പുല്‍ക്കൂട്ടിലേയ്ക്കുള്ള യാത്ര- നാലാം ദിവസം

ക്രിസ്തുമസ് മാറ്റത്തിന്റെ കാലമാണ്. നമ്മുടെ ജീവിതത്തിലെ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി ഒരു പുതിയ വ്യക്തിയായി ദൈവപുത്രന്റെ ജന്മദിനത്തിനായി ഒരുങ്ങുന്ന നേരം. നല്ലതിനെയും നന്മകളെയും ആവോളം ഉള്‍ക്കൊണ്ട്, അത് മറ്റുള്ളവരിലേയ്ക്ക് പകര്‍ന്നു കൊടുത്തുകൊണ്ട് ഈ ക്രിസ്മസ് കാലം ധന്യമാക്കാം. നമ്മുടെ ചെറിയ പ്രവര്‍ത്തികളിലൂടെ മറ്റുള്ളവരോട് ഒപ്പമായിരിക്കുവാനും അവരോടൊപ്പം ചേര്‍ന്ന് പുല്‍ക്കൂട്ടിലെയ്ക്ക് യാത്രചെയ്യുകയും ചെയ്യാം.

ഈശോ തന്റെ സ്വര്‍ഗീയ പിതാവിനെ എപ്പോഴും ആരാധിച്ചിരുന്നു. പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നതിനായി ആണ് അവിടുന്ന് മനുഷ്യനായി അവതരിച്ചത്. ദൈവത്തെ പൂര്‍ണ്ണ ഹൃദയത്തോടും ആത്മാവോടും ശക്തിയോടും കൂടെ ആരാധിക്കണം എന്ന് പഠിപ്പിച്ചു കൊണ്ടാണ് ഈശോ സഞ്ചരിച്ചത്. പഠിപ്പിക്കുക മാത്രമല്ല തന്റെ പ്രവര്‍ത്തിയിലൂടെ അവിടുന്ന് അവര്‍ക്ക് മാതൃക നല്‍കുകയും ചെയ്തു. ആ ഈശോയെ പോലെ നമ്മുക്കും പിതാവായ ദൈവത്തെ ആരാധിച്ചുകൊണ്ട് പുല്‍ക്കൂട് യാത്രയ്ക്കായി ഒരുങ്ങാം.

ഇന്നേ ദിവസം  നിങ്ങളുടെ പള്ളിയില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുകയും അതിലേയ്ക്ക് മറ്റുള്ളവരെ ക്ഷണിക്കുകയും ചെയ്യാം.  കൂടാതെ സ്വര്‍ഗ്ഗീയ പിതാവിനോട് മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് അല്പം നേരം ആയിരിക്കാം. ഒപ്പം ദൈവത്തിന്റെ സാന്നിധ്യം നിറഞ്ഞു നില്‍ക്കുന്ന നമ്മുടെ ഇടവക ദേവാലയവും പരിസരവും വൃത്തിയാക്കുവാനും ശ്രമിക്കാം. അങ്ങനെ കുഞ്ഞു കുഞ്ഞു പ്രവര്‍ത്തികളിലൂടെ സ്വര്‍ഗീയ പിതാവിനോട് ചേര്‍ന്ന് നിന്ന് കൊണ്ട് പുല്‍ക്കൂടിലേയ്ക്ക് നമുക്ക് യാത്ര ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.