പരിശുദ്ധ അമ്മ ഒപ്പമുണ്ടായിരുന്ന ഒരു ട്രെയിന്‍ യാത്ര

സി. അനിത വര്‍ഗ്ഗീസ് എസ്.ജെ.

അതികഠിനമായ വേനല്‍ക്കാലം. ശരീരത്തിന്റെ രോമകൂപങ്ങളെപ്പോലും ചുട്ടുകരിക്കുന്ന ചൂട്. മനുഷ്യന്റെ ചിന്തകളെപ്പോലും വാടിക്കരിയിക്കാന്‍ തക്ക ശക്തിയുള്ള ഉഷ്ണക്കാറ്റ്. ഇതൊന്നും വകവയ്ക്കാതെ ഞാന്‍ സാഗറില്‍ നിന്നും ഏകദേശം 200 കി.മീ. ദൂരെയുള്ള ഭോപ്പാലിലേക്കുള്ള ദുര്‍ഘടമായ ട്രെയിന്‍ യാത്രയ്ക്ക് ഇറങ്ങി. ഇറങ്ങുന്നതിന് മുമ്പ് വഴികാട്ടിയായ കാവല്‍മാലാഖയോട് ഒരു സീറ്റ് എനിക്കുവേണ്ടി ഒരുക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു. പരിശുദ്ധ അമ്മയുടെ പ്രത്യേക മാദ്ധ്യസ്ഥം യാചിച്ചുകൊണ്ട് യാത്രയായി.

യാത്ര ചെയ്യാന്‍ പോകുന്ന ട്രെയിന്‍ വളരെ തിരക്കേറിയതാണ്. അസ്വസ്ഥതയുളവാക്കുന്ന ചൂടിനെക്കാള്‍ കൂടുതല്‍ മനംപുരട്ടുന്ന വിയര്‍പ്പിന്‍ മണമുള്ള, വിദ്യാഭ്യാസവും സംസ്‌കാരവും തൊട്ടുതീണ്ടിയില്ലാത്ത ഒരുപറ്റം മനുഷ്യരുടെ കൂടെയുള്ള യാത്ര ഏറ്റവും അരോചകം തോന്നിക്കുന്നതാണെങ്കിലും മുന്നില്‍ ദൈവേഷ്ടം കണ്ടുകൊണ്ട് ടിക്കറ്റ് എടുത്ത് ട്രെയിനില്‍ കയറി. ഒരു ഒഴിഞ്ഞ മൂലയില്‍ എനിക്കുവേണ്ടി മാത്രം ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. ആരും കാണാതെ പോയ നിധിപോലെ. ഞാന്‍ ആ സീറ്റില്‍ ശാന്തമായി ഇരുന്ന് പരിശുദ്ധ അമ്മയോടു കൂടെയുള്ള യാത്ര ആരംഭിച്ചു. ഏകദേശം 3 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ എത്തി.

അവിടെ നിന്നും മറ്റൊരു ട്രെയിനില്‍ കയറി. ഏകദേശം 36 കി.മീ. കൂടി യാത്രയുണ്ട്. എന്റെ ലക്ഷ്യസ്ഥാനത്തെത്താന്‍. എന്റെ കൈയിലുള്ള ടിക്കറ്റ് ജനറല്‍ ആണ്. പക്ഷേ, ആ കംപാര്‍ട്ടുമെന്റില്‍ ഒരു ചെറുവിരല്‍ പോലും കുത്താന്‍ സ്ഥലമില്ല. അടുത്ത് വരുന്ന പെരുന്നാളിനായി ബന്ധുവീടുകളിലേക്ക് ഒഴുകുന്ന ഒരുകൂട്ടം ജനത്തിന്റെ ഇടയില്‍ ഞാന്‍ ചിന്തിച്ചു. ഇനി എന്ത് ചെയ്യും. റിസര്‍വേഷന്‍ കംപാര്‍ട്ടുമെന്റില്‍ കയറുവാന്‍ ഞാന്‍ തീരുമാനിച്ചു. മാതാവെ രക്ഷിക്കണമേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ കയറി ഇരുന്നു. വളരെയധികം ചെക്കിംഗ് ഉള്ള സ്ഥലമായതിനാല്‍ പിടിക്കപ്പെടും എന്ന് എനിക്ക് തീര്‍ച്ചയായിരുന്നു. വിരലിന് ഇടയിലൂടെ ഓരോ ജപമാല മണികളും ഉരുണ്ടുരുണ്ട് പോകുന്നതിനോടൊപ്പം, പെരുംപറ കൊട്ടുംപോലെ ഹൃദയമിടിപ്പും എനിക്ക് കേള്‍ക്കാനാവുന്നുണ്ടായിരുന്നു.

തലകുമ്പിട്ടിരുന്ന് ഞാന്‍ ഉറങ്ങുന്ന ഭാവത്തില്‍ ഇരുന്നു. പെട്ടന്നതാ രണ്ട് ഗജവീരന്മാര്‍ (രണ്ട് സ്‌ക്വാഡ്) കയ്യില്‍ കറുത്ത ബാഗും തൂക്കി എന്റെ മുമ്പിലിരുന്ന് (ഇവര്‍ പ്രത്യേക ചെക്കിംഗ് ടീം ആയിരുന്നു) ചുറ്റുമുള്ളവരോടായി ടിക്കറ്റ് പരിശോധന തുടങ്ങി. വലിയൊരു തുക പിഴയടക്കാനുള്ള കണക്ക് കൂട്ടലുകളോടെ വളരെ അസ്വസ്ഥമായി ഞാന്‍ ഇരുന്നു. അതിലൊരാള്‍ എന്റെ ടിക്കറ്റ് ചോദിച്ചു. ഞാന്‍ ആദരപൂര്‍വ്വം പറഞ്ഞു: സര്‍ മേരെ ലിയേ റിസര്‍വേഷന്‍ നഹീം ഹെ (എനിക്ക് റിസര്‍വേഷന്‍ ഇല്ല). ഗൗരവപൂര്‍വ്വം അയാള്‍ വീണ്ടും പറഞ്ഞു: ആപ്കാ ടിക്കറ്റ് ദീജിയേ (താങ്കളുടെ ടിക്കറ്റ് തരിക). പേനകൊണ്ട് ടിക്കറ്റില്‍ വരക്കുന്നതിനിടയില്‍ അയാള്‍ പറഞ്ഞു: സിസ്റ്റര്‍ ഞാന്‍ ഒരു മലയാളിയാണ്. സിസ്റ്റര്‍ പേടിക്കേണ്ട. ഇത് കേട്ടപ്പോള്‍ എനിക്ക് മനസ്സിന് ഒരു ആശ്വാസം തോന്നി.

അയാളുടെ കഴുത്തില്‍ കിടക്കുന്ന കൊന്ത കണ്ടപ്പോള്‍ അയാള്‍ ഒരു ക്രിസ്ത്യാനിയാണെന്ന് ഞാന്‍ മനസ്സിലാക്കി. ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു; സര്‍, ഞാന്‍ മാതാവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. അയാള്‍ പറഞ്ഞു, സിസ്റ്റര്‍, സിസ്റ്ററിന് ഭാഗ്യം ഉണ്ട്. ഈ വണ്ടിയില്‍ ഇന്ന് എനിക്ക് ഡ്യൂട്ടി ഇല്ല. ഭോപ്പാലില്‍ ഞാന്‍  ഇറങ്ങേണ്ടതായിരുന്നു. പക്ഷേ അവിടെ എത്തിയപ്പോള്‍ ആരോ എന്റെ മനസ്സില്‍ പറയുന്നത് പോലെ ഈ ട്രെയിനിലും കൂടി പരിശോധന കഴിഞ്ഞ് ഇറങ്ങിയാല്‍ മതി. ഇത്രയും പറയുന്നതിനിടയില്‍ അയാളുടെ മൊബൈല്‍ നമ്പര്‍ എനിക്ക് തന്നിട്ട് പറഞ്ഞു, എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ എന്നോട് പറഞ്ഞോളൂ, ഇത്രയും കേട്ടപ്പോള്‍ എന്റെ കാതുകളെ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

നമ്മുടെ കുറവുകളും, കഴിവുകേടുകളും, ഇല്ലായ്മകളും കണക്കിലെടുക്കാതെ നമ്മെ തന്റെ നീലകാപ്പയ്ക്കുള്ളില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്ന പരിശുദ്ധ അമ്മയുടെ നമ്മോടുള്ള സ്‌നേഹത്തിന്റെ ആഴത്തിലേക്ക് ഞാന്‍ ആഴ്ന്നിറങ്ങി. ഒന്നു വിളിച്ചാല്‍ മാത്രം മതി. നമ്മുടെ ചാരെ ഒത്തിരിയേറെ കരുതലോടെ ഓടിയെത്തുന്ന അമ്മ.

ഈ അമ്മയുടെ സ്‌നേഹത്തിലേക്ക് നമുക്ക് വളരാന്‍ ശ്രമിക്കാം. നമ്മുടെ ജീവിതത്തിന്റെ ഓരോ നിമിഷവും നമ്മുടെ കൂടെയായിരിക്കാന്‍ അമ്മയെ നമുക്ക് വിളിക്കാം. വിളിച്ചാല്‍ വിളികേള്‍ക്കുന്ന അമ്മയുടെ കാപ്പയ്ക്കുള്ളില്‍ ഇടം ലഭിക്കും വിധം നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാം. ഓരോ പ്രഭാതത്തിലും അമ്മയുടെ സാന്നിധ്യം അനുഭവിച്ചുകൊണ്ട് ഉണരാം, സഞ്ചരിക്കാം. അങ്ങനെ സ്‌നേഹമുള്ള നമ്മുടെ അമ്മയെ നമുക്ക് സ്വന്തമാക്കാം.

സി. അനിത വര്‍ഗ്ഗീസ് എസ്.ജെ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.