കനയ്യ ഇത്തവണയും കേരളത്തിലെത്തി, ആ കരുതലിന്റെ കരങ്ങളുമായി

കുത്തിയൊഴുകിയ മലവെള്ളപ്പാച്ചിലിനെ കൂസാതെ പിഞ്ചുകുഞ്ഞിനെയും നെഞ്ചോട് ചേര്‍ത്ത് ചെറുതോണി പാലത്തിലൂടെ കുതിച്ചുപാഞ്ഞ ആ യുവാവിനെ ഓര്‍മ്മയില്ലേ..? കേരളീയരെല്ലാം ശ്വാസമടക്കിക്കണ്ട ആ രംഗത്തിലെ നായകന്‍ കനയ്യകുമാര്‍ കഴിഞ്ഞ മൂന്നു ദിവസമായി പുത്തുമലയിലാണ്. അവിടെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ ജീവന്റെ തുടിപ്പിനായി പരതുകയാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ നാലാം ബെറ്റാലിയന്‍ അംഗമായി ചെന്നൈ ആര്‍ക്കോണത്തു നിന്നാണ് ഇത്തവണ, ബീഹാര്‍ സ്വദേശിയായ കനയ്യ കേരളത്തില്‍ വീണ്ടുമെത്തിയത്.

കനയ്യയുടെ നേതൃത്വത്തിലാണ് പുത്തുമലയിലെ 3 മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്നു പുറത്തെടുത്തത്. 2018 ഓഗസ്റ്റ് 10, വാഴത്തോപ്പ് പഞ്ചായത്തിലെ ആലിന്‍ചുവട് ഭാഗത്തുള്ള കാരയ്ക്കാട്ട് പുത്തന്‍പുര വീട്ടിലെ വിജയരാജ് – മഞ്ജു ദമ്പതികളുടെ മകന്‍ സൂരജിനെയും കയ്യിലേന്തിയാണ് അന്ന് കനയ്യ ഓടിയത്.

പനി ബാധിച്ചു വിറയ്ക്കുന്ന കുഞ്ഞിന്റെ രക്ഷ മാത്രമായിരുന്നു അപ്പോള്‍ കനയ്യയുടെ മനസ്സില്‍. ചെറുതോണി ഡാമിന്റെ അഞ്ചാം ഷട്ടര്‍ തുറക്കുന്നതിനു നിമിഷങ്ങള്‍ക്കു മുമ്പായിരുന്നു ജീവന്‍ പണയം വച്ചുള്ള ആ ഓട്ടം. അക്കരെ നിന്നു കുട്ടിയുമായി കുത്തൊഴുക്കും കടന്ന് കനയ്യകുമാര്‍ ഓടിക്കയറിയത് മലയാളി ഹൃദയത്തിലേയ്ക്കായിരുന്നു. ഇപ്പോള്‍ നാല് വയസ്സുള്ള സൂരജ് എല്‍കെജി വിദ്യാര്‍ത്ഥിയാണ്.

ഈ ഒരൊറ്റ സംഭവം കൊണ്ട് സൂപ്പര്‍ ഹീറോ ആയെങ്കിലും അതില്‍ മതിമറക്കാനൊന്നും കനയ്യയ്ക്ക് സമയമില്ല. വയനാട് മേപ്പാടി പുത്തുമലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിടത്ത് രക്ഷപ്രവര്‍ത്തനവുമായി കര്‍മ്മനിരതനാണ് അദ്ദേഹം. കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഹൃദയം നുറുങ്ങുന്ന കാഴ്ചകളാണ് ഇത്തവണ കേരളത്തില്‍ കാണുന്നതെന്നും ഒരു ജീവനെങ്കിലും രക്ഷിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹം പറയുന്നു. കനയ്യയെപ്പോലെ സന്മനസും മനോധൈര്യവുമുള്ള ആളുകളാണ് അനേകരുടെ മുമ്പില്‍ ദൈവത്തിന്റെ ദൂതന്മാരായി അവതരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ