കപ്യാർ

ജിതിൻ ജോസ് കാളൻ സി. എം. ഐ.

“ദൈവമേ എന്നെ അത്രയ്ക്ക് വിശ്വാസമില്ലാത്തതുകൊണ്ടല്ലേ  ഒരു നിഴലിനെ നീ ഒപ്പം വിട്ടത്.” (അവിശ്വാസം- വീരാൻകുട്ടി)

അനുദിനം പൊരുതി  ജയിക്കുന്നവന്റെ കളിക്കളമായിക്കൊ ണ്ടിരിക്കുകയാണ് ഈ കൊച്ചുഭൂമി. ജോലിക്കുവേണ്ടിയുള്ള  ഇന്റെർവ്യുവിൽ അർത്ഥിയോടുള്ള ചോദ്യം- അഞ്ചു വർഷത്തിനു ശേഷം നീ എവിടെ ആയിരിക്കും?  അതിനു കമ്പനിയുടെ മേലാളനു കിട്ടിയ മറുപടി, ഞാൻ താങ്കളുടെ കസേരയിലിരിക്കുന്നതായിട്ടാണ് എന്നെ കാണുന്നത്. ഫലിതമാണെങ്കിലും ചില കഴമ്പുള്ള ചിന്തകൾ ഈ ഉത്തരം പങ്ക് വയ്ക്കുന്നുണ്ട് . അവസാന വണ്ടി കാത്തിരിക്കുന്നവരുടെ എണ്ണം നന്നേ  കുറഞ്ഞു. തള്ളിക്കയറി  തട്ടകമുറപ്പിക്കുന്നവർക്കാണ് ഇന്നത്തെ കമ്പോളത്തിൽ വിലയുള്ളത്. ഒടുവിൽ വന്നവന് തുല്യ വീതം കൊടുക്കാൻ ക്രിസ്തു വീണ്ടും വരണമോ?

കാലത്തിന്റെ കാമനകളിൽ കരുപ്പിടിപ്പിക്കാൻ ഒത്തിരി  അവസരങ്ങളുണ്ടായിട്ടും അങ്ങനെ കുറച്ചു പേർ, കപ്യാർ എന്ന വിളിപ്പേരിൽ. ദേ ഇപ്പം കൈമാറിയതേയുള്ളു, ആശ്രമത്തിന്റെ  കപ്പേളപ്പള്ളിയിലെ ഇൻവെൻട്രി, കൂട്ടത്തിലെ ശെമ്മാച്ചന്. ഏകദേശം നാലുമാസകാലത്തോളം ചെറിയ രീതിയിലുണ്ടായിരുന്ന ചാപ്പലിന്റെ കപ്യാര് പണിയൊഴിയുമ്പോൾ മനസ്സിലാവുന്നുണ്ട് ദേവാലയ  ശുശ്രുഷി എന്ന തൊഴിലിന്റെ മഹത്വം. അതെ ഈ  വേലയൊരു പുസ്തകം പോലെ വായിച്ചെടുക്കണം എന്നിട്ട് കിട്ടിയ വെളിച്ചത്തിന്റെ ഉള്ളടരുളകളെ തനിച്ചാവുമ്പോൾ മുട്ടിൽ നിന്ന് പ്രാർത്ഥനപോലെ ഓർമ്മിച്ചെടുക്കണം. പുരോഹിത വർഷത്തിലെ (2009) സി. ശോഭ  സി. എസ്. എന്റെ വരികളാണ് സ്‌മൃതിപഥത്തിൽ കൈവളചാർത്തുന്നത്. പട്ടക്കാരനുള്ള വാഴ്ത്തായിരുന്നെങ്കിലും ദേവാലയ ശുശ്രുഷിക്കും ചേരുമത്. “ഒരുവന്റെ  ജനനം മുതൽ മരണം വരെ അനുയാത്ര ചെയ്യുന്നൊരാൾ.” എവിടെയോ വായിച്ചതോർക്കുന്നു- ‘അമ്മ നിഴലാണെന്ന്.’  അമ്മ മാത്രമല്ല നമ്മുടെ പളളിലേ കപ്യാരു ചേട്ടനും നിഴലാണ്. സംശയമുണ്ടേൽ  വികാരിയച്ചനോടൊന്നു ചോദിക്കണം. എന്നിട്ടും സന്ദേഹം  മാറിയില്ലെങ്കിൽ വീരാൻ കുട്ടിയുടെ ആരംഭത്തിലെ കവിതാ ശലകങ്ങളെ പലയാവർത്തിയുരുവിട്ടാൽ മതി.

ഇതാ നിനക്ക് മുമ്പേ ഞാൻ എന്റെ ദൂതനെ അയക്കുമെന്ന (മാർക്ക് 1: 2) സുവിശേഷം വാസ്തവമാകുന്നു, പള്ളിസൂക്ഷിപ്പുകാരനെ ധ്യാനിക്കുമ്പോൾ. വെളുപ്പിനേയുള്ള ദേവാലയ മണിയുടെ സ്വരം വ്യക്തമാക്കുന്നുണ്ടത് . നിദ്രയുടെ ആലസ്യത്തിൽ നിന്നും വെളിച്ചത്തിന്റെ അരുണിമയിലേക്കുള്ള പച്ചക്കൊടി  ലോകത്തിനു നേരെ വീശുന്നത്  കപ്യാരേട്ടൻ അടിക്കുന്ന പള്ളിമണിയോടുകൂടിയാണ്. ആ ദൗത്യം ലോകത്തെ ഉണർത്തുക നിസ്സാരമായിട്ടു തള്ളിക്കളയാൻ പറ്റില്ല. നിശ്ചിതമായ ഇടവേളയ്ക്ക് ശേഷം അടിച്ചിരുന്ന ദേവാലയ മണിയായിരുന്നു പണ്ട് പല കാര്യാലയങ്ങളുടെയും നാഴിക മണി. ജീവിതം ഒരു ഉണർത്തുമണിയാക്കണം എന്നതായിരിക്കും ഈ പള്ളി ശുശ്രുഷി നമുക്കു മുമ്പിൽ വച്ച് നീട്ടുന്ന ആദ്യ ചിന്ത. നിദ്ര പലതിനെയും സൂചിപ്പിക്കുന്നുണ്ട്. കൂടുതലും ഇണങ്ങുക ഒരേ അവസ്ഥയിൽ ഒത്തിരി നേരം  ആയിരിക്കാൻ ഇഷ്ടപ്പെടുന്നതിനെയാണ്. ജായ്‌റോസിന്റെ  മകളെ മരണത്തിൽ  നിന്നും ഉയിർപ്പിക്കുന്ന ക്രിസ്തുവിനെ മനസ്സിരുത്തി വായിക്കുമ്പോൾ മനസ്സിലാകുന്നില്ലേ? “അവൻ അവിടെ ബഹളം വച്ചവരോട് പറഞ്ഞു, കുട്ടി മരിച്ചിട്ടില്ല ഉറങ്ങുകയാണ്. ” (മാർക്ക് 5:39) പലരും നിദ്രയിലായിരിക്കുന്ന ഈ വാഴ്വിൽ മാറ്റത്തിന്റെ മണിമുഴക്കം കേൾപ്പിക്കാനാകുമോ എൻറെ  ജീവിതം കൊണ്ട് ? നീ ആയിരിക്കേണ്ട സ്ഥിതി വിശേഷം ഇതല്ല എന്ന് അപരനോട് മൊഴിയാൻ കെല്പുണ്ടെങ്കിൽ തീർച്ചയായും സി.  എഫ്. ജോൺ, യൂസഫ് അറയ്ക്കൽ എന്ന ചിത്രകാരനെക്കുറിച്ച് പറയുന്നത് നമുക്കും ഇണങ്ങും, ” തന്നെ അടുത്തറിഞ്ഞ  എല്ലാവരുമായും നേരും, നെറിവും കൊണ്ട് വല്ലാത്തൊരു സമവാക്യം സൃഷ്ടിച്ച  മനുഷ്യൻ.”

പ്രഭാതത്തിലേക്കുള്ള പച്ചകൊടി  മാത്രമായിരുന്നില്ല പള്ളിമണി, കേൾക്കാനും, കാണാനും  നല്ലതല്ലാത്ത  സംഭവങ്ങൾക്കുമീതെയുള്ള ചുവപ്പു പതാകയുമായിരുന്നത്. അപകടങ്ങളോ, അപായങ്ങളോ മണക്കുമ്പോൾ  പള്ളി മണി അടിച്ചിരുന്നു ജനങ്ങളെ അറിയിക്കാൻ. ഉവ്വ് അങ്ങനെയുള്ള മണിനാദം എന്റെ  ദേശക്കാർക്ക്‌ (തുരുത്തിപ്പറമ്പ്) അന്യമല്ല.  2004 ലെ  തിരുവോണനാളിന്റെ പ്രഭാതത്തിൽ ഞങ്ങളുടെ ഗ്രാമത്തിലെ ദേവാലയനാഴിക മുഴങ്ങിയത്, പള്ളിമേടയിലെ പാതിരിയുടെ നിണത്തിൽ മുങ്ങിയ പിണത്തെ കാണാനായിരുന്നു. ഓർക്കുന്നുണ്ടാവുമെന്നു കരുതുന്നു ഫാ. ജോബ് ചിറ്റിലപ്പിള്ളിയെ- ചില മത ഭ്രാന്തന്മാരാൽ ക്രൂരമായി  കൊലചെയ്യപ്പെട്ട ആ വൈദികനെ. അസ്വസ്ഥതകളെ ഓർമ്മപെടുത്തുന്നതിനും ഈ കപ്യാർ തന്നെയാണ് മണികൊട്ടുന്നത്. അപ്പോൾ ജീവിതമെന്ന ഹൈവേയിലെ പച്ച സിഗ്നൽ മാത്രമല്ല  ഈ പള്ളികാരൻ. തെളിക്കാറു അനർത്ഥങ്ങളുടെ  താക്കിതായ  ചുവപ്പുംകൂടി  മിന്നിക്കാറുണ്ട് ഇയാൾ. ഒന്നോർക്കണം മലയാളക്കരയുടെ പോക്ക് ഹരിത വർണ്ണത്തിന്റെ സിഗ്‌നൽ കിട്ടിയ വാഹനത്തിന്റെ പോലൊന്നുമല്ല. പണ്ട് പറഞ്ഞിരുന്നു വൈദികന്റെ വലതു കൈയിൽ വേദവും, ഇടതു കൈയിൽ വർത്തമാന പത്രവും വേണമെന്ന് . ഒരു സത്യം പറയട്ടെ കുറച്ചു നാളായിട്ടു  പത്രമെന്നത് ഞാൻ മറിച്ച് നോക്കാറില്ല. കാരണം കണ്ണിനും, കാതിനും ഇമ്പമുള്ളതൊന്നും അത് വിളമ്പാറില്ല. ഒത്തിരി അസ്വസ്ഥതകളുടെ എൻസൈക്ളോപിടിയാണത്. ഇല്ലന്നെ നമ്മളിപ്പോഴും പച്ച വെളിചം വീഴാത്തപ്പോഴും കുത്തികയറി പോകുന്ന യാത്രക്കാർ . തെളിവാണത് ചുറ്റുപാടുമുള്ള  വിമ്മിട്ടങ്ങൾ  സമ്മാനിക്കുന്നതിനു. കന്നത്തരങ്ങളും, കുറുമ്പുകളും കാണുമ്പോൾ  ചുവപ്പ് കാണിക്കാനുള്ള ദൗത്യം കൂടി ഈ കപ്യാരേട്ടൻ നമുക്ക് മുമ്പിൽ വച്ച് നീട്ടുന്നുണ്ട്. നിളകളെല്ലാം കരയുകയാണെന്നു വായിച്ചിരുന്നു.  എന്നിട്ട് നമ്മിൽ എത്ര ആർ തീരുമാനിച്ചു ജലത്തിന്റെ ഉപയോഗവും, പ്രകൃതിയോടുള്ള ക്രൂരകൃത്യവും കുറയ്ക്കുമെന്ന്. ജിഷ്ണു പ്രണോയ്  മരിച്ചിട്ട്  എത്രപേർ ആ പയ്യന്റെ കുടുംബത്തോടൊപ്പം കരഞ്ഞു? ഒന്നും വേണ്ട എത്ര വിദ്യാലയങ്ങൾ ആ വിദ്യാർത്ഥിയുടെ നിര്യാണം മൗനമായി ആചരിച്ചു?  എത്ര കലാലയ. വിദ്യാലയ മാനേജ്‌മെൻറ്  ഫാക്കൽറ്റി യോഗം ചേർന്നു തങ്ങളുടെ സിലബസിനെ വിശകലനം ചെയ്യാൻ.  ചില ബാല്യങ്ങളും, കൗമാരങ്ങളും കാമവെറിപൂത്ത കഴുകന്മാരുടെ നഖത്തിന് ഇരയാവുമ്പോൾ എത്രപേർ സംഘം ചേരുന്നുണ്ട് അവർക്കെതിരെ? വല്ലപ്പോഴുമൊക്കെ ജീവിതകൊണ്ട് ചുവപ്പു നിറംകൊണ്ടുള്ള  വെട്ടം  കാണുന്നതും കാണിക്കുന്നതും  നല്ലതാണ്. അല്ലെങ്കിൽ സ്റ്റീവ്  ജോബ്സ് നമ്മെ കൊഞ്ഞനം കാട്ടും “Material things lost can be found. But one thing you can never find when you lose life,” എന്ന് പറഞ്ഞ്. ശേത വർണമുള്ള വിളക്കകാത്തതിനും, കാണാത്തതിനും. ഇനി അങ്ങനെയാണെങ്കിൽ ആ മരയാശാരി മൊഴിയും ദേ മലയിൽ ഉയർത്തപ്പെട്ട നഗരം കണക്കൊരാൾ.

ആങ് സാൻ സ്യുച്ചിയെ  വായിക്കുകയായിരുന്നു  കഴിഞ്ഞ ദിവസങ്ങളിൽ. ‘സന്ദർശനമെന്ന പുകിൽ’ എന്നൊരു അദ്ധ്യായമുണ്ട് അവരുടെ ബർമ്മയിൽ നിന്നുള്ള കത്തുകളിൽ. ബർമയിലെ അതിഥി  സത്ക്കാരത്തിന്റെ മഹാത്മ്യത്തെകുറിക്കുന്ന വരികളാണത്. ” വയറുനിറയെ ആഹാരവും , മനസ്സ് നിറയെ ആനന്ദവുമായി കിടന്നുറങ്ങുന്നവരുടെ മേൽ പതിയെ വെണ്ണിലാവ് ഉദിച്ചുയരും.” ആ പാഠത്തിലെ  പലയാവർത്തി വായിച്ചിരുന്ന വാക്യങ്ങളായിരുന്നു.  ഒരുമയോടും ഒരുക്കത്തോടും വിരുന്നുകാരനെ സ്വീകരിക്കുമ്പോൾ  അത്ഥിക്കുണ്ടാവുന്ന അനുഭവമാണിത്. ഈ കൊച്ച് ജീവിത കാലയളവിൽ പരിചയപ്പെട്ട പലരും പറഞ്ഞിട്ടുണ്ട് കുർബ്ബാന അനുദിന ജീവിതത്തിന്റെ ഭാഗമാണെന്നു.

ഒരു പ്രത്യേക റോൾ ഉണ്ട് നമ്മുടെ കപ്യാർക്ക്, ക്രിസ്തുവിന്റെ അർപ്പണത്തെ ദേവാലയാങ്കണത്തിൽ ഓർമിച്ചെടുക്കുമ്പോൾ. വൃത്തിയായും, വ്യക്തമായും ഒരുക്കിയ അൾത്താരയും പരിസരങ്ങളും.  സങ്കിർത്തി  മുതൽ ആനവാതിൽ വരെയാണ് ആ അതിര്. ഒരുക്കത്തിൻറെ  ആത്മീയതയാണ് അൾത്താര ശുശ്രുഷിയെന്ന കഥാപാത്രം നമ്മുടെ മുമ്പിൽ വയ്ക്കുന്ന രണ്ടാമത്തെ വെല്ലുവിളി. എല്ലാം അർഹതപ്പെട്ടതെന്നു കരുതുന്ന കാലത്തിൽ കാര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ ചില തയാറെടുപ്പുകൾ അനിവാര്യമാന്നെന്നു തോന്നുന്നു. അത് നിങ്ങളുടെ കൂട്ട  വ്യാപാരങ്ങളിലെ സംഘങ്ങളിലാണെങ്കിലും, സ്വഗൃഹത്തിലെ സായന്തനങ്ങളിലാണെങ്കിലും, സഹശയനത്തിലാണെങ്കിലും സമം തന്നെ. മുപ്പത്തിമൂന്ന് വയസ്സുള്ള ആ ചെറുപ്പക്കാരൻ  മുടങ്ങാതെ അയാളെ പകുത്തു നൽകുമ്പോൾ ആ വിരുന്നു ശാലയിലേക്ക് നമ്മൾ പോകുന്നത് വിശുദ്ധിയും വ്യക്തവുമായ വസ്ത്രം അണിഞ്ഞാണോ? അമ്മച്ചിമാരുടെ കസവോ, കനകമോ അപ്പച്ചന്മാരുടെ കാറോ, കീശനിറയെ കാശോ  അല്ല ഉദ്ദേശിച്ചത്. ചങ്കിലെ ചോരയാൽ  പ്രാണനിൽ എഴുതിയ നേരിന്റെ സ്നേഹത്തെ  ഉൾകൊള്ളാൻ എത്ര ഒരുങ്ങിയാലും മതിയാവില്ല. ഈ പള്ളി ശുശ്രുഷി നമ്മെ നിർബന്ധിക്കും ആ വിവേകമതികളായ അഞ്ചു കന്യകമാരുടെ ഉപമ വായിച്ചിട്ടു വേണം ഇനി ഓരോ പ്രാവശ്യവും ബലി പീഠത്തെ സമീപിക്കാൻ.

സ്വന്തം വികാരിയച്ചന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു കുറെയേറെ സഹിച്ചൊരു കപ്യാരെ അറിയാം. പോലിസിന്റെ മൂന്നാം മുറയുടെ ജീവിക്കുന്ന രക്‌തസാക്ഷിയാണയാൾ. അക്രമങ്ങളുടെ ആതിഥ്യം കാരണം കുറച്ചു കാലത്തേക്കെങ്കിലും പൈത്യം വിരുന്നുണ്ണാനെത്തി. ആ കാലഘട്ടങ്ങളിലെ പ്രഭാതങ്ങളിൽ തന്റെ അമ്മയോട് ആ ദിനങ്ങളിലെ  ജ്ഞാനസ്നാനം സ്വികരിച്ചവരുടെ പേരുകളും, മരിച്ചവരുടെ ആണ്ടുകളും, വിവാഹ വർഷികങ്ങളും കൃത്യമായി പറയുമായിരുന്നത്രെ ആ മനുഷ്യൻ. മനസ്സൊന്ന് പതറിയപ്പോഴും കാര്യങ്ങളെ അക്കമിട്ട് പറയുന്ന ഈ കപ്യാരേട്ടൻ പഴയനിയമത്തിലെ കായേനെ തിരുത്തിയെഴുതും. അതെ ഞാൻ എന്റെ സഹോദരന്റെ കാവൽക്കാരൻ തന്നെ. സഹോദരന്റെയോ, സുഹൃത്തിന്റെയോ സൂക്ഷിപ്പുകാരനാകാൻ സസൂക്ഷ്മമുള്ള കണക്കു  നിരീക്ഷണത്തിലുണ്ടായിരിക്കണം അവനെക്കുറിച്ച്. മൂന്നാമതായി കപ്യാർ  അയാളെ  ആവർത്തിക്കാൻ ക്ഷണിക്കുക, ബന്ധങ്ങളെ കുറേകൂടി ആഴപ്പെടുത്താനുള്ള ഓര്മപ്പെടുത്തലുമായിട്ടാണ്. എല്ലാ  ഇണക്കങ്ങളുടെയും തീവ്രത അളക്കാനുള്ള ഏകകം പരസ്പരമുള്ള അറിവാണ്. ചുരുക്കി പറഞ്ഞാൽ അപരനെക്കുറിച്ചുള്ള  നല്ല കാര്യങ്ങളുടെ ഡാറ്റാ സൂക്ഷിക്കുന്ന മെമ്മറി കാർഡാവുക. ഈശോയും നഥാനിയേലും  തമ്മിലുള്ള കൊച്ചു വർത്തമാനം ഒന്ന് നിരീക്ഷിക്കുക. ഇതാ നിഷ്‌കപടനായ ഇസ്രായേൽ എന്ന് നഥാനിയേലിനെ നോക്കി ക്രിസ്തു മൊഴിയുമ്പോൾ, അയാൾ ചോദിക്കുന്നുണ്ട്, നീ എന്നെ  എങ്ങനെ അറിയുന്നു? പീലിപ്പോസ് നിന്നെ വിളിക്കുന്നതിന് മുമ്പ് നീ അത്തിമരത്തിന്റെ ചുവട്ടിലിരിക്കുമ്പോൾ നിന്നെ കണ്ടു എന്നാണ് ക്രിസ്തുവിന്റെ മറുപടി. അത്തിമരം യഹൂദർക്ക്  ബുദ്ധന്റെ  ആൽ കണക്കാണ്. ഒരാളുടെ നന്മയെ  സ്വികരിക്കാൻ  മാത്രം വലിപ്പമുള്ള ചങ്കിൽ നിന്നാണ് അയൽക്കാരനോടുള്ള സ്നേഹം നുരഞ്ഞു പൊന്തുന്നത്.

ഒരു കപ്യാരായിരുന്നു സുവിശേഷത്തിലെ ക്രിസ്തു എന്ന് പറയുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ടാവില്ല എന്ന് കരുതുന്നു. കുരുടനും, കുഷ്ഠരോഗിക്കും, കുലടയ്ക്കും ജീവിതത്തെക്കുറിച്ചുള്ള നല്ല   പച്ചക്കൊടി വീശിയതവനായിരുന്നു. അമിതമായ ആചാരാനുഷ്ടാനങ്ങൾക്കും, നിയമജ്ഞരുടെ പുളിമാവിനും, പൊങ്ങച്ചത്തിനും മീതെ ആപത്തിന്റെ ചുവന്ന പതാകയായി  നിലകൊണ്ടതവനായിരുന്നു. ഇത് നിനക്കായ് എന്ന് അരുളി ചെയ്ത് അയാളുടെ ശരീരവും രക്തവും പകുത്തു  നൽകിയപ്പോൾ അയാൾ ഒരുങ്ങിയത്രയും ഈ വാഴ്‌വിൽ ആരും ഒരുങ്ങിയിട്ടുണ്ടാവില്ല. കടലിൻറെ തീരത്തു അന്നമൊരുക്കി കാത്തിരുന്നപ്പോഴും, കണാതെപോയ കോലാടിനു കാവലായപ്പോഴും, കാനായിലെ കല്യാണവീട്ടിലെ കാർന്നോർക്ക് കാരുണ്യമായപ്പോഴും ഹൃദയത്തിൽ അപരനെക്കുറിച്ചുള്ള കൃത്യമായ രൂപം കൊത്തിയിരുന്നു അയാൾ. ഈ കപ്യാർ നമുക്കുള്ളിലെ കോഹിനൂർ തന്നെ ഒന്ന് ചെത്തിയും, മിനുക്കിയും തെളിമയുള്ളതാക്കണമെന്നു മാത്രം. വരുംകാലങ്ങളിൽ എല്ലാവരും പള്ളിസൂക്ഷിപ്പുകാരായ ഇടവകപള്ളികളെ സ്വപ്നം കണ്ട്!!!

വീണ്ടു വിചാരം:  ഒരൽപ്പം ആഫ്രിക്കൻ വിശേഷം, അടുത്തുള്ള മഠത്തിലെ ഉഗാണ്ടയിൽ  നിന്നുള്ള സിസ്റ്ററിനു യാത്രയപ്പാണ് രംഗം . പരിപാടികളുടെ  സമാപ്തിയിൽ ആ സഹോദരി ഒരു സമാനപ്പെട്ടിയുമായിട്ടു വന്നു. ലാറ്റിൻ അമേരിക്കൻ പുഴയോരങ്ങളിൽ കാണുന്ന വിശിഷ്ടവും, വിലപിടിപ്പുള്ളതുമായ കല്ലുകളായിരുന്നു അത് മുഴുവനും. അവിടെയുണ്ടായിരുന്ന എല്ലാവർക്കും ഓരോന്നും വീതം കൊടുത്തിട്ടു പറഞ്ഞു, “ഇതുവരെ ഒത്തിരി വിലപിടിപ്പുണ്ടെന്നു  നിധിയായിരുന്നു ഈ കല്ലുകൾ. ഇനി അതിൻറെ  ആവശ്യമില്ല. ഇന്നുമുതൽ എന്റെ  ഹൃദയമാകുന്ന സമ്മാനപ്പെട്ടിയിൽ സൂക്ഷിക്കാൻ അമൂല്യരായ നിങ്ങളുണ്ടെന്ന വെളിച്ചത്തിൽ വിടപറയുന്നു.”    ജനനം മുതൽ മരണം വരെ അപരനെ അമൂല്യമെന്ന് വിശ്വസിച്ച് ഹൃദയത്തിൽ സൂക്ഷിക്കുന്നൊരാൾ  കപ്യാർ, അപ്പോൾ അയാളുടെ നെരിപ്പോടിൽ  ക്രിസ്തുവിന്റെ ഇടം അതുക്കും മേലെ…

ജിതിൻ ജോസ് കാളൻ സി. എം. ഐ.
സെൻറ്.  തോമസ് സി. എം. ഐ റീജിയണൽ  ഹൌസ്  നൈറോബി, കെനിയ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.