മാധ്യമ അവാര്‍ഡ് ശ്രീ. ജസ്റ്റിന്‍ ജോസിന്

ശബ്ദമിശ്രണത്തിന്റെ അനന്തസാധ്യതകളിലേയ്ക്ക് ഇന്ത്യന്‍ സിനിമയെ കൊണ്ടുചെല്ലുന്ന തൃശ്ശൂരിന്റെ അഭിമാനമായ ശ്രീ. ജസ്റ്റിന്‍ ജോസ് കാഞ്ഞിരപ്പറമ്പിലിന് തൃശ്ശൂര്‍ അതിരൂപത പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ടമെന്റിന്റെ സില്‍വര്‍ ജൂബിലി പുരസ്‌കാരം.

തൃശ്ശൂര്‍ പുത്തന്‍പള്ളി ഇടവകാംഗങ്ങളായ കാഞ്ഞിരപ്പറമ്പില്‍ ശ്രീ. ജോസിന്റെയും ശ്രീമതി ലിസ്സി ജോസിന്റെയും മകനായി 1980-ല്‍ തൃശ്ശൂരില്‍ ജനിച്ച ജസ്റ്റിന്‍ ജോസ് തൃശ്ശൂര്‍ സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് എല്‍.പി. സ്‌കൂള്‍, ലൂര്‍ദ്ദ് യു.പി. സ്‌കൂള്‍, സെന്റ് തോമസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദപഠനം നടത്തി. ബിരുദപഠനത്തിനു ശേഷം ശബ്ദതരംഗങ്ങളുടെ കൂടെ യാത്ര ചെയ്യാന്‍ അഭിനിവേശം കാണിച്ച ജസ്റ്റിന്‍ 2003-ല്‍ തൃശ്ശൂര്‍ ചേതന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സൗണ്ട് എഞ്ചിനീയറിംഗ് ഡിപ്ലോമ സ്വന്തമാക്കി. പഠനകാലത്തു തന്നെ സംഗീതത്തില്‍ തോന്നിയ അഭിരുചി ലണ്ടന്‍ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കില്‍ നിന്ന് ഇലക്‌ട്രോണിക് കീബോര്‍ഡില്‍ നാലാം ഗ്രേഡ് സ്വന്തമാക്കാന്‍ ശ്രീ. ജസ്റ്റിനെ സഹായിച്ചു.

പഠനത്തിനു ശേഷം ശബ്ദതരംഗങ്ങളുടെ സൂക്ഷ്മലോകത്തിലേയ്ക്ക് സ്വരലയ താളങ്ങളുടെ സമ്മിശ്രണ മികവുമായി ജസ്റ്റിന്‍ എത്തിച്ചേര്‍ന്നു. 2003-ല്‍ ചെന്നൈയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2004 മുതല്‍ മുംബൈയില്‍ Q Lab കമ്പനിയിലും 2012 മുതല്‍ Rajkamal Future Works കമ്പനിയിലും ജോലി ചെയ്തു. 2019 മുതല്‍ Real Touch കമ്പനിയില്‍ ജോലി ചെയ്തുവരുന്നു. വെള്ളിത്തിരയില്‍ മിന്നിമായുന്ന ദൃശ്യങ്ങള്‍ക്ക് സ്വരപകിട്ട് നല്കി ആസ്വാദകര്‍ക്ക് അനന്യമായ അനുഭവം പങ്കുവയ്ക്കുന്ന ഈ ജോലി ജസ്റ്റിന്‍ ആത്മാര്‍ത്ഥതയോടെയും കഠിനാദ്ധ്വാനം കാഴ്ച വച്ചും ചെയ്തു.

ഈ മേഖലയില്‍ കാണിച്ച മികവിന് ഒട്ടേറെ അംഗീകാരങ്ങള്‍ ജസ്റ്റിനെ തേടിയെത്തി. എം.വി. ശാന്തറാം മറാത്തി അവാര്‍ഡ് നോമിനേഷന്‍, സി ഗൗരവ് മറാത്തി അവാര്‍ഡ് നോമിനേഷന്‍, അപ്‌സര സ്റ്റാര്‍ഗില്‍ഡ് അവാര്‍ഡ്, ധ്വനി അവാര്‍ഡ്, വെസ്റ്റേണ്‍ ഇന്ത്യ മോഷന്‍ പിക്‌ച്ചേഴ്‌സ് & ടെലിവിഷന്‍ സൗണ്ട് എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ അവാര്‍ഡ്, മറാത്തി ഫിലിം ഫെയര്‍ അവാര്‍ഡ് (2015), ഇന്‍ഡിവുഡ് അക്കാദമി അവാര്‍ഡ് (2017, 2018), ദലല സിനിമ അവാര്‍ഡ് (2019) എന്നീ അവാര്‍ഡുകളും ഇന്ത്യന്‍ സിനിമയുടെ അംഗീകാരമായ മികച്ച റീ-റെക്കോഡിസ്റ്റിനു വേണ്ടിയുള്ള ദേശീയ പുരസ്‌കാരം 2016, 2018 എന്നീ വര്‍ഷങ്ങളിലും കരസ്ഥമാക്കി ജസ്റ്റിന്‍ നമ്മുടെ നാടിന്റെയും അതിരൂപതയുടെയും അഭിമാനമായി.

ഇപ്പോള്‍ സീനിയര്‍ റെക്കോര്‍ഡിംഗ് എഞ്ചിനീയറായി മുംബൈയില്‍ ജോലി ചെയ്യുന്ന ജസ്റ്റിന്‍, ഈ മേഖലയില്‍ സ്വപ്നതുല്യമായ പല നേട്ടങ്ങളും നേടിക്കഴിഞ്ഞു. വാള്‍ട്ട് ഡിസ്‌നിയുടെ ഇന്ത്യയിലെ അംഗീകൃത മൊഴിമാറ്റ സൗണ്ട് എഞ്ചിനീയര്‍, ഡോള്‍ബി അറ്റ്‌മോസ് എന്ന ഫോര്‍മാറ്റില്‍ ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്ത വ്യക്തി, ബോളിവുഡില്‍ ആദ്യമായി ഡോള്‍ബി അറ്റ്‌മോസ് ഫോര്‍മാറ്റില്‍ സിനിമ ചെയ്തയാള്‍, സോണി പിക്‌ചേഴ്‌സിന്റെയും ഡിസ്‌നിയുടെയും ഇന്ത്യന്‍ വേര്‍ഷന്‍ ചെയ്യുന്ന മിക്‌സിംഗ് എഞ്ചിനീയര്‍, ഇന്ത്യയില്‍ ആദ്യമായി ലാറ്റ്‌വിയന്‍ ഫിലിം ശബ്ദമിശ്രണം നടത്തിയ എഞ്ചിനീയര്‍, ബോളിവുഡിലും ഹോളിവുഡിലും കേരളത്തില്‍ നിന്ന് അറിയപ്പെടുന്ന ടെക്‌നീഷന്‍ എന്നീ നിലകളിലും ജസ്റ്റിന് വ്യക്തിമുദ്ര പതിക്കാനായി. അമേരിക്കയിലെ ലോസ് ആഞ്ചലോസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ സൗണ്ട് എഞ്ചിനീയേഴ്‌സ് അസോസിയേഷനില്‍ അംഗത്വമുള്ള ചുരുക്കം ചില ഇന്ത്യക്കാരില്‍ ഒരുവനാണ് അദ്ദേഹം.

ബോളിവുഡിലും ഹോളിവുഡിലും തിളങ്ങുന്ന ജസ്റ്റിന്‍ ദേശിയ തലത്തിലും അന്തര്‍ദേശിയ തലത്തിലും മലയാളിയുടെ പ്രതീക്ഷയും അഭിമാനവുമാണ്. ശബ്ദമിശ്രണ ലോകത്ത് രണ്ടു പതിറ്റാണ്ടിന്റെ പ്രവര്‍ത്തനപരിചയവും പരിജ്ഞാനവും ജസ്റ്റിനെ വ്യത്യസ്തനാക്കുന്നു. കലാമൂല്യവും സാങ്കേതിക തികവും നിറഞ്ഞ 200-ഓളം സിനിമകള്‍ക്ക് ശബ്ദമിശ്രണം നടത്തിയ ജസ്റ്റിന്‍ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലുമുള്ള സിനിമകള്‍ക്ക് ശബ്ദമിശ്രണം നടത്തിയിട്ടുണ്ട്.