ബെത്‌ലഹേമിലേക്കുള്ള യാത്ര – എട്ടാം ദിവസം

ക്രിസ്തുമസ് നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് അതിരുകളോ നിബന്ധനകളോ ഇല്ലാതെ സ്‌നേഹിക്കുന്ന ഈശോയെയാണ്. ദൈവമായിരുന്നിട്ടും മനുഷ്യര്‍ക്കായി, അവിടുന്ന് എളിമയുടെ, ദാരിദ്ര്യത്തിന്റെ പുല്‍ക്കൂടോളം താഴ്ന്നു. ആ എളിമയുടെയും സ്‌നേഹത്തിന്റെയും ജീവിതമാണ് നാം അനുകരിക്കേണ്ടത്.

ബെത്‌ലഹേമിലേക്കുള്ള യാത്രയുടെ എട്ടാം ദിവസത്തിലേക്ക് നാം കടന്നിരിക്കുകയാണ്. ഇന്നേ ദിവസം നമുക്ക് പ്രാര്‍ത്ഥിക്കാം:

‘എന്റെ പ്രിയ ഉണ്ണീശോയെ, അങ്ങയുടെ ജനനത്തിനായി ഒരുങ്ങുന്ന ഈ നിമിഷം അങ്ങയുടെ മാതാവായ പരിശുദ്ധ മറിയത്തെ പോലെ ദൈവഹിതത്തിനു പൂര്‍ണ്ണമായും വിട്ടു കൊടുക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ. ദൈവം ഞങ്ങളുടെ ജീവിതത്തില്‍ അനുവദിക്കുന്ന എല്ലാ കാര്യങ്ങളെയും ദൈവത്തോട് ചേര്‍ന്ന് നിന്നുകൊണ്ട് അഭിമുഖീകരിക്കുവാന്‍ ശക്തിപ്പെടുത്തണമേ. ആമ്മേന്‍’

ഉണ്ണിയീശോയെ കാണുവാനായുള്ള യാത്രയില്‍ ഇന്നേ ദിവസം നമുക്ക് നമ്മുടെ സഹനങ്ങള്‍ ദൈവത്തിന് സമര്‍പ്പിക്കാം. എന്നെ കുറിച്ചുള്ള ദൈവത്തിന്റെ ഹിതത്തിനു മറിയത്തെ പോലെ പൂര്‍ണ്ണമായും സമര്‍പ്പിക്കുവാന്‍ അനുഗ്രഹിക്കണമേ എന്ന് പ്രാര്‍ത്ഥിക്കാം. അങ്ങനെ ഈശോയ്ക്കായി ഒരു കമ്പിളി സമ്മാനിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.