മറക്കാനാവാത്ത തിരുനാൾ അനുഭവവുമായി ഗുജറാത്തിലെ ജുനഗഡ് ഇടവക

ഗുജറാത്തിലെ ജുനഗഡ് സെയിന്റ് ആൻസ് ഇടവക ദേവാലയത്തിലെ ഈ വർഷത്തെ തിരുനാളാഘോഷം ഇടവകക്കാർക്ക് വേറിട്ടൊരു ആത്മീയാനുഭവമായി മാറി. 1935 -ൽ ദേവാലയം സ്ഥാപിതമായ അന്നു മുതൽ എല്ലാ വർഷവും ജൂലൈ ഇരുപത്തിയാറാം തീയതി ആഘോഷിച്ചുവരുന്ന അന്ന പുണ്യവതിയുടെ തിരുനാൾ ഇടവകക്കാർക്ക് പ്രാർത്ഥനയുടെയും ഒത്തൊരുമയുടെയും പങ്കുവയ്ക്കലിന്റെയുമൊക്കെ അനുഭവമായിരുന്നു.

ഇത് ബോനീറ്റയുടെ അനുഭവം

ഗുജറാത്തിലെ കോവിഡ് രണ്ടാം തരംഗത്തിന്റെ മൂർദ്ധന്യത കുറഞ്ഞ അവസരത്തിൽ, ഈ വർഷവും പതിവുപോലെ ആചരിച്ച ഇടവകയിലെ തിരുനാളാഘോഷത്തിൽ പങ്കെടുക്കുവാനാണ് രാജ്‌കോട്ട് നിന്ന് നൂറു കിലോമീറ്ററിലേറെ യാത്ര ചെയ്ത് ബോനിറ്റ ഫെർണാണ്ടസ്, മാതൃ ഇടവകയിലെത്തിയത്. ഒപ്പം, കോവിഡ് രണ്ടാം തരംഗത്തിൽ കഴിഞ്ഞ ജൂൺ മാസം രോഗബാധിതനായി കുടുംബത്തിൽ നിന്ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട വത്സലപിതാവിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുക എന്ന പ്രത്യേക നിയോഗവും അവൾക്കുണ്ടായിരുന്നു.

കുഞ്ഞുനാൾ മുതൽ പപ്പയുടെ കരം പിടിച്ച് ഇടവകപ്പള്ളി പെരുനാളിനെത്തിയ ഓർമ്മകളെല്ലാം ജുനഗഡിലേക്കുള്ള യാത്രയിൽ അവളുടെ മനോമുകുരത്തിൽ തെളിഞ്ഞുവന്നു. ആദ്യമായി പപ്പയോടൊത്തല്ലാത്ത പള്ളിപ്പെരുന്നാൾ. ആ ഓർമ്മകൾ അവളെ ഒട്ടേറെ ദുഃഖിതയാക്കി. ഒട്ടേറെ മനോവ്യഥയോടും പ്രാർത്ഥനാ നിയോഗങ്ങളോടും കൂടെയെത്തിയ അവളുടെ മനസ് കുളിർപ്പിക്കുന്ന കാഴ്‌ച്ചയാണ് അവൾ ദേവാലയത്തിൽ കണ്ടത്.

തന്റെ പപ്പയുൾപ്പെടെ കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ തങ്ങളിൽ നിന്ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട എട്ട് ഇടവകാംഗങ്ങളുടെ ഫോട്ടോ, കത്തിച്ച തിരികൾക്കിടയിൽ പുഷ്‌പാലാംകൃതമായിരിക്കുന്ന കാഴ്ച്ചയാണ് അവൾ കണ്ടത്. ഒപ്പം ഇടവക ഒരു സമൂഹമായി, നിത്യതയിലേക്ക് വിളിക്കപ്പെട്ടവർക്കായുള്ള പ്രാർത്ഥനയും. തികഞ്ഞ മനോവേദനയോടെ ആഘോഷങ്ങൾക്ക് അനുരൂപമല്ലാത്ത മനസുമായെത്തിയ ബോനിറ്റ, ഈ വർഷത്തെ തിരുനാളാഘോഷം ഒരു ആത്മീയ ആഘോഷമായിമാറിയതിന്റെ ആത്മനിർവൃതിയോടെ രാജ്‌കോട്ടേക്ക് മടങ്ങിപ്പോയി.

ഈ തിരുനാളാഘോഷത്തിലൂടെ, അജഗണങ്ങളുടെ മനസ് വായിച്ചറിഞ്ഞ ഇടയനായി മാറുകയായിരുന്നു വികാരിയായ ഫാ. വിനോദ് കാനാട്ട്. രണ്ടാം തരംഗത്തിൽ കൊറോണ രോഗബാധയുടെ എല്ലാവിധ കഷ്ടാരിഷ്ടതകളിലൂടെയും കടന്നുപോയവരാണ് ജുനഗഡ് നിവാസികൾ. എട്ട് കുടുംബങ്ങൾക്കാണ് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായത്. തൊട്ടടുത്തു തന്നെ ഇടവക തിരുനാളുമെത്തി. ഇടവകക്കാരുടെ മനസ് വായിച്ചറിഞ്ഞ വികാരി ഫാ. വിനോദ് തന്നെയാണ് ആത്മീയമായ ഈ തിരുനാളാഘോഷത്തിന്റെ ആശയം മുന്നോട്ടു വച്ചത്. ഈ തിരുനാൾ അവസരത്തിൽ തങ്ങളിൽ നിന്ന് നിത്യതയിലേക്ക് വിളിക്കപ്പെട്ടവർക്കായി അവരുടെ കല്ലറയിങ്കൽ പ്രത്യേക പ്രാർത്ഥനകളും നടത്തി.

എസ്പിരാൻസ ഡിസൂസക്കും കുടുംബത്തിനും പറയാനുള്ളത്

ഭർത്താവും ബുദ്ധിവൈകല്യമുള്ള രണ്ട് പെണ്മക്കളും അടങ്ങുന്ന ഒരു നിർദ്ധനകുടുംബമാണ് എസ്പിരാൻസായുടേത്. കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതവുമായി മുന്നോട്ടു നീങ്ങുമ്പോളാണ്, മൂന്ന് വർഷം മുൻപുണ്ടായ ഒരു വീഴ്ചയിൽ നട്ടെല്ലിന് സാരമായി പരിക്കേറ്റത്. കൊറോണ കാലഘട്ടമായപ്പോൾ വേദനയും അസ്വസ്ഥതകളും അസഹനീയമായി. ഈ കൊറോണ കാലഘട്ടത്തിൽ നൂറു കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് എസ്പിരാൻസക്കൊപ്പം സഹായത്തിനായി ചെല്ലുവാൻ ബന്ധുജനങ്ങളും നിസ്സഹായരായിരുന്നു.

ഒരു മകൾ സാരമായ ശാരീരിക അസ്വസ്ഥതകളുമായി കിടപ്പുരോഗിയായി വീട്ടിലുള്ളതിനാൽ, വീട്ടിൽ നിന്ന് മാറിനിൽക്കുവാൻ എസ്പിരാൻസാക്കും സാധിക്കുമായിരുന്നില്ല. ഈ ദുർഘടാവസ്ഥയിൽ അവർക്കുള്ള ഏക ആശ്രയം ഇടവകപ്പള്ളിയായിരുന്നു.

ഈ സങ്കടവാർത്ത അറിഞ്ഞ വികാരി ഫാ. വിനോദ്, എസ്പിരാൻസയെ ആശുപത്രിയിൽ ആക്കുകയും രോഗവിമുക്തയാവുന്നതു വരെ ആശുപത്രിയിൽ നിന്നുകൊണ്ട് ആവശ്യമായ സഹായങ്ങൾ ചെയ്തുനൽകുകയും ചെയ്തു.

സൈക്കിൾ പ്രീസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന ഫാ. വിനോദ് കാനാട്ട് വർഷങ്ങളായി സൈക്കിളിൽ യാത്ര ചെയ്താണ് ഇടവകക്കാരെ സന്ദർശിക്കുന്നത്. അച്ചനെക്കുറിച്ചും ഈ ഇടവകയെക്കുറിച്ചുമുള്ള വിശേഷങ്ങൾ വത്തിക്കാൻ മുഖപത്രമായ ‘ലസ്സോര്‍വത്തോരെ റൊമാനോ’ ഉൾപ്പെടെ ഇരുപത്തിയഞ്ചോളം കത്തോലിക്കാ മാധ്യമങ്ങളിൽ വാർത്തയായിരുന്നു.

പാലാ രൂപത മുണ്ടാങ്കൽ സെയിന്റ് ഡൊമിനിക് ഇടവകാംഗമായ ഫാ. വിനോദ്, സിഎംഐ സഭ, ഭാവനഗർ സെയിന്റ് ചാവറ പ്രവിശ്യാംഗമാണ്.

ഫാ. ജിതിൻ പറശേരിൽ CMI

1 COMMENT

  1. We were members of the parish for more than 12 years. During this period we have personally witnessed and experienced the selfless services rendered by Rev Fr Vinod Kannatt, the parish priest, which is praiseworthy. So is the reason why the parish community does not want to leave him. May our Almighty God Jesus Christ bless him and the community.

Leave a Reply to AnonymousCancel reply