ജോസഫ് ചിന്തകൾ 19 : ജോസഫ് – ക്ഷമയുടെ ദർപ്പണം

വിശുദ്ധ യൗസേപ്പിതാവിൻ്റെ ജീവിതത്തിൽ നിന്നു നമുക്കു പഠിക്കാൻ കഴിയുന്ന  പവിത്രമായ പാഠങ്ങളിലൊന്നാണ് ക്ഷമ. തന്നെ സമീപിക്കുന്നവർക്ക് ക്ഷമയുടെ മാധുര്യം നുകർന്ന് നൽകുന്ന സൂര്യതേജസാണ് ആ പുണ്യ ജീവിതം. ദൈവസ്വരത്തിനായി ക്ഷമാപൂർവ്വം ചെവികൊടുത്ത ജോസഫ്, ദൈവപുത്രൻ്റെ വളർത്തപ്പൻ.

ഞാൻ ക്‌ഷമാപൂർവം കർത്താവിനെ കാത്തിരുന്നു; അവിടുന്നു ചെവി ചായിച്ച്‌ എന്റെ നിലവിളി കേട്ടു. (സങ്കീ: 40: 1) ഈ ദൈവവചനം  ജോസഫിൻ്റെ ജീവിതത്തിൽ അന്വർത്ഥമായി. ദയാലുവും വിശ്വസ്തനും ക്ഷമാശീലനുമായ ദൈവത്തെ ( ജ്ഞാനം 15:1) വിശ്വസ്തതയോടെ പിൻതുടരുമ്പോൾ  ഒരു വ്യക്തിയുടെ സ്വഭാവത്തിൽ കാതലായ മാറ്റം സംഭവിക്കുകയും അതു അയാളുടെ മനോഭാവമായി തീരുകയും ചെയ്യും.  കൂടുതൽ ക്ഷമയോടെ, സഹിഷ്ണുതയോടെ ജീവിക്കാനും, നമ്മുടെയും മറ്റുള്ളവരുടെയും ജീവിതങ്ങളെ കൂടുതൽ  തരളിതമാക്കാനും അപ്പോൾ ആ വ്യക്തിക്ക് കഴിയും. ക്ഷമാജീവിത ശൈലിയായി മാറിയ ജോസഫിൻ്റെ ജീവിതം തിരുകുടുംബത്തെ കൂടുതൽ മനോഹരമാക്കി.

ലോകപ്രശസ്ത ബ്രസീലിയൻ നോവലിസ്റ്റ് പൗലോ കോയ്ലോ ആത്മീയ പാതയിലെ ഏറ്റവും കഠിനമായ രണ്ട് പരീക്ഷണങ്ങൾ ശരിയായ നിമിഷത്തിനായി കാത്തിരിക്കാനുള്ള ക്ഷമയും നാം നേരിടുന്ന കാര്യങ്ങളിൽ നിരാശപ്പെടാതിരിക്കാനുള്ള ധൈര്യവുമാണന്നു പറയുന്നു. ജോസഫ് തൻ്റെ ജീവിതത്തിൽ  ശരിയായ നിമിഷത്തിനായി കാത്തിരുന്നു. പ്രതിസന്ധികൾ ദൈവാശ്രയ ബോധത്തോടെ തരണം ചെയ്തു. അപ്പോൾ  സ്വർഗ്ഗം അവനു ഭൂമിയിൽ വലിയ ഒരു ഉത്തരവാദിത്വം നൽകി. ദൈവപുത്രൻ്റെ വളർത്തപ്പനാകാനുള്ള ഉത്തരവാദിത്വം. പുതിയ സ്ഥാനലബ്ദി ജോസഫിൻ്റെ ജീവിതത്തെ മാറ്റിമറിച്ചില്ല ക്ഷമയോടെ ആ വലിയ മനസ്സ് ദൈവത്തെ പിൻതുടർന്നു. ക്ഷമയുടെ ദർപ്പണമായ യൗസേപ്പ് നമ്മുടെ മുഖത്തെ കൂടുതൽ സുന്ദരമാക്കാൻ പ്രാർത്ഥിക്കാം.

ഫാ. ജയ്സൺ കുന്നേൽ mcbs.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.