പുല്‍ക്കൂട്ടിലേയ്ക്കുള്ള യാത്ര – പതിനഞ്ചാം ദിനം 

ക്രിസ്തുമസ് ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയായി മാറേണ്ടതിന്റെ ആഹ്വാനവുമായിട്ടാണ് കടന്നുവരുന്നത്. ഒരു യഥാർത്ഥ ക്രിസ്ത്യാനി തന്റെ സ്വർഗ്ഗീയപിതാവിനെ ആരാധിക്കുന്നതിനും അവിടുത്തെ സാന്നിധ്യത്തിലായിരിക്കുന്നതിനും എല്ലായ്പ്പോഴും പരിശ്രമിക്കും. ഈശോ മനുഷ്യനായി അവതരിച്ചതുപോലും പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നതിനായിട്ടാണ്. അതിനാൽ ഈശോയെപ്പോലെ നമുക്കും പിതാവിനെ ആരാധിച്ചുകൊണ്ട് പുൽക്കൂട് യാത്രയിൽ മുന്നേറാം.

ദൈവത്തെ ആരാധിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് സംഗീതം. പ്രാർത്ഥനകളെക്കാൾ ഇരട്ടിശക്തിയാണ് പാട്ടുകളിലൂടെ ദൈവത്തെ ആരാധിക്കുമ്പോൾ ലഭിക്കുക. ദൈവത്തെ പാടി ആരാധിക്കുകയാണ് കൂടുതൽ ഉചിതം എന്ന് വിശുദ്ധ ഗ്രന്ഥവും സൂചിപ്പിക്കുന്നു. മാലാഖമാർ സ്വർഗത്തിൽ ദൈവത്തെ നിരന്തരം പാടി സ്തുതിച്ചുകൊണ്ടിരിക്കുകയാണ്. അതുപോലെ നമുക്കും ദൈവത്തെ പാടി സ്തുതിക്കാം.

കൊച്ചുകൊച്ചു സമ്മാനങ്ങളുമായി പുൽക്കൂട്ടിൽ ഉണ്ണിയീശോയെ ദർശിക്കുന്നതിനുള്ള ഈ യാത്രയിൽ ഇന്നേ നമുക്ക് സഭയിലെ ഗാനശുശ്രൂഷകളിൽ പങ്കെടുക്കുവാൻ ശ്രമിക്കാം. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു ക്രിസ്തുമസ് ഗാനം സാമൂഹ്യമാധ്യമങ്ങളിൽ  പോസ്റ്റ് ചെയ്യാം. കൂടാതെ, ഇന്നേദിവസം ക്രിസ്തുമസിന്റെ സന്ദേശങ്ങൾ പകരുന്ന നല്ല ഗാനങ്ങൾ കേൾക്കുവാൻ ശ്രമിക്കാം.അങ്ങനെ പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയീശോയോടൊപ്പം ആയിരിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.