ഒരു യഥാർത്ഥ ക്രിസ്ത്യാനി ജീവിക്കേണ്ടത് മറ്റുള്ളവർക്കായി: ഫാ. സെഡ്രിക് പ്രകാശ്

യുദ്ധത്തെയും ദാരിദ്രത്തെയും ഭയപ്പെട്ട് പലായനം ചെയ്ത് മറ്റ് ദേശങ്ങളിൽ അഭയം തേടുന്ന നമ്മുടെ സഹോദരീസഹോദരന്മാരെ സംരക്ഷിക്കുകയും സഹായിക്കുകയും നമ്മോട് സംയോജിപ്പിക്കുകയും ചെയ്യുക എന്നത് ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അവന്റെ കടമയാണെന്ന്, ജെസ്യൂട്ട് റെഫ്യൂജി സർവീസിന്റെ അഡ്വൈസർ, ഫാ. സെഡ്രിക് പ്രകാശ് പറഞ്ഞു.

സംഘർഷങ്ങളും ദാരിദ്രവും നിലനിൽക്കുന്നിടത്തുനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ രാജ്യത്തുനിന്ന് മടക്കി അയച്ച് അവരുടെ പ്രതീക്ഷകളെ വേരോടെ പിഴുതെറിയുകയാണ് അധികാരികൾ ചെയ്യുന്നത്. എന്നാൽ  ഏറ്റവും കൂടുതൽ അഭയാർത്ഥികളെ സ്വാഗതം ചെയ്യുന്ന യൂറോപ്യൻ രാജ്യമായ ഇറ്റലി ഈ വിഷയത്തിൽ കൂടുതൽ ഉദാരമായ നയം വീണ്ടും നടപ്പാക്കിയിരിക്കുകയാണ്.

മൂന്ന് വർഷമായി അഭയാർത്ഥികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഫാ. പ്രകാശ്, സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ അഭയാർത്ഥികൾക്കൊപ്പമാണ് കൂടുതൽ സമയവും ചെലവഴിച്ചിരുന്നത്. അത് തനിക്ക് ഒട്ടേറെ അനുഭവങ്ങളും പാഠങ്ങളും സമ്മാനിച്ചെന്നും ഫാ. പ്രത്യാശയുടെ പറഞ്ഞു. “അഭയാർത്ഥികളുടെ കണ്ണീര് കാണാൻ ഫ്രാൻസിസ് മാർപാപ്പ നിരന്തരം ആവശ്യപ്പെടുന്നത് എന്തിനാണെന്നും ആ നാളുകളിൽ എനിക്ക് മനസിലായി. യേശുവിന്റെ അനുയായികളായ നമുക്കെല്ലാവർക്കും അഭയാർത്ഥികളോട് പ്രത്യേക കടമയുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.

ഓരോ രാജ്യങ്ങളും അഭയാർത്ഥികളെ സംബന്ധിച്ച എന്ത് നയം തന്നെ സ്വീകരിച്ചാലും സഹോദരനുവേണ്ടി തന്നാലാവും വിധം ശബ്ദമുയർത്താൻ ഒരു ക്രിസ്ത്യാനിക്ക് സാധിക്കണം. അവരെ മാറ്റി നിർത്തുന്നത് ക്രിമിനൽ കുറ്റമാണ്. എല്ലാം ഇട്ടെറിഞ്ഞ് വരുന്ന ഒരു വ്യക്തിക്ക് കുളിക്കാനും വിശപ്പടക്കാനും എന്തെങ്കിലും ചെയ്യുക എന്നത് വിലമതിക്കാനാവാത്ത കാര്യമാണ്.

അതുകൊണ്ട് മനുഷ്യത്വം ഉപേക്ഷിക്കാതെ അനുകമ്പയോടും കരുണയോടും സ്നേഹത്തോടും കൂടെ നീതിയുടെ വാതിൽ മറ്റുള്ളവർക്കായി തുറന്നിടാം. അങ്ങനെ നമ്മുടെ ലോകത്തെ നമുക്ക് അതിമനോഹരമാക്കാം. ഫാ. പ്രകാശ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.