രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബഹുമുഖ സഹകരണം വഴി ഒരു പുതിയ വികസന മാതൃക കണ്ടെത്തുക; ആര്‍ച്ച് ബിഷപ്പ് ഇവാന്‍ യൂര്‍ക്കോവിച്ച്

ഐക്യരാഷ്ട്ര സഭയിലെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ഇവാന്‍ യൂര്‍ക്കോവിച്, വാണിജ്യവും വികസനവും സംബന്ധിച്ച സമ്മേളനത്തിന്റെ തയ്യാറെടുപ്പുമായി അനുബന്ധിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ 15–ാമത് യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബഹുമുഖ സഹകരണം വഴി ഒരു പുതിയ വികസനമാതൃക കണ്ടെത്താന്‍ ഉദ്‌ബോധിപ്പിച്ചത്.

‘അസമത്വത്തിലും ബലഹീനതയിലും നിന്ന് സകലരുടേയും അഭിവൃദ്ധിയിലേയ്ക്ക് ‘ എന്ന വിഷയത്തെ ആസ്പദമാക്കി, കോവിഡ്-19 ആഗോളതലത്തില്‍ വരുത്തിയ സാമ്പത്തിക ആഘാതങ്ങളുടെ വെളിച്ചത്തില്‍ 2030-ലെ സുസ്ഥിര വികസന കാര്യപരിപാടികള്‍ ആസൂത്രണം ചെയ്യാനുള്ള ഒരുക്കങ്ങളാണ് സമ്മേളനത്തില്‍ നടത്തുന്നത്. 2020 ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന സമ്മേളനം വരുന്ന ഏപ്രില്‍ 25 മുതല്‍ 30 വരെ ബാര്‍ബദോസില്‍ വച്ചാണ് നടത്തുക. പകര്‍ച്ചവ്യാധി സൃഷ്ടിച്ച സാമ്പത്തിക-പാരിസ്ഥിതിക-സാമൂഹിക ആഘാതങ്ങളെ തരണം ചെയ്യാന്‍ രാജ്യങ്ങളെ സഹായിക്കാന്‍ വേണ്ട പ്രായോഗിക ഉപായങ്ങളും നയങ്ങളും രൂപീകരിക്കുകയാണ് സമ്മേളനം ലക്ഷ്യമാക്കുന്നത്.

ഐക്യരാഷ്ട്ര സഭ അതിന്റെ കര്‍മ്മപരിപാടികളെ പുനര്‍വിചിന്തനം ചെയ്യണമെന്നും ഉത്തരവാദിത്വപൂര്‍ണ്ണമായ പ്രതിബദ്ധതയുടെ രീതികള്‍ അവലംബിക്കണമെന്നും ആഹ്വാനം ചെയ്ത അദ്ദേഹം, ഇന്നുള്ള വികസനമാതൃകകളുടെ ദൗര്‍ബല്യങ്ങള്‍ കോവിഡ്-19 വെളിപ്പെടുത്തി തരുന്നത് തിരിച്ചറിഞ്ഞു ലോകം പരസ്പരം ആശ്രയിച്ചുനില്‍ക്കുന്ന ഒന്നാണെന്നും അതിനാല്‍ ദീര്‍ഘവീക്ഷണമാര്‍ന്ന കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും തന്റെ പ്രഭാഷണത്തില്‍ അറിയിച്ചു. മാത്രമല്ല, പകര്‍ച്ചവ്യാധി വരുത്തിയ പ്രതിസന്ധി പരിസ്ഥിതിയും, വികസനവും സുരക്ഷയും എത്രമാത്രം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് ബോധ്യപ്പെടുത്തുന്നതിനാല്‍ ഏതെങ്കിലും ഒന്ന് പരിഹരിക്കാന്‍ മറ്റവയെ മാറ്റിനിറുത്തി ചിന്തിക്കുന്നത് ഒരിക്കലും വിജയസാധ്യതയുള്ള പദ്ധതിയാവില്ല എന്നും അടിവരയിട്ടു. അതിനാല്‍ കോവിഡ്-19 ന്റെ സാമ്പത്തിക പരിണതഫലങ്ങള്‍ക്കുള്ള തിരുത്തല്‍ നയങ്ങള്‍ ബൃഹത് സാമ്പത്തികനയങ്ങള്‍ മാത്രമാകാതെ പരിസ്ഥിതിയെ മാനിച്ചുകൊണ്ടുള്ള ഉചിതവും സമഗ്രമായ വികസനവും ലക്ഷ്യം വച്ചുള്ളവയാവണമെന്നും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.