സ്വയം മാലാഖയാകാൻ അപരന്റെമേൽ ചെളി വാരിയെറിയരുത്

സി. സോണിയാ കുരുവിള മാതിരപ്പള്ളിൽ

ഒരു എക്സ് കന്യാസ്ത്രീയുടെ ഇക്കിളി കഥ കേട്ട് രോമാഞ്ചം കൊള്ളുകയും സമർപ്പിതരെയും, വൈദീകരെയും മോശമെന്ന് ചിത്രീകരിച്ച് ട്രോളുകൾ ഇറക്കുകയും ചെയ്യുന്ന ചിലർക്കായ്:

ലൂസി കളപ്പുര എഴുതിയ പുസ്തകം അവരുടെ ഹൃദയത്തിന്റെ അകത്തളങ്ങളിൽ കുമിഞ്ഞു കൂടിക്കിടന്ന കുറെ വികാരങ്ങളും വിചാരങ്ങളും ആണ്. ”ഹൃദയത്തിന്റെ നിറവില്‍നിന്നാണല്ലോ അധരം സംസാരിക്കുന്നത്‌”. എന്ന ക്രിസ്തുവിന്റെ വാക്കുകൾ ആണ് എന്റെ മനസ്സിലേയ്ക്ക് ഓടിയെത്തിയത്.

ക്രിസ്തുവിനെ അനുകരിക്കുക എന്ന യഥാർത്ഥ ലക്ഷ്യത്തോടെ ഇറങ്ങി തിരിച്ച ഒരു സന്യാസിനിയും ഒരാളുടെയും മുമ്പിൽ തുണി ഉരിയില്ല സഹോദരി. സാമൂഹ്യസേവനം ചെയ്യണമെന്ന് മോഹിച്ചിരുന്ന ലൂസി കളപ്പുരയെ പോലെ വഴിതെറ്റി കയറിവന്ന ചുരുക്കം ചില കുഞ്ഞാടുകൾ ഉണ്ടായിരിക്കാം ഈ സന്യസ്തരുടെ ഇടയിൽ. നിങ്ങളുടെ വികാര – വിചാരങ്ങൾ മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിയ്ക്കരുത്. സ്വയം മാലാഖയാകാൻ അപരന്റെമേൽ ചെളി വാരിയെറിയരുത്.

അനുസരണക്കേട് കാട്ടിക്കൂട്ടുക എന്ന ശീലം ചെറുപ്പം മുതലേകൂടെ ഉണ്ടായരുന്നു എന്ന് പുസ്തകത്തിൽ എടുത്തു പറയുന്നതായി കേട്ടു. അപ്പോൾ അതിശയിക്കാനൊന്നുമില്ല ഇപ്പോൾ കാട്ടി കൂട്ടുന്നതെല്ലാം ചെറുപ്പകാലത്തിന്റെ തുടർച്ചയാണ്. അരുതാത്തത് ചെയ്യുവാൻ തന്റേടം ഉണ്ട് എന്ന് സ്വയം പ്രസ്താവിക്കുന്ന ലൂസിയ്ക്ക് ഒരു പുരോഹിതൻ തന്നെ പീഡിപ്പിയ്ക്കാൻ വന്നപ്പോ‌ൾ ആ തന്റേടം ഒക്കെ എവിടെ പോയാരുന്നു? കൈ ഉയർത്തി ഒന്ന് കൊടുത്താൽ ആരും നിങ്ങളെ ഒന്നും പറയില്ലാരുന്നു എല്ലാവരും നിങ്ങളെ അഭിനന്ദിക്കുകയേ ഉള്ളാരുന്നു.

തെരുവിൽ കൂടി അലഞ്ഞു നടക്കുന്ന നായ്ക്കളെ വിളിച്ചു കൊണ്ടുവന്നു ഭക്ഷണം കൊടുക്കുക ആയിരുന്നെങ്കിൽ അവ സ്നേഹം പ്രകടിപ്പിച്ച് വാല് ആട്ടിയെങ്കിലും കാണിയ്ക്കുമായിരുന്നു. 37 വർഷക്കാലം സമയാസമയങ്ങളിൽ വെച്ചുവിളമ്പിയപ്പോഴും, ആദ്യം മുതലെ അനുസരണക്കേടിൽ മുന്നിട്ട് നിന്ന നിങ്ങളെ ഒരു സഹോദരിയെപ്പോലെ കൊണ്ടുനടന്ന ആ കോൺഗ്രിഗേഷനിലെ സഹോദരിമാരെ വേണം സമ്മതിക്കാൻ. പാവം അവർ അറിഞ്ഞില്ലല്ലോ തങ്ങൾ പാലൂട്ടി വളർത്തുന്നത് ഒരു അണലിയെ ആണെന്ന്..!! ചില കാര്യങ്ങൾ മുളയിലേ നുള്ളേണ്ടത് മുളയിലേ തന്നെ നുള്ളണം എന്ന് പഴമക്കാർ പറയുന്നത് എത്രയോ യാഥാർത്ഥ്യമാണ്!!

ഏതാനും മാസങ്ങൾക്കുമുമ്പ് ലൂസി കളപ്പുരയെ മോശമായി ചിത്രീകരിച്ച് വീഡിയോ ഇറക്കി എന്നും പറഞ്ഞ് ചിലരുടെ ഹൃദയം ഉരുകുന്നത് കണ്ടായിരുന്നു. എന്നാൽ ഇന്ന് സോഷ്യൽ മീഡിയ വഴിയും, ചാനലുകൾ വഴിയും, പുസ്തകങ്ങൾ പ്രകാശിപ്പിച്ചും ഇന്ത്യയിലെതന്നെ ആയിരക്കണക്കിന് കന്യാസ്ത്രീമാരെ മോശമായ് ചിത്രീകരിച്ചപ്പോൾ നിങ്ങളുടെയെല്ലാം തീഷ്ണത എവിടെപ്പോയി? വനിതാകമ്മീഷനും, നിയമപാലകരും, മനുഷ്യാവകാശകമ്മീഷനും എവിടെ? അതോ ഇക്കിളികഥകൾ പ്രചരിപ്പിക്കുന്നവർക്ക് മാത്രമേ മാനവും അഭിമാനവും ഉള്ളോ?

വിവാഹിതയായ ഒരു സ്ത്രീ തന്റെ ഭർത്താവിനും ഭർതൃകുടുംബത്തിനും എതിരായിട്ട് ഇതുപോലെ വൃത്തികേടുകൾ പ്രചരിപ്പിച്ചാൽ രാത്രിയെന്നോ പകലെന്നോ നോക്കാതെ ആ വീടിന്റെ പടി ഇറങ്ങിയാൽ മതി. പിന്നെ ആ വീടിന്റെ ഏഴയലത്തുപോലും കാലുകുത്തില്ല. എന്നാൽ സന്യാസസഭകൾ അങ്ങനെ ചെയ്യില്ല കാരണം ക്രിസ്തുവിന്റെ മൂല്യങ്ങൾക്ക് ജീവിതത്തിൽ പ്രാധാന്യം നൽകുന്നത് കൊണ്ടാണ് അവർ മൗനം പാലിക്കന്നത്.

തൊണുറ്റി ഒൻമ്പത് നീതിമാന്മാരെക്കാൾ ഒരു പാപിയുടെ മാനസാന്തരത്തിന് വേണ്ടി കാത്തിരിക്കുന്ന ദൈവത്തെക്കുറിച്ചാണ് ക്രിസ്തു ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത്. ഞങ്ങളുടെ മൗനം ഒരു ഭീരുത്ത്വമായിട്ടോ അല്ലെങ്കിൽ ലൂസി കളപ്പുര പറയുന്നതെല്ലാം സത്യമാണെന്ന് ഞങ്ങൾ മൗനസമ്മതം മൂളുകയാണെന്നോ നിങ്ങൾ കരുതരുത്. ഈ മൗനം ക്രിസ്തു ഞങ്ങളെ പഠിപ്പിച്ചതാണ്. മൂന്നുവർഷക്കാലം ഇസ്രായേലിന്റെ പല ഭാഗങ്ങളും ചുറ്റി സഞ്ചരിച്ച് അത്ഭുതങ്ങൾ പ്രവർത്തിച്ചപ്പോൾ അവന് സ്തുതി പാടാൻ ആയിരങ്ങൾ ഉണ്ടായിരുന്നു. കളങ്കമില്ലാത്തവനെ പാപിയായ് മുദ്രകുത്തി മരണത്തിനു വിധിച്ചപ്പോൾ ആ 33 – കാരന്റെ അത്ഭുത പ്രവർത്തികളുടെ ഫലം രുചിച്ചവർ എല്ലാം അവനെതിരെ തിരിഞ്ഞു. അവനെ ക്രൂശിക്കുക.. അവനെ ക്രൂശിക്കുക.. എന്ന് ആക്രോശിക്കുന്ന ജനക്കൂട്ടത്തോട് ഒപ്പം അവരും കൂടി. ഹേറോദോസിന്റെയും, പീലാത്തോസിന്റെയും മുമ്പിൽ ഒരു അത്ഭുതം പ്രവർത്തിച്ചിരുന്നെങ്കിൽ ക്രിസ്തുവിന് ഈസിയായി രക്ഷപ്പെടാമായിരുന്നു. പക്ഷേ ക്രിസ്തു അവിടെയെല്ലാം മൗനം പാലിക്കുകയായിരുന്നു. തന്റെ ശത്രുക്കൾക്കുവേണ്ടി നിശബ്ദമായ് പ്രാർത്ഥിയ്ക്കുകയായിരുന്നു. ആ മൗനമാണ് ഇന്ന് തങ്ങളുടെ ജീവിതത്തിലും ഓരോ സന്യാസിനിയും പ്രാവർത്തികമാക്കുന്നത്.

2000 വർഷങ്ങൾക്കു മുമ്പ് സംഭവിച്ച അതേ കാര്യം ഇന്നും കേരളത്തിൽ ആവർത്തിക്കപ്പെടുന്നു. നിങ്ങൾക്ക് വിദ്യപകർന്നു തന്ന, നിങ്ങൾ രോഗികളായ് തീർന്നപ്പേൾ നിങ്ങളെ ശുശ്രൂഷിച്ച (അന്ന് നിങ്ങൾ അവരെ മാലഖമാർ എന്ന് വിളിച്ചു),  നിങ്ങൾ തെരുവിൽ വലിച്ചെറിഞ്ഞ് കുഞ്ഞുങ്ങളെ സ്വന്തം അമ്മമാരെപോലെ മാറോടുചേർത്ത് കാത്തു പരിപാലിച്ച, നിങ്ങളെ വളർത്തിവലുതാക്കി കഴിഞ്ഞപ്പോൾ നിങ്ങൾക്ക് ഭാരമായി തീർന്ന നിങ്ങളുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളെ പോലെ കണ്ട് ശുശ്രൂഷിച്ച ആ സന്യസ്തരെ തന്നെ നിങ്ങൾ ചെളിവാരിയെറിയുമ്പോൾ അതിശയിക്കാനൊന്നുമില്ല. കാരണം ഈ ലോകം നൂറ്റാണ്ടുകളായി ഇങ്ങനെയാണ്. ചങ്കുപറിച്ച് കാട്ടിയാലും ചെമ്പരത്തി പൂവാണെന്നു പറയുന്ന ഈ സമൂഹത്തിന് ചെന്നായ്ക്കളുടെ മനോഭാവമാണ്. “എങ്ങനെയെങ്കിലും ഇരയെ കീഴ്പ്പെടുത്തുക”. നിങ്ങളുടെ പരിഹാസങ്ങൾക്ക് പുഞ്ചിരിയുമായ്, സേവന സന്നദ്ധയോടെ എന്നും നിങ്ങളുടെ ഇടയിൽ ഞങ്ങൾ സമർപ്പിതർ ഉണ്ടാകും. ആരുടേയും അടിമയോ, പണിയാളോ ആയിട്ടില്ല മറിച്ച് ഇഷ്ടപ്പെട്ട് വിളിച്ച ക്രിസ്തുവിനുവേണ്ടി അവന്റെ സ്നേഹവാത്സല്യം അനുഭവിച്ച ഓരോ സമർപ്പിതയും അപരന് സ്വന്തം ജീവിതത്തിലൂടെ ക്രിസ്തുവിനെ പകർന്നു കൊടുക്കാൻ.

സഭാ നേതൃത്വത്തോട് ഒരു വാക്ക്: കൃത്യമായ് ഒരു സമിതി രൂപീകരിച്ച് പുസ്തകത്തിലെ ആരോപണത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തണം. ആരോപണങ്ങൾ സത്യമെന്ന് തെളിയുന്നപക്ഷം അവരെല്ലാവരും നിയമാനുസൃതം ശിക്ഷിക്കപ്പെടെണ്ടത് ഇന്നിന്റെ ആവശ്യകതയാണ്. അല്ലതെ വെറുതെ ചെളിവാരി എറിയാൻ മാത്രം കാതൽ ഇല്ലാത്ത ആരോപണങ്ങൾ ആണെങ്കിൽ ‘കർത്താവിന്റെ നാമത്തിൽ’ എന്ന പുസ്തകം എഴുതിയ എഴുത്തുകാരിക്ക് എതിരെയും, ആ പുസ്തകത്തിന്റെ പ്രസാധകർക്ക് എതിരെയും മാനനഷ്ടത്തിന് വൈദികരും, സന്യാസിനികളും കേസ് കൊടുക്കേണ്ടതാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ സത്യം അറിയുവാൻ തെറ്റ് ചെയ്യാത്ത അനേകായിരം വൈദീകർക്കും സന്യസ്തർക്കും അവകാശമുണ്ട്.

സി. സോണിയ തെരേസ് ഡി. എസ്സ്. ജെ