തിരികെ നടക്കുന്നവരെ വിധിക്കരുത്; മനസിലാക്കുക

ബിബിൻ മഠത്തിൽ

നമ്മുടെ സമൂഹത്തിലൊരു കുഴപ്പമുണ്ട്. ഒരു മനുഷ്യൻ ഒരു ജീവിതശൈലി തിരഞ്ഞെടുത്താൽ അത് തന്നെ തുടരണമെന്ന് സമൂഹത്തിനു നിർബന്ധമുള്ളതുപോലെ തോന്നും. ഇവിടെ മാറ്റങ്ങൾ അംഗീകരിക്കപ്പെടില്ല. എന്നു മാത്രമല്ല, ഒരിക്കൽ തിരഞ്ഞെടുത്ത വഴിയിൽ നിന്ന് മാറുന്നത് എന്തോ വലിയ അപരാധമായിട്ടും മാറുന്നവർ എന്തോ വലിയ തെറ്റുകാരായും ഒക്കെ ചിത്രീകരിക്കപ്പെടുകയും ചെയ്യും. ഉദാഹരണത്തിന്, ഭർത്താവ് മരിച്ച ഒരു സ്ത്രീ വീണ്ടും വിവാഹം ചെയ്യാൻ തീരുമാനിച്ചാൽ മറ്റു ചിലരുടെ നെറ്റി ചുളിയും. ഒരിക്കലും ഒത്തു ചേർന്നു പോകാൻ കഴിയാത്ത ഒരു വൈവാഹിക ബന്ധം ഒഴിയാമെന്ന് വച്ചാലും ഇതു തന്നെയാണു അവസ്ഥ. സന്യാസമോ പൌരോഹിത്യമോ ഉപേക്ഷിക്കുന്നവരുടെ അവസ്ഥയും ഇതൊക്കെ തന്നെ. എന്തിനേറെ, ഒരു ജോലി മാറാമെന്ന് വിചാരിച്ചാൽ പോലും അതിൽ കുറ്റം കണ്ടെത്തുന്നവരെ നമ്മുടെ സമൂഹത്തിൽ കാണാൻ കഴിയും.

ഇതൊന്നും പക്ഷേ, പ്രസ്തുത പ്രൊഫഷന്റെയോ ജീവിതശൈലിയുടെയോ കുഴപ്പമല്ല. മറിച്ച് നമ്മുടെ ചിന്താഗതിയുടെയും സമൂഹത്തിന്റെയും കുഴപ്പമാണ്. ഒരാൾക്ക് താൻ തിരഞ്ഞെടുത്ത വഴി തെറ്റായി എന്നു തോന്നിയാൽ, താൻ തിരഞ്ഞെടുത്ത വഴിയിൽ മുമ്പോട്ട് പോകാൻ സാധിക്കില്ല എന്നു തോന്നിയാൽ ആ വഴിയിൽ നിന്ന് മാറാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ആ സ്വാതന്ത്ര്യം ബഹുമാനിക്കാനും നാം പഠിക്കണം. മാറ്റങ്ങളുടെ ധാർമ്മിക വശം എന്തുമായിക്കൊള്ളട്ടെ, മറ്റൊരാളെ വിധിക്കാനുള്ള അവകാശം നമുക്കില്ല എന്ന് മനസിലാക്കണം. അവരെ കുറ്റം വിധിക്കുകയല്ല, മറിച്ച് മനസിലാക്കുകയാണു വേണ്ടത്. അപ്രകാരം മനസിലാക്കാൻ സാധിക്കാത്തതിന്റെ കുറവുകൾ സാമൂഹിക ജീവിതത്തിന്റെ എല്ലാ തുറകളിലും കാണുവാൻ സാധിക്കും.

ഇപ്രകാരമുള്ള സാമൂഹികസമ്മർദ്ദമുണ്ടാക്കുന്ന മറ്റൊരു പ്രശ്നം കൂടിയുണ്ട്. ഈ സാമൂഹിക സമ്മർദ്ദം ഒഴിവാക്കാനായി, ഒരു ജീവിത രീതിയിൽ നിന്ന് മറ്റൊരു ജീവിത രീതി തിരഞ്ഞെടുത്തവർ, പൊതുവിൽ ആദ്യത്തെ ജീവിതരീതിയെത്തന്നെ മോശമാണെന്ന രീതിയിൽ വ്യാഖ്യാനിക്കും. ഉദാഹരണത്തിനു എന്റെ കൂടെ സെമിനാരിയിൽ ചേർന്നവരിൽ എൺപത് ശതമാനം ആളുകളും സെമിനാരി ജീവിതം ഉപേക്ഷിക്കുകയോ പറഞ്ഞുവിടുകയോ ചെയ്തവരാണ്. അവരിൽ ചിലരെങ്കിലും സെമിനാരി ജീവിതം തന്നെ മോശമാണു എന്ന രീതിയിൽ എഴുതുന്നതും പറയുന്നതുമൊക്കെ കാണാനിടയായിട്ടുണ്ട്. എന്നാൽ കൂടെ താമസിച്ച ആൾ എന്ന നിലയിൽ അവർ സെമിനാരി വിട്ടുപോകാനുണ്ടായ കാരണങ്ങൾ വ്യക്തമായി അറിയാവുന്നതിനാൽ, അവർ പ്രചരിപ്പിക്കുന്നതിലെ തെറ്റും ശരിയും അറിയാം. സെമിനാരി ജീവിതം അത്ര സുഖമുള്ള ഒരു കാലമല്ല എന്നത് സത്യമാണ്. ഇടക്ക് വച്ച് നിർത്തിപ്പോയാലോ എന്ന് ചിന്തിക്കാത്ത ഒരു സെമിനാരിക്കാരനേയും കാണാൻ വഴിയില്ല. എന്നിരിക്കിലും സെമിനാരി വിട്ടുപോയവരുടെയും പറഞ്ഞുവിട്ടവരുടെയും ന്യായീകരണം ചിലപ്പോഴെങ്കിലുമൊക്കെ അതിശയോക്തി നിറഞ്ഞതാണ്. അവരുടെ ഭാവനയിൽ “എന്റെ കുഴപ്പം കൊണ്ടല്ല, മറ്റവരുടെ കുഴപ്പം കൊണ്ടാണ്” എന്ന ധ്വനി പലപ്പോഴും കാണാൻ സാധിക്കും. (എല്ലാവരുടെയും കാര്യമല്ല ഞാൻ പറയുന്നത്.) അതിനു കാരണം, അവരുടെ സാമൂഹിക സാഹചര്യങ്ങളാണ്. ഇതേ കാരണം തന്നെ വൈവാഹിക ജീവിതത്തിലും സംഭവിക്കാറുണ്ട്. ബന്ധം വേർപ്പെട്ടതിന്റെ കാരണം തന്റെ പങ്കാളിയുടെ പിഴവാണെന്നേ ഭൂരിപക്ഷം ആളുകളും പറയുകയുള്ളു.

അതുകൊണ്ട്, ഒരു ജീവിതരീതിയിൽ നിന്ന് മറ്റൊരു ജീവിതരീതിയിലേക്ക് പ്രവേശിക്കുന്നവർ, അങ്ങനെ മാറാനുണ്ടായ കാരണങ്ങൾ നിരത്തുമ്പോൾ യുക്തിസഹമായി മനസിലാക്കാതെ അത് വിശ്വസിക്കുവാൻ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ. എന്നിരിക്കിലും മനുഷ്യരെന്ന നിലയിൽ നാം പക്ഷം പിടിക്കുന്നവരായിരിക്കും. അത് ചിലപ്പോൾ നമ്മുടെ പ്രിയപ്പെട്ടവരുടെ ആകാം, ചിലപ്പോൾ നമ്മുടെ എതിരാളികളുടെ എതിർപക്ഷം ആകാം, ചിലപ്പോൾ ബലഹീനനെന്ന് നമുക്ക് തോന്നുന്നവരുടെ പക്ഷമാകാം, ചിലപ്പോൾ ബലവാനെന്ന് തോന്നുന്നവരുടെ പക്ഷമാകാം. പക്ഷേ, ഈ പക്ഷം പിടിക്കലിൽ സത്യമെവിടെ എന്നത് നമ്മുടെ നേരെ ഒരു ചോദ്യചിഹ്നമായി നിലകൊള്ളും.

ബിബിൻ മഠത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.