പ്രണയത്തെക്കുറിച്ച് കെയ്‌റോസ് മീഡിയ നടത്തിയ വെബ്ബിനാർ ഹാക്ക് ചെയ്യപ്പെട്ടു

പ്രണയം, വിവാഹം തുടങ്ങിയ വിഷയങ്ങളിലെ സമകാലീന പ്രവണതകൾ വ്യക്തമാക്കിക്കൊണ്ട് കെയ്‌റോസ് മീഡിയ നടത്തിയ വെബ്ബിനാർ ഹാക്ക് ചെയ്യപ്പെട്ടു. ഇന്നലെ (സെപ്റ്റംബർ പതിനൊന്നാം തീയതി) വൈകിട്ട് ഏഴു മണി മുതൽ എട്ടര വരെ നടന്ന വെബ്ബിനാർ ആണ് ഹാക്ക് ചെയ്യപ്പെട്ടത്.

ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ കെയ്‌റോസ് മീഡിയയുടെ ആഭിമുഖ്യത്തിൽ ‘ആശയക്കൂട്ടം’ നാലാമത്തെ അന്താരാഷ്ട്ര വെബ്ബിനാർ ആയിരുന്നു ഇത്. വെബ്ബിനാറിന്റെ ആമുഖപ്രഭാഷണം തുടങ്ങിയ സമയത്താണ് ഹാക്ക് ചെയ്യപ്പെട്ടത് മനസ്സിലാകുന്നത്. വെബ്ബിനാറിൽ പങ്കെടുത്തവർ, ആഫ്രിക്കൻ വംശജരായ ആളുകളുടെ മുഖം കാണുവാൻ തുടങ്ങി. തുടർന്ന് പ്രഭാഷണത്തിനുപകരം അശ്ലീലചിത്രങ്ങളാണ് പങ്കെടുത്തവർക്ക് കാണുവാൻ കഴിഞ്ഞത്. ഉടൻ തന്നെ വെബ്ബിനാറിൽ പങ്കെടുത്തവർക്ക് സംഘാടകർ ഹാക്ക് ചെയ്യപ്പെട്ട വിവരം കൈമാറി. ഈ വിവരങ്ങൾക്കെല്ലാം ഉത്തരമായി പരിഹസിച്ചുകൊണ്ടുള്ള മറുപടികൾ ഹാക്കർമാർ നൽകിയിരുന്നതായി സംഘാടകർ വെളിപ്പെടുത്തി.

ഹാക്കർമാരുടെ മറുപടികളുടെ ശൈലിയിൽ നിന്നും ഇവർ വിദേശികളാണ് എന്ന നിഗമനത്തിലാണ് സംഘാടകർ. ഹാക്ക് ചെയ്യപ്പെട്ട ഉടൻതന്നെ പങ്കെടുക്കുന്നവരെ ഒഴിവാക്കി പാനലിസ്റ്റുകളെ മാത്രം ഉൾപ്പെടുത്തി സെക്ഷൻ നടത്തി റെക്കോഡ് ചെയ്യുകയായിരുന്നു. ഇത് കെയ്‌റോസ് മാസിക യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ആധുനിക കാലത്ത് പ്രത്യേകിച്ച്, ക്രൈസ്തവരെ സംബന്ധിച്ച് വളരെ നിർണ്ണായകമായ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഇത്തരത്തിലുള്ള കെണികൾ വന്നുഭവിക്കാനുള്ള സാധ്യതയിലേയ്ക്കാണ് ഈ സംഭവം വിരൽചൂണ്ടുന്നത്. ഇനിയുള്ള വെബ്ബിനാറുകളും മറ്റ് ഓൺലൈൻ പരിപാടികളും കൂടുതൽ ജാഗ്രതയോടെ ചെയ്യുവാൻ ഈ സംഭവം ഒരു ഓർമ്മപ്പെടുത്തലാകട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.