ജോസഫ് ചിന്തകൾ 09: ജോസഫ് – പ്രാർത്ഥനയുടെ വഴികാട്ടി

വി. ജോസഫ് വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും മനുഷ്യനായിരുന്നു. കത്തോലിക്കാ സഭയുടെ യുവജന മതബോധന ഗ്രന്ഥമായ യൂക്യാറ്റിൽ (YOUCAT) 507-ാം നമ്പറിൽ ഇപ്രകാരം വായിക്കുന്നു: “പ്രാർത്ഥന ഉപരിപ്ലവമായ വിജയം അന്വേഷിക്കുന്നില്ല. ദൈവഹിതത്തെയും അവിടുന്നുമായുള്ള ഉറ്റബന്ധത്തെയുമാണ് അന്വേഷിക്കുന്നത്.” ആന്തരികതയിൽ അർത്ഥം കണ്ടെത്തിയ ജോസഫിന് പ്രാർത്ഥന എന്നാൽ ദൈവവുമായി ഉറ്റബന്ധത്തിൽ വളരുക എന്നതായിരുന്നു.

രക്ഷാകര ചരിത്രത്തിൽ ഈ ഭൂമിയിൽ ഒരു പ്രധാന പങ്കു വഹിക്കാൻ ജോസഫിനെ യോഗ്യനാക്കിയത് ആഴമേറിയ ഈ പ്രാർത്ഥനാനുഭവമായിരുന്നു. “പ്രാർത്ഥിക്കുക എന്നതിന്റെ അർത്ഥം സംസാരിക്കുന്നതിനേക്കാൾ ശ്രവിക്കുക എന്നതാണ്” എന്ന ഇറ്റാലിയൻ ആത്മീയ എഴുത്തുകാരനായ കാർളോ കരേറ്റൊയുടെ അഭിപ്രായം വി. യൗസേപ്പിന്റെ കാര്യത്തിൽ ശരിയാണ്. ആ ശ്രവണത്തിൽ നിർമ്മലമായ ഒരു ശ്രദ്ധയുണ്ടായിരുന്നു. അതിനാലാണ് ഉറക്കത്തിൽപ്പോലും ദൈവസ്വരം തിരിച്ചറിയാനും അതനുസരിച്ചു പ്രവർത്തിക്കാനും യൗസേപ്പിനു സാധിച്ചിരുന്നത്.

ദൈവമാതാവായ മറിയത്തിന്റെ ഭാര്യയും ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വളർത്തുപിതാവുമായ ജോസഫ്, ദൈവത്തെ ‘അബ്ബാ പിതാവേ’ എന്നു വിളിക്കാൻ ഈശോയെ പഠിപ്പിച്ചു. ദൈവവുമായുള്ള ഈശോയുടെ ബന്ധത്തിന് ഒരു മാനുഷികതലം വരുത്തിക്കൊടുത്തത് യൗസേപ്പ് പിതാവാണെന്നു പറയാം. ഈശോയെ പ്രാർത്ഥിക്കാൻ പഠിപ്പിച്ച യൗസേപ്പ് നമ്മളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ എന്നു നമുക്കു പ്രാർത്ഥിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.