കാര്‍ട്ട് – വേദിക് അക്കാദമി ദ്വിദിന സിവില്‍ സര്‍വ്വീസ് & കരിയര്‍ അവബോധ സെമിനാര്‍ മെയ് 14, 15 തീയതികളില്‍ കോട്ടയത്ത്

യുവതീയുവാക്കള്‍ക്ക് മൂല്യാധിഷ്ഠിത ജീവിതദര്‍ശന പരിശീലനത്തോടൊപ്പം ഉന്നത മത്സരപരീക്ഷകള്‍ക്ക് യോഗ്യരാകുന്നതിന് അവസൊരമൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയില്‍ രൂപീകരിച്ചിരിക്കുന്ന ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിംഗും (KART) വേദിക് ഐ.എ.എസ് അക്കാദമിയും സംയുക്തമായി ദ്വിദിന സിവില്‍ സര്‍വ്വീസ് കരിയര്‍ അവബോധ സെമിനാര്‍ സംഘടിപ്പിക്കുന്നു. കോട്ടയം ബി.സി.എം കോളേജ് ഓഡിറ്റോറിയത്തില്‍ മെയ് 14, 15 തീയതികളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

സിവില്‍ സര്‍വ്വീസില്‍ സേവനമനുഷ്ഠിച്ച പ്രശസ്തരായ വ്യക്തികളും അനുബന്ധ മേഖലയില്‍ പ്രാവീണ്യമുള്ള വിദഗ്ദ്ധരുമാണ് സെമിനാറില്‍ ക്ലാസ്സ് നയിക്കുന്നത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടുന്നതിനുള്ള എളുപ്പവഴികള്‍, 10-നും 12-നും ശേഷമുള്ള ഉപരിപഠന സാധ്യതകള്‍, ഇന്ത്യയിലും വിദേശത്തും ലഭ്യമായ വിവിധ തൊഴിലവസരങ്ങള്‍, വിദേശ വിദ്യാഭ്യാസ അവസരങ്ങള്‍, വിസാ നിയമങ്ങള്‍, ഇന്ത്യയിലും വിദേശത്തും ലഭ്യമായ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, വ്യക്തിത്വ വികസനം, ആശയവിനിമയചാതുര്യം തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും.

മുന്‍ ഹരിയാന ചീഫ് സെക്രട്ടറി ഡോ. ജി. പ്രസന്നകുമാര്‍ ഐഎഎസ്, മുന്‍ കേരളാ ഡിജിപി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസ്, എംജി, കണ്ണൂര്‍ സര്‍വ്വകലാശാലകളുടെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, ശ്രീ. ജെയിംസ് മറ്റം, ഡോ. സോളമന്‍ ജോണ്‍, മിസ്. സോബിത തോമസ്, മിസ്. ശില്പ ശശിധരന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും.

മെയ് 14-ന് രാവിലെ 10.30-ന് ആര്‍ച്ചുബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട് അദ്ധ്യക്ഷത വഹിക്കും. ഡോ. ബാബു സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും.

15-ന് വൈകിട്ട് 4-ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ MLA അദ്ധ്യക്ഷത വഹിക്കും. സഹകരണ വകുപ്പ് മന്ത്രി ശ്രീ. വി.എന്‍ വാസവന്‍ മുഖ്യാതിഥി ആയിരിക്കും. ഡോ. അലക്‌സാണ്ടര്‍ ജേക്കബ് IPS മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസ്സുകളിലും കോളേജിലും പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സെമിനാറില്‍ പങ്കെടുക്കാം.

വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി 9778631221, 9778639287 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഡയറക്ടര്‍, കാര്‍ട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.