അന്ന് കാണ്ഡമാലിൽ കുടുംബത്തോടൊപ്പം വനത്തിൽ ഒളിക്കേണ്ടി വന്നു; ഇന്ന് നവ വൈദികൻ

“2008 -ലെ അക്രമത്തിനിടെ എനിക്ക് എന്റെ കുടുംബത്തോടൊപ്പം വനത്തിൽ ഒളിക്കേണ്ടി വന്നു. ക്രൈസ്തവ പീഡനത്തിൽ കൊല്ലപ്പെട്ട ഫാ. ഡിഗലിന്റെ ജീവിതമാതൃകയാണ് വൈദികനാകാനുള്ള എന്റെ പ്രചോദനം. എന്റെ ജീവന് ഭീഷണി ഉണ്ടായതൊന്നും ദൈവരാജ്യത്തിനായി ജീവിതം സമർപ്പിക്കാനുള്ള എന്റെ ആഗ്രഹത്തിന് തടസ്സമായില്ല” – ഒറീസയിലെ കാണ്ഡമാലിൽ നിന്നുള്ള നവ വൈദികൻ ഫാ. ബികാഷ് നായക് വെളിപ്പെടുത്തുന്നു.

2008 -ൽ, ക്രൈസ്തവപീഡനം ഏറ്റവുമധികം നടന്ന ഒറീസയിലെ കാണ്ഡമാൽ ജില്ലയിലെ ടിയാംഗിയ ഗ്രാമത്തിൽ നിന്നുള്ള നവ വൈദികനാണ് ഇദ്ദേഹം. ഫാ. ബികാഷ് നായക് ബീഹാറിലെ ബക്‌സാർ രൂപതയിലാണ് വൈദികനായി അഭിഷിക്തനായത്. 2021 നവംബർ 13 -ന് അദ്ദേഹം തന്റെ ഗ്രാമത്തിൽ ആദ്യത്തെ വിശുദ്ധ കുർബാന അർപ്പിച്ചു.

“മൗലികവാദികളുടെ പീഡനത്തിനോ, എന്റെ ജീവനു നേരെയുള്ള ഭീഷണിക്കോ എന്റെ ദൈവവിളിയെ തടയാൻ കഴിയില്ല. 2008 -ലെ ക്രൈസ്തവർക്കെതിരായ അക്രമത്തിൽ എനിക്ക് കാട്ടിൽ ഒളിക്കേണ്ടി വന്നു. ക്രൂരമായി കൊല്ലപ്പെട്ട കട്ടക്ക്-ഭുവനേശ്വർ അതിരൂപതയുടെ ട്രഷറർ ഫാ. ബെർണാഡ് ഡിഗലിന്റെ ജീവിതമാതൃകയായിരുന്നു ഞാൻ പിന്തുടർന്നത്. അദ്ദേഹം എന്റെ ബന്ധുവായിരുന്നു. നിരപരാധികളായ നിരവധി ക്രൈസ്തവരാണ് ഈ ആക്രമണത്തിന് ഇരയായത്” – ഫാ. ബികാഷ് പറയുന്നു.

2008 -ലെ അക്രമത്തിൽ ഏഴു പേർ കൊല്ലപ്പെട്ട ടിയാൻജിയ ഗ്രാമത്തിലെ ഒൻപതാമത്തെ വൈദികനാണ് ഫാ. ബികാഷ്. അദ്ദേഹത്തിന് 29 വയസാണ്. മൂന്ന് സഹോദരന്മാരിൽ ഏറ്റവും ഇളയ മകനാണ് ഇദ്ദേഹം. 2010 -ൽ ഉത്തർപ്രദേശിലെ വാരണാസിയിലെ മഷിഹ് ഗുരുകുല സെമിനാരിയിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് നാഗ്പൂരിലും ഡൽഹിയിലും പഠനം തുടർന്നു. നവംബർ ആറിന് പാട്‌ന ആർച്ചുബിഷപ്പ് സെബാസ്റ്റ്യൻ കല്ലുപുരയുടെ കൈവയ്പു വഴിയാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്. 17 ഇടവകകളും 19 വൈദികരുമുള്ള ബക്‌സർ രൂപതയിൽ 33,000 വിശ്വാസികളുണ്ട്.

“തീവ്രവാദികളുടെ കയ്യിൽ നിന്ന് ദൈവം അത്ഭുതകരമായി രക്ഷിച്ച എന്റെ മകനിൽ ഞാൻ അഭിമാനിക്കുന്നു. കഴിക്കാനോ, കുടിക്കാനോ ഒന്നുമില്ലാതെ എന്റെ കുട്ടികളോടൊപ്പമുണ്ടായിരുന്ന കാട്ടിലെ ഉറക്കമില്ലാത്ത രാത്രികൾ ഞാൻ ഓർക്കുന്നു” – ഫാ. ബികാഷിന്റെ മാതാവ് വെളിപ്പെടുത്തി.

ഫാ. ബികാഷ്, പീഡനത്തിനിരയായി മരണമടഞ്ഞ രക്തസാക്ഷികളുടെ സ്മാരകത്തിൽ പോയി പ്രാർത്ഥിക്കുകയും ചെയ്തു.

കടപ്പാട്: ഏഷ്യ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.