ജൂണ്‍ 26 – അന്താരാഷട്ര ലഹരിവിരുദ്ധ ദിനം: തടയണം, ഈ ലഹരിപ്പകര്‍ച്ച

അഡ്വ. ചാര്‍ളി പോള്‍

2022-ലെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ പ്രമേയം ‘Addressing drug challenges in health and humanitarian crises (ആരോഗ്യ, മാനവിക പ്രശ്നങ്ങളും ലഹരി വെല്ലുവളിയും) എന്നതാണ്. ഈ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ലഹരി ഉപയോഗത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും അവയ്ക്കെതിരെ രാഷ്ട്രീയ ഇച്ഛാശക്തി ഉണര്‍ത്തി ലഹരിവിമുക്തമായ രാജ്യം കെട്ടിപ്പടുക്കാനുമാണ് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം ലക്ഷ്യം വയ്ക്കുന്നത്.

രണ്ട് ദശാബ്ദക്കാലമായി UNODC (United Nations Office on Drugs and Crime) രാജ്യത്തെ ലഹരിയില്‍ നിന്നും കുറ്റകൃത്യങ്ങള്‍, അഴിമതി, ഭീകരവാദം എന്നിവയില്‍ നിന്നും രക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. കുട്ടികള്‍, യുവാക്കള്‍, പൊതുജനങ്ങള്‍ എന്നിവരിലെ ലഹരി ഉപയോഗം ആരോഗ്യരംഗത്ത് വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്. ഒട്ടേറ മാനുഷികപ്രതിസന്ധികള്‍ക്കും ലഹരി ഉപയോഗം കാരണമാകുന്നു. കോവിഡാനന്തര കേരളത്തില്‍ അതിവേഗം പടരുന്ന മാരക പകര്‍ച്ചവ്യാധിയാണ് മയക്കുമരുന്നുകള്‍. മയക്കുമരുന്നിന്റെ നീരാളിപ്പിടുത്തത്തില്‍ കുരുങ്ങി, കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ മാത്രം സംസ്ഥാനത്തെ ലഹരിവിമുക്തി കേന്ദ്രങ്ങളില്‍ ചികിത്സക്ക് എത്തിയത് 3933 പേരാണ്. 21 വയസില്‍ താഴെയുള്ളവരാണ് ഇവരെല്ലാം. 40 ശതമാനവും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ്.

എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിലെ വിമുക്തി കേന്ദ്രങ്ങളില്‍ മാത്രം 16 മാസത്തിനിടെ ചികിത്സ തേടിയെത്തിയത് 3119 വിദ്യാര്‍ത്ഥികളാണ്. മൂന്ന് മേഖലാകേന്ദ്രങ്ങളിലായി 216 പേര്‍ കൗണ്‍സിലിങ്ങിനും എത്തി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം, കോട്ടയം, മലപ്പുറം ജില്ലകളിലെ പ്രധാനപ്പെട്ട ലഹരിവിമുക്ത കേന്ദ്രങ്ങളിലായി 596 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചു. മയക്കുമരുന്ന് ഉപയോഗിക്കുന്ന കുട്ടികളില്‍ ചെറിയ ശതമാനം മാത്രമേ ലഹരിവിമുക്ത കേന്ദ്രങ്ങളില്‍ എത്തുന്നുള്ളൂ. ബഹുഭൂരിപക്ഷവും ഇപ്പോഴും ആരുമറിയാതെ ലഹരി മരുന്ന് ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.

എം.ഡി.എം.എ-യും സ്റ്റാമ്പ് പോലുള്ള രാസലഹരിമരുന്നും ഉപയോഗിക്കുന്ന കുട്ടികളാണ് വിമുക്തികേന്ദ്രങ്ങളില്‍ എത്തുന്നത്. പലതരം മയക്കുമരുന്നുകള്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ കണ്ടെത്തി പരീക്ഷിക്കുന്നവരാണ് ഇതില്‍ പലരും. 2018 ജനുവരി ഒന്നുമുതല്‍ 2022 ജനുവരി 31 വരെ മയക്കുമരുന്ന് കടത്തിന് അറസ്റ്റിലായത് 8483 പേരാണ്. ഇതില്‍ 10.05 ശതമാനം കുട്ടികളാണെന്നാണ് എക്‌സൈസ് വകുപ്പിന്റെ കണക്ക്. 14 ജില്ലകളിലും എക്‌സൈസ് വകുപ്പിന് ‘വിമുക്തി’ എന്ന പേരില്‍ ലഹരിവിമുക്തി ചികിത്സാകേന്ദ്രങ്ങളുണ്ട്. ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലുമാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 2021 ജനുവരി മുതല്‍ 2022 ഏപ്രില്‍ വരെ ലഹരിമരുന്നിന് അടിമപ്പെട്ട് ചികിത്സക്കും കൗണ്‍സിലിങ്ങിനുമായി ഇവിടെയെത്തിയത് 3338 പേരാണ്.

പഞ്ചാബ് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം ലഹരി ഇടപാടുകള്‍ നടക്കുന്നത് കേരളത്തിലാണ്. ലഹരിവ്യാപനം മറയില്ലാത്ത ബിസിനസായി മാറി. കഴിഞ്ഞ 5 വര്‍ഷത്തിനിടെ എക്‌സൈസ് വകുപ്പു മാത്രം 16,152 കിലോ മയക്കുമരുന്നാണ് പിടികൂടിയത്. ഇതിന്റെ എത്രയോ ഇരട്ടി വിപണിയില്‍ ഉണ്ടാകും. പോക്കറ്റ് മണിക്കായും സ്വന്തം ഉപയോഗത്തിനും കുട്ടികള്‍ മയക്കുമരുന്നു കടത്തുകാരാകുന്നുണ്ട്.

പുകവലിയിലൂടെയാണ് ലഹരി ഉപയോഗത്തിലേക്കുള്ള വഴി തുറക്കുന്നത്. സിന്തറ്റിക്‌സ് ഡ്രഗ്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍ ഡ്രഗ്‌സ് എന്നിവയാണ് ഇപ്പോള്‍ കുട്ടികള്‍ കൂടുതലായി ഉപയോഗിക്കുന്നത്. കുട്ടികളെ ഉപയോഗിച്ചുള്ള അബ്കാരി-മയക്കുമരുന്ന് കടത്ത് കേസുകളുടെ കേന്ദ്രമാണ് എറണാകുളം. പഞ്ചാബിലെ അമൃത്‌സര്‍ ജില്ല കഴിഞ്ഞാല്‍ ഏറ്റവുമധികം ലഹരി ഉപയോഗിക്കുന്നതും എറണാകുളം ജില്ലയിലാണ്. രണ്ടര വര്‍ഷത്തിനിടെ സംസ്ഥാനത്താകെ ലഹരികടത്തിന് പിടിയിലായ 21 വയസില്‍ താഴെയുള്ളവര്‍ 1978 ആണ്. ഇതിന്റെ ആറിലൊന്നും എറണാകുളത്താണ് – 357 പേര്‍. ഏറ്റവും കുറവ് കോഴിക്കോടും കാസര്‍കോട്ടുമാണ് – 20 പേര്‍ വീതം.

ഇറാനില്‍ നിന്ന് കപ്പല്‍മാര്‍ഗ്ഗവും അഫ്ഗാനിസ്താനില്‍ നിന്ന് വിമാനം വഴിയും ബാംഗ്ലൂരില്‍ നിന്ന് കൊറിയറിലൂടെയും ആന്ധ്ര, ഒഡീഷ, ഛത്തീസ്ഗഢ്, എന്നിവിടങ്ങളിലെ വനമേഖലകളില്‍ നിന്ന് തീവണ്ടി മാര്‍ഗ്ഗവും ഹൈദരാബാദിലെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ നിന്ന് പാഴ്‌സല്‍ വഴിയും കേരളത്തിലേക്ക് മയക്കുമരുന്നുകള്‍ എത്തുന്നു. തൂക്കം വച്ചു നോക്കിയാല്‍ എക്‌സൈസ്‌ വകുപ്പ് പിടികൂടിയ മയക്കുമരുന്നില്‍ മുന്നില്‍ കഞ്ചാവാണ്. 16,150.2 കിലോ കഞ്ചാവാണ് അഞ്ച്‌ വര്‍ഷത്തിനിടെ പടികൂടിയത്. വിപണി മൂല്യത്തില്‍ മുന്നില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ-യാണ്. പിടിച്ചെടുത്ത 38.79 കിലോക്ക് 75 കോടി രൂപ വിപണിവില വരും. പുതിയ തലമുറ അടിപ്പെടുന്നതും പാര്‍ട്ടി ഡ്രഗ് എന്നറിയപ്പെടുന്ന ഈ മാരക മയക്കുമരുന്നിലാണ് .

കുടുംബസാഹചര്യം, ചീത്ത കൂട്ടുകെട്ട്, ആസ്വാദനം, അനുകരണം, ജിജ്ഞാസയും പരീക്ഷണവും, പരപ്രേരണ, പണലഭ്യത, മാനസിക-സാമൂഹ്യപ്രശ്നങ്ങളില്‍ നിന്ന് മോചനം, മിഥ്യാധാരണകള്‍, പഠനബുദ്ധിമുട്ട്, ജനിതകഘടന എന്നിങ്ങനെ നിരവധി കാരണങ്ങള്‍ ഒരുവനെ ലഹരിവഴിയിലേക്ക് നയിക്കാന്‍ കാരണമാകുന്നുണ്ട്.

ലഹരിയാസക്തി തലച്ചോറിനെ ബാധിക്കുന്ന രോഗമാണ്. ചികിത്സിച്ചേ സുഖപ്പെടുത്താനാകൂ. അതൊരു അടിമത്തമാണ്. ഏതൊരു അടിമത്തവും അതിജീവിക്കേണ്ടതാണ്. കോവിഡ് വൈറസിനെ ചെറുക്കാന്‍ ‘ബ്രേക്ക് ദ ചെയിന്‍’ നടപ്പാക്കിയതു പോലെ മയക്കുമരുന്ന് പകര്‍ച്ചയെ നേരിടാനും കണ്ണിമുറിക്കാനും സത്വര നടപടികള്‍ സ്വീകരിച്ചേ മതിയാകൂ. ഭരണസംവിധാനങ്ങള്‍ക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും കൈകോര്‍ക്കണം. നമ്മുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടെ ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തണം. ലഹരിയല്ലാത്ത സന്തോഷവഴികള്‍ കണ്ടെത്താന്‍ കുട്ടികളെ സഹായിക്കാം. ജീവതമാണ് ലഹരി എന്ന് അവരെ ബോധ്യപ്പെടുത്താം. അവര്‍ ചിറക് വിടര്‍ത്തട്ടെ. അവരെ ചേര്‍ത്തുപിടിച്ച്, തണല്‍വിരിക്കാം.

അഡ്വ. ചാര്‍ളി പോള്‍, സംസ്ഥാന വക്താവ്, കെ.സി.ബി.സി. മദ്യവിരുദ്ധസമിതി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.