നദ്ധനായി. പക്ഷേ അപ്പോഴേക്കും സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴി മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നതിനാല്‍ ആ വഴിക്ക് ഷിജിക്ക് വൃക്ക ലഭിച്ചു. അങ്ങനെയിരിക്കേയാണ് മുഹമ്മയിലെ കയര്‍ തൊഴിലാളി ഉണിച്ചാന്‍ അശോകന്റെ മകന്‍ ബികോം ബിരുദ വിദ്യാര്‍ത്ഥിയായ വിഷ്ണു വൃക്ക ദാതാവിനെ തേടുന്ന വാര്‍ത്തയറിഞ്ഞത്.

രണ്ടുവയസു മുതല്‍ വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സ തേടിയിരുന്ന വിഷ്ണു 21 വര്‍ഷം തുടര്‍ച്ചയായി ചികിത്സിച്ചിട്ടും ഭേദമായില്ലെന്നു മാത്രമല്ല ഇരുവൃക്കകളും തകരാറിലാകുകയും ട്രാന്‍സ് പ്ലാന്റേഷന്‍ അനിവാര്യമാകുകയും ചെയ്തു. നിര്‍ധന കുടുംബത്തിലെ ഈ യുവാവിന് മറ്റൊരാശ്രയവും ഇല്ലായെന്ന് ബേബിച്ചന്‍ മനസിലാക്കി. കാരണം, വിഷ്ണുവിന്റെ മൂത്ത സഹോദരന്‍ കമലും ഇതുപോലെ വൃക്ക സംബന്ധമായ ചികിത്സയ്ക്കു വിധേയനാകുകയും ഒടുവില്‍ വൃക്ക മാറ്റിവയ്‌ക്കേണ്ട അവസ്ഥ വന്നപ്പോള്‍ സ്വന്തം അമ്മ മോളിയുടെ വൃക്ക നല്‍കിയാണ് കമലിനെ രക്ഷപ്പെടുത്തിയത്. ഈയൊരു ഫ്‌ളാഷ്ബാക്ക് കൂടെ അറിയാനിടയായ ബേബിച്ചന്‍ ഇനി മറ്റൊരു പരിശോധന ആവശ്യമില്ലാത്തതിനാല്‍ ഗ്രൂപ്പുകള്‍ മാച്ചാണെന്ന് ഉറപ്പുവരുത്തി വിഷ്ണുവിന് വൃക്ക നല്‍കാന്‍ സ്വയം സന്നദ്ധനായി. 2017 ജനുവരി 31-ന് കലൂര്‍ പി.വി.എസ്. ആശുപത്രിയില്‍ പ്രവേശിക്കുകയും ഫെബ്രുവരി ഒന്നിന് ശസ്ത്രക്രിയയിലൂടെ വൃക്ക ദാനം നല്‍കുകയും ചെയ്തു. തന്റെ കാരുണ്യ പ്രവൃത്തികള്‍ക്ക് പ്രചോദനവും ഊര്‍ജ്ജവും നിത്യവും മുടങ്ങാതെ താന്‍ പങ്കെടുക്കുന്ന ദിവ്യബലിയിലൂടെയാണ് ലഭിക്കുന്നതെന്ന് ബേബിച്ചന്‍ പറയുന്നു. സഹധര്‍മ്മിണി ജോളിയുടെ പ്രാര്‍ത്ഥനകളും മൂന്നുമക്കളുടെ പ്രോത്സാഹനവും കാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ബേബിച്ചന് കൂടുതല്‍ കരുത്തും പ്രേരണയും നല്‍കുകയാണ്.

ബേബിച്ചന്റെ കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ് കോട്ടയം ജില്ലയിലോ പാലായിലോ മാത്രം ഒതുക്കി നിര്‍ത്തിക്കൊണ്ടുള്ള കാരുണ്യ പ്രവര്‍ത്തനങ്ങളല്ല നിര്‍വ്വഹിക്കുന്നത്. മലയോരമേഖലയിലേക്കും അവിടെ നിന്ന് ആദിവാസി ഊരുകളിലേക്കും ഈ കാരുണ്യസംഘത്തിന്റെ കടാക്ഷമേല്‍ക്കുന്നുണ്ട്. അതാണ് പാലായില്‍ നിന്നും അന്നംവണ്ടി മൂന്നാറിലെ ഇടമലക്കുടിയിലെത്തിയത്.

ഇടമലക്കുടി ആദിവാസമേഖലയിലെ ദയനീയസ്ഥിതികള്‍ വാര്‍ത്തയായി പുറത്തുവന്നപ്പോഴാണ് കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ് കിഴതടിയൂര്‍ സഹകരണ ബാങ്കുമായി സഹകരിച്ച് ഇടമലക്കുടി ആദിവാസികള്‍ക്കായി മൂവായിരം കിലോ അരിയും 2500 ജോഡി വസ്ത്രങ്ങളും അവശ്യമരുന്നുകളുമായി മലകയറി കാടിറങ്ങിയത്. ഇവിടത്തെ ആദിവാസികള്‍ പട്ടിണിയും രോഗങ്ങളും മൂലം അവശതയനുഭവിക്കുന്നുവെന്ന വാര്‍ത്തകളാണ് ജീവകാരുണ്യത്തിന്റെ സഹായഹസ്തങ്ങളുമായി ബേബിച്ചനേയും കൂട്ടരേയും ഹൈറേഞ്ചിലേക്കാനയിച്ചത്. രണ്ട് പിക്കപ്പ് വാനുകളിലാണ് ഇവര്‍ ഇടമലക്കുടിയില്‍ അരിയും വസ്ത്രങ്ങളും മരുന്നുകളുമായി എത്തിയത്. 12 കുടികളില്‍ നിന്നായി സ്ത്രീകളും പുരുഷന്മാരുമുള്‍പ്പെടെ നൂറോളം പേര്‍ സഹായങ്ങള്‍ സ്വീകരിച്ചു. ഈയൊരു ഒറ്റത്തവണ സഹായം കൊണ്ട് ബേബിച്ചന്റെയും സംഘത്തിന്റെയും കാരുണ്യ പ്രവര്‍ത്തികള്‍ അവിടെ അവസാനിപ്പിച്ചില്ല. ഇതൊരു തുടര്‍ സഹായ പദ്ധതിയാക്കുന്നതിനായി ഏറ്റവും കൂടുതല്‍ ദാരിദ്ര്യം അനുഭവിക്കുന്ന ലക്കംകുടി ആദിവാസി മേഖലയെ ഇവര്‍ ദത്തെടുത്തു. 64 വീടുകളുള്ള ഈ കുടിയിലെ മുഴുവന്‍ പേരുടെയും ആരോഗ്യകാര്യങ്ങള്‍ക്കുള്ള പരിരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. മാസത്തിലെ അവസാന വെള്ളിയാഴ്ചകളില്‍ ലക്കംകുടിയിലെത്തി മൂന്നാറിലെ അരുണ്‍ ഹോസ്പിറ്റലിലെ ഡോ. ജാനറ്റിന്റെ സഹകരണത്തോടെ പരിശോധനകളും രോഗനിര്‍ണ്ണയവും നടത്തി മരുന്നുകളും ഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്. കോലഞ്ചേരി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സഹകരണത്തോടെ ഇവിടെ മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കാറുണ്ട്.

കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍ധനരായ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ചെലവുകളും ഏറ്റെടുത്തു നടത്തുന്നുണ്ടെന്ന് ബേബിച്ചന്‍ പറഞ്ഞു. പഠിക്കാന്‍ മിടുക്കരും മിടുക്കികളുമായവരെ പഠനകാര്യങ്ങള്‍ക്കായി ദത്തെടുത്ത് അവരുടെ ഭാവിശോഭനമാക്കുന്നതിലും ജാഗരൂകരാണിവര്‍. നിരവധി നഴ്‌സിംഗ്-പഠന വിദ്യാര്‍ത്ഥികള്‍ക്ക് ഇതൊരു വലിയ സഹായമായിമാറിയിട്ടുണ്ട്. പാലാ മരിയാസദസിലെ മൂന്നു കുട്ടികളെ ദത്തെടുത്ത് ബി.എസ്.സി. നഴ്‌സിംഗ് പഠന ചെലവുകള്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നുണ്ട്.

സ്വയം ദാനത്തിലൂടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മുഖം നല്‍കുന്ന സെബാസ്റ്റ്യന്‍ ജോസഫ് (ബേബിച്ചന്‍) പാലായില്‍ പലരില്‍ ഒരാളല്ല. പലര്‍ക്കും പരസഹായത്തിന്റെ ഒരാളായി മാറുകയാണ്.

സെബാസ്റ്റ്യന്‍ ജോസഫ് (ബേബിച്ചന്‍)
കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ്
പുത്തന്‍പള്ളി റോഡ്, പാലാ
മൊബൈല്‍ : 9249219560

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.