തെറ്റിയ ഹെഡ് ലൈൻ തലവര മാറ്റി; മാധ്യമ പ്രവർത്തകൻ വൈദികനായി 

അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുമ്പേ നാം ആരാകും എന്നത് ദൈവത്തിന്റെ മനസിലുണ്ട്. അത് ദൈവിക പദ്ധതിയാണ്. ഉദരത്തിൽ ഉരുവാകുന്നതിനു മുമ്പു തന്നെ നമ്മെ കാണുന്നവനായ, നമ്മുടെ രൂപം പരിചിതമായ ദൈവം നമ്മെക്കുറിച്ചുള്ള പദ്ധതികൾ അവിടുത്തെ ഉള്ളംകയ്യിൽ രേഖപ്പെടുത്തിയിട്ടുണ്ട്. താൻ തെരഞ്ഞെടുത്തവരെ തന്റെ പക്കലേയ്ക്ക് തന്നെ എത്തിക്കുക തന്നെ ചെയ്യും. എത്ര വഴിമാറി പോയാലും ദൈവഹിതം പൂർത്തിയാക്കുവാൻ അവിടുന്ന് അവരെ തന്റെ പക്കലേയ്ക്ക് കൊണ്ടുവരിക തന്നെ ചെയ്യും. അതിന് ഉത്തമോദാഹരണമാണ് ‘ഇ.എസ്.പി.എൻ’-ലെ എഡിറ്ററായി സേവനം ചെയ്തിരുന്ന ഫാ. ആന്റണി ഫെഡെറിക്കോയുടെ ജീവിതം. ദൈവം തനിക്കായി നടത്തിയ അത്ഭുത തിരഞ്ഞെടുപ്പിന്റെ വഴിയേ നമുക്കും കടന്നുപോകാം.

പ്രമുഖ സ്‌പോർട്‌സ് ചാനലായ ഇ.എസ്.പി.എൻ-ന്റെ മുൻ എഡിറ്ററായിരുന്നു ആന്റണി ഫെഡെറിക്കോ. സ്‌പോർട്‌സ് മത്സരങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നൽകുന്ന ഇ.എസ്.പി.എൻ-ന്റെ മൊബൈൽ ആപ്ലിക്കേഷൻ ടീമിൽ കണ്ടന്റ് എഡിറ്ററായി ജോലി ചെയ്യുകയായിരുന്നു ആന്റണി ഫെഡെറിക്കോ. അതിനിടയിലാണ് ദൈവനിയോഗം പോലെ ആ സംഭവം കടന്നുവരുന്നത്.

2012 ഫെബ്രുവരി 17-നാണ് ഫെഡെറിക്കോയുടെ ജീവിതത്തെ മാറ്റിമറിച്ച സംഭവം നടക്കുന്നത്. അമേരിക്കയിലെ പ്രൊഫഷണൽ ബാസ്‌കറ്റ്‌ ബോൾ പ്ലെയർ, ജെറമി ലിൻ നയിക്കുന്ന ന്യൂയോർക്ക് നിക്ക്‌സിനുണ്ടായ ഒരു തോൽവിയെ വിശകലനം ചെയ്ത് തയ്യാറാക്കിയ ഫീച്ചറിന്റെ തലക്കെട്ടാണ് ദൈവത്തിലേയ്ക്കുള്ള വഴികാട്ടിയായി മാറിയത്. മത്സരത്തിൽ മോശം പ്രകടനമായിരുന്നു ലിൻ കാഴ്ച വച്ചത്. ‘പടച്ചട്ടയിലെ വിള്ളൽ’ എന്ന തലക്കെട്ടോടെ ലേഖനം പ്രസിദ്ധീകരിച്ചപ്പോൾ, ലിൻ കാഴ്ചവച്ച മോശം പ്രകടനം മാത്രമാണ് അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത്.

എന്നാൽ, ആ തലക്കെട്ട് അദ്ദേഹത്തിന് വിനയായി മാറുകയാണ് ചെയ്തത്. തലക്കെട്ട്, ഏഷ്യൻ വംശജനായ ലിന്നിനെ വംശീയമായി അധിക്ഷേപിക്കുന്നതായി വ്യാഖ്യാനിക്കപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്തു. ഇതിന്റെ പേരിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഫെഡറിക്കൊയ്ക്ക് ജോലി തന്നെ നഷ്ടമായി. നിരാശയോടെയാണെങ്കിലും ആ ജോലിയിൽ നിന്ന് മറ്റൊരു ജോലിയിലേയ്ക്ക് പ്രവേശിക്കുമ്പോൾ ദൈവം തനിക്കായി കാത്തിരിക്കുന്നു എന്ന യാഥാർഥ്യം അദ്ദേഹം തിരിച്ചറിഞ്ഞില്ല.

ലൈവ് ക്ലിപ്‌സ് എന്ന മറ്റൊരു സ്‌പോർട്‌സ് മാധ്യമത്തിൽ അദ്ദേഹം ജോലിക്കു കയറി. ഈ ജോലിക്കിടയിൽ ഒരു പ്രത്യേക ശീലം അദ്ദേഹത്തിൽ വന്നുചേർന്നു. അത് മറ്റൊന്നുമായിരുന്നില്ല, ഉച്ചഭക്ഷണത്തിനായുള്ള ഇടവേളകളിൽ ഓഫീസിനു സമീപമുള്ള സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ബസലിക്കയിൽ ദിവ്യബലിയിൽ പങ്കെടുക്കുക എന്നതായിരുന്നു അത്. ഈ ശീലം പതിയെ ഒരു ദിനചര്യ പോലെ ആയിത്തീർന്നു.

വിശുദ്ധ കുർബാനയിൽ ഈശോയുമായി ആഴമായ ബന്ധം പതിയെപ്പതിയെ ഒരു വൈദികനാകണം എന്ന ആഗ്രഹത്തിലേയ്ക്ക് അദ്ദേഹത്തെ നയിച്ചു. ദൈവം തന്നെ വിളിക്കുന്നു എന്ന ബോധ്യം അദ്ദേഹത്തിനുണ്ടായത് ഏകദേശം ഒന്നര വർഷം കൊണ്ടാണ്. ഈ സമയം കൊണ്ട് പ്രാർത്ഥനയിൽ ദിവ്യകാരുണ്യത്തിൽ അടിയുറപ്പിച്ച ഒരു ശക്തമായ ആത്മീയജീവിതം വളർത്തിയെടുക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

വൈദികനാകുവാനുള്ള ആഗ്രഹം ഉണ്ട്. പക്ഷേ എവിടെ പോകണം.. ഏത് സന്യാസ സഭ തിരഞ്ഞെടുക്കണം.. തുടങ്ങിയ കാര്യങ്ങളിൽ ഒന്നും ഒരു പിടിത്തവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഉത്തരം തേടിയുള്ള അന്വേഷണം ചെന്നെത്തിയത് വാഷിംഗ്ടൺ ഡി.സി-യിലെ കത്തോലിക്കാ യൂണിവേഴ്‌സിറ്റി കാമ്പസിലുള്ള സെമിനാരിയിലാണ്. തുടർന്ന് പ്രാർത്ഥനയ്ക്കും ഒരുക്കത്തിനും ഒടുവിൽ ഇക്കഴിഞ്ഞ ജൂണിലായിരുന്നു അദ്ദേഹത്തിന്റെ തിരുപ്പട്ട സ്വീകരണം.

ദൈവം, തന്റെ തിരഞ്ഞെടുക്കപ്പെട്ടവർ, അവർ ഏതവസ്ഥയിലാണെങ്കിലും തന്നിലേയ്ക്ക് കൊണ്ടുവരും എന്ന് തന്റെ ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുന്ന ഫാ. ഫെഡറിക്കോ എല്ലാത്തിനും നന്ദി പറഞ്ഞുകൊണ്ട് കണക്റ്റിക്കട്ടിലെ ചെഷൈർ ഇടവകയിൽ സേവനം ചെയ്യുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.