പുൽക്കൂട്ടിലേയ്ക്കുള്ള യാത്ര – അഞ്ചാം ദിനം 

ക്രിസ്തുമസ് – മനുഷ്യന്റെ വേദനകളിൽ അവൻ ഒറ്റയ്ക്കല്ല എന്ന് ബോധ്യപ്പെടുത്തുന്നതിനും അവനെ ലോകത്തിന്റെ സകല വേദനകളിൽ നിന്നും മോചിപ്പിക്കുന്നതിനുമായി ദൈവപുത്രൻ ലോകത്തിലേയ്ക്ക് ആഗതനായതിന്റെ ഓർമ്മയാചരിക്കുന്ന നിമിഷം. ദൈവം ലോകത്തിലേയ്ക്ക് വന്നപ്പോൾ അവിടുന്നു സുഖസൗകര്യങ്ങളുടെ നടുവിലേയ്ക്കല്ല പിറന്നു വീണത്. വേദനകളുടെയും കഷ്ടപ്പാടുകളുടെയും നടുവിലായിരുന്നു ആ ദിവ്യ ജനനം. തുടർന്നുള്ള ജീവിതത്തിലും അവിടുന്ന് വേദനിക്കുന്നവരുടെ ഒപ്പമായിരുന്നു. അവരുടെ വേദനകളും ദു:ഖങ്ങളും മാറ്റിക്കൊണ്ട് ഈശോ ചുറ്റി സഞ്ചരിച്ചു.

ഈശോ തന്റെ ജീവിതത്തിൽ അനേകം രോഗികളെ കണ്ടു. അവരുടെ വേദനകൾ മനസിലാക്കി. ആ വേദനകളിലേയ്ക്ക് കടന്നു ചെന്നു. പിതാവിന്റെ നാമത്തിൽ അവയെല്ലാം സുഖപ്പെടുത്തി. രോഗത്താൽ വലഞ്ഞു ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട അനേകം ആളുകളെ സുഖപ്പെടുത്തി അവരെ പുതു ജീവിതത്തിലേയ്ക്ക് കൈപിടിച്ച് നടത്തി. രോഗത്താൽ കഷ്ടപ്പെട്ടവരെ സഹായിച്ച ഈശോയെപോലെ നമുക്കും അവരോടൊപ്പം ഈ ക്രിസ്‍മസ് കാലം ആയിരിക്കാം.

പുൽക്കൂട്ടിലേയ്ക്കുള്ള ഈ യാത്രയിൽ നമ്മുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനം എടുക്കാം. കൂടാതെ രക്തം ദാനം ചെയ്യാൻ കിട്ടുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താം. രോഗാവസ്ഥയിൽ കഴിയുന്ന നമ്മുടെ പ്രിയപ്പെട്ടവർക്കായി അനുദിനം പ്രാർത്ഥിക്കാം. അങ്ങനെ രോഗികളായവരെ പരിഗണിച്ചു കൊണ്ട് പുൽക്കൂട് യാത്രയിൽ നമുക്ക് മുന്നേറാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.