സിവില്‍ സര്‍വ്വീസ്‌ യോഗ്യതാ പരിശീലന കോഴ്‌സിന്‌ 47 കുട്ടികള്‍ക്കു വഴിയൊരുക്കി കാര്‍ട്ട്‌

ക്‌നാനായ സമുദായത്തിലെ യുവജനങ്ങളുടെയും കുട്ടികളുടെയും സര്‍വ്വതോന്മുഖമായ വളര്‍ച്ച ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച്‌ & ട്രെയിനിംഗിന്റെ നേതൃത്വത്തില്‍ 47 കുട്ടികള്‍ക്കു സിവില്‍ സര്‍വ്വീസ്‌ യോഗ്യതാ പരിശീലന കോഴ്‌സ്‌ പരിശീലനത്തിനു വഴിയൊരുക്കി.

സിവില്‍ സര്‍വ്വീസ്‌ കോഴ്‌സിനും ഉന്നത മത്സരപരീക്ഷകള്‍ക്കു യോഗ്യത നേടുന്നതിനും സഹായിക്കുന്ന ദീര്‍ഘകാല കോഴ്‌സിനു താല്‍പര്യമുള്ള കുട്ടികളെ കണ്ടെത്തി പ്രാഥമിക പരിശീലനം നല്‍കുവാന്‍, കഴിഞ്ഞ ആറു മാസക്കാലമായി കാര്‍ട്ട്‌ ക്രമീകരണങ്ങളൊരുക്കിയിരുന്നു. വിവിധ അവബോധ ക്ലാസ്സുകളുടെയും മാതാപിതാക്കളോടൊരുമിച്ചുള്ള സൂം മീറ്റിംഗുകളുടെയും തുടര്‍ച്ചയായി വേദിക്‌ ഐ.എ.എസ്‌ അക്കാദമിയുടെ സഹകരണത്തോടെ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന സിവില്‍ സര്‍വ്വീസ്‌ ഫൗണ്ടേഷന്‍ കോഴ്‌സ്‌ രണ്ടാംഘട്ടമായി കുട്ടികള്‍ക്കു സൗജന്യമായി ലഭ്യമാക്കി.

ഫൗണ്ടേഷന്‍ കോഴ്‌സില്‍ പങ്കെടുത്ത്‌ തുടര്‍പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യവും തീരുമാനവുമെടുത്ത കുട്ടികള്‍ക്കായി മാതാപിതാക്കളോടൊത്തു സംഘടിപ്പിച്ച ഓണ്‍ലൈന്‍ യോഗത്തിന്റെ തുടര്‍ച്ചയായി കുട്ടികള്‍ വേദിക്‌ ഐ.എ.എസ്‌ അക്കാദമിയില്‍ രജിസ്റ്റര്‍ ചെയ്‌തു അഡ്‌മിഷന്‍ നേടുകയും ചെയ്‌തു. ഇപ്രകാരം രജിസ്റ്റര്‍ ചെയ്‌ത 47 കുട്ടികളാണ്‌ തുടര്‍ന്ന്‌ വേദിക്‌ അക്കാദമിയിലൂടെ പരിശീലനം നേടുന്നത്‌.

രജിസ്റ്റര്‍ ചെയ്‌തു പരിശീലനം ആരംഭിച്ച കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും കാര്‍ട്ട്‌ എക്‌സിക്യൂട്ടീവ്‌ മെമ്പേഴ്‌സിനും കാര്‍ട്ട്‌ മെന്റേഴ്‌സിനുമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംഗമത്തില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ കുട്ടികള്‍ക്ക്‌ സന്ദേശം നല്‍കുകയും അനുഗ്രഹപ്രാര്‍ത്ഥന നടത്തുകയും ചെയ്‌തു.

കാര്‍ട്ട്‌ ഡയറക്‌ടറും വികാരി ജനറാളുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌, അക്കാദമിക്‌ ഡയറക്‌ടര്‍ ഡോ. ജോസ്‌ ജെയിംസ്‌, കാര്‍ട്ട്‌ എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ പ്രൊഫ. ടി.എം. ജോസഫ്‌, ഫാ. ജോയി കട്ടിയാങ്കല്‍, സിസ്റ്റര്‍ ലീസാ എസ്‌.വി.എം, ഫാ.മാത്യു കുര്യത്തറ, ഡോ. അജിത്‌ ജെയിംസ്‌ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.