കൂദാശകൾ സ്വീകരിക്കാനായി ജസ്റ്റീന കാത്തിരുന്നത് നീണ്ട 37 വർഷം

സാംബിയൻ അതിർത്തിയോട് ചേർന്ന് വടക്കൻ മലാവിയിലെ ചിലമ്പൊയിൽ ഒരു കത്തോലിക്കാ വിശ്വാസി മാത്രമേയുള്ളൂ – ജസ്റ്റീന. ഭർത്താവും മക്കളും ഉൾപ്പെടെയുള്ളവർ കത്തോലിക്കാ സഭ വിട്ട് പ്രൊട്ടസ്റ്റന്റ് സമൂഹത്തിൽ ചേരാൻ അവളെ പലതവണ നിർബന്ധിച്ചു. എന്നിട്ടും 37 വർഷമായി ജസ്റ്റീന തന്റെ കത്തോലിക്കാ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നു.

1984 -ലാണ് ജസ്റ്റീന അവസാനമായി കൂദാശകൾ സ്വീകരിച്ചത്. കാരണം, വളരെയേറെ ഒറ്റപ്പെട്ട പ്രദേശമായതിനാലും കത്തോലിക്കർ കുറവുള്ളതിനാലും ആർക്കും അജപാലന ശുശ്രൂഷകൾക്കായി അങ്ങോട്ട് കടന്നുചെല്ലാൻ സാധിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം മലാവിയിലുള്ള അർജന്റീന മിഷനറിയായ ഫാ. ജെറമിയസ് അതിനുള്ള അവസരമൊരുക്കി (മലാവിയിൽ ഫാ. ജെറമിയാസ് ശുശ്രൂഷ ചെയ്യുന്നത് കരോംഗ രൂപതയിലെ ചിസെംഗയിലാണ്).

“കത്തോലിക്കാ സഭ ഒരിക്കലും ചിലമ്പൊയിൽ എത്തിയിരുന്നില്ല. ഇങ്ങോട്ട് കടന്നുവരാനുള്ള ബുദ്ധിമുട്ടാണ് ഒരു കാരണം. ഈ അടുത്ത കാലത്തെങ്ങും ഒരു പുരോഹിതൻ ഈ പ്രദേശത്തേക്ക് വന്നതായി രേഖകളൊന്നുമില്ല. ഇവിടെയുള്ള വീടുകൾ കണ്ടെത്താൻ മലഞ്ചരുവുകൾക്കിടയിൽ കൂടി കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും നടക്കണം” – ഫാ. ജെറമിയസ് പറയുന്നു.

ചിലമ്പൊയിൽ എത്തുന്നതിനു മുമ്പ് കത്തോലിക്കാ ജനസംഖ്യയുള്ള നിരവധി ഗ്രാമങ്ങളുണ്ട്. അവിടെയാണ് ജസ്റ്റീന ജനിച്ചത്. അവിടെ വച്ചാണ് ജസ്റ്റീന കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ മനസിലാക്കിയതും.

“ഞങ്ങൾ ജീവിക്കുന്നത് കരോംഗ രൂപതയിൽപെട്ട ചിസെംഗ എന്ന വളരെ ഒറ്റപ്പെട്ട ഒരു പ്രദേശത്താണ്. മുപ്പതിലധികം ഗ്രാമങ്ങളുടെ സുവിശേഷവൽക്കരണം ബിഷപ്പ് ഞങ്ങളെ ഏൽപ്പിച്ചു. യേശുവിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇവിടെയുള്ളവർക്ക് വിശ്വാസപരമായ കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിവില്ല. ഈ ഗ്രാമങ്ങളിൽ യേശുവിനെക്കുറിച്ച് അറിവുള്ളവർ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളിൽ ചേരുകയായിരുന്നു” – ഫാ. ജെറമിയാസ് പറയുന്നു.

ചിസെംഗയിലും കത്തോലിക്ക ഇടവകയോ ദൈവാലയമോ ഇല്ല; ഉള്ളത് ക്രിസ്ത്യൻ സമൂഹങ്ങളാണ്. വൈദികരുടെ കുറവാണ് മറ്റൊരു പ്രധാന കാരണം. വൈദികരില്ലാത്ത സമൂഹങ്ങളിൽ കാറ്റക്കിസ്റ്റുമാരാണ് വിശ്വാസപരമായ കാര്യങ്ങളിൽ നേതൃത്വം കൊടുക്കുന്നത്. ഫാ. ജെറമിയാസും കാറ്റക്കിസ്റ്റുമാരും ചിലമ്പോയിൽ എത്തുമ്പോൾ അറിഞ്ഞു, അവിടെ ഒരു കത്തോലിക്കാ വിശ്വാസി മാത്രമേ ഉള്ളൂവെന്ന്.

“ജസ്റ്റീന ഞങ്ങളെ കണ്ടതിൽ വളരെ സന്തോഷിച്ചു. ഞങ്ങൾ അവളുമായി കുറച്ചു നേരം സംസാരിച്ചു. കൂദാശകൾ സ്വീകരിക്കാൻ സാധിക്കാത്തതിൽ വേദനയുണ്ടെന്നും അവൾ ഞങ്ങളോട് പറഞ്ഞു. എങ്കിലും ജസ്റ്റീനയുടെ വിശ്വാസതീക്ഷ്ണത ഞങ്ങളെ അതിശയിപ്പിച്ചു. വാക്കുകൾ കൈമാറി. തന്റെ വിശ്വാസം പരിശീലിക്കാൻ പോകാൻ സ്ഥലമില്ലാത്തതിനാൽ തനിക്ക് വളരെ ഖേദമുണ്ടെന്നും ആ കാര്യത്തിൽ അവൾ തനിച്ചാണെന്നും അവൾ ഞങ്ങളോട് പറഞ്ഞു” – ഈ വൈദികൻ വെളിപ്പെടുത്തുന്നു.

“വിശുദ്ധ കുർബാനയ്ക്കായി അടുത്തുള്ള ഒരു ഗ്രാമത്തിലേക്ക് പോകാൻ ശ്രമിച്ചാൽ അതും നടക്കില്ല. കാരണം, ഞാൻ അഞ്ച് മണിക്കൂർ നടന്നാലും എനിക്ക് കുർബാനയിൽ പങ്കെടുക്കാനാകില്ല. കത്തോലിക്കരുള്ള ഗ്രാമങ്ങളിൽ പോലും കുർബാന മൂന്ന് മാസത്തിൽ ഒരിക്കൽ മാത്രമേ ഉണ്ടാകാറുള്ളൂ” – ജസ്റ്റീന പറയുന്നു.

അവളെ കത്തോലിക്കാ സഭ വിട്ട് പ്രൊട്ടസ്റ്റന്റ് മതത്തിൽ ചേരാൻ കുടുംബാംഗങ്ങൾ ഉൾപ്പെടെ പലരും നിർബന്ധിച്ചു. എന്നാൽ, ജസ്റ്റീന ഒരിക്കലും ആ ക്ഷണം സ്വീകരിച്ചില്ല. നീണ്ട 37 വർഷമായി കൂദാശകൾ സ്വീകരിക്കാൻ ഒരു അവസരത്തിനായി അവൾ കാത്തിരുന്നു. ഒടുവിൽ, ഫാ. ജെറമിയാസിന്റെ നേതൃത്വത്തിൽ വൈദികരും കാറ്റിക്കിസ്റ്റുകളും ചിലമ്പൊയിൽ വന്നു. അവരുടെ പ്രസംഗത്തിന്റെയും സാക്ഷ്യജീവിതത്തിന്റെയും ഫലമായി ഇപ്പോൾ 88 പേർ മാമ്മോദീസ സ്വീകരിച്ചു. ഇനി തന്റെ വിശ്വാസം പരിശീലിക്കാൻ ജസ്റ്റീന തനിച്ചല്ല.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.