ജോസഫ് ചിന്തകൾ 10: ജോസഫ് – എപ്പോഴും സംലഭ്യനായവൻ

കാലു കൊണ്ട് ഭൂമിയിൽ നടക്കുകയും ഹൃദയം കൊണ്ട് സ്വർഗ്ഗത്തിൽ ആയിരിക്കുകയും ചെയ്ത യൗസേപ്പിതാവിന്റെ ജീവിതം സംലഭ്യതയുടെ പര്യായമായിരുന്നു. ഹൃദയം സ്വർഗ്ഗത്തിൽ ഉറപ്പിച്ചിരുന്നതിനാൽ തിരുക്കുടുംബത്തിന്റെ ഏതാവശ്യങ്ങളിലും സംലഭ്യനായിരുന്നു ജോസഫ്. തിരക്കു പിടിച്ച ജീവിതത്തിനിടയിൽ ജീവിതപങ്കാളിക്കും മക്കൾക്കും സംലഭ്യനായ കുടുംബനാഥനാണ് ഈ കാലഘട്ടത്തിലെ വലിയ ശരികളിലൊന്ന്. കുടുംബകാര്യങ്ങളിൽ ഒരു പിതാവ് എപ്പോഴും സംലഭ്യനായി കൂടെയുണ്ടാകുമ്പോൾ ആ ഭവനത്തിൽ ഒരു സുരക്ഷിതത്വത്തിന്റെ കവചം ആവരണം തീർക്കും.

തിരുക്കുടുംബത്തിന്റെ ഏതാവശ്യങ്ങളിലും സദാ സന്നദ്ധനായിരുന്ന അപ്പനായിരുന്നു ജോസഫ്. ജോസഫ് കുടുംബത്തോടൊപ്പം പ്രാർത്ഥിച്ചു, കുടുംബത്തിനുവേണ്ടി അദ്ധ്വാനിച്ചു, കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചു, അവരോടൊപ്പം സിനഗോഗിലും ജറുസലേം ദൈവാലയത്തിലും പോയി, കുടുംബത്തിന്റെ വേദനയിലും സന്തോഷത്തിലും പങ്കുചേർന്നു. ദൈവപുത്രന്റെ കുടുംബാംഗമായി കൂടെ സഞ്ചരിച്ച ആ അപ്പനാണ് മാനവചരിത്രത്തിലെ ഏറ്റവും ഭാഗ്യം ചെന്ന പിതാവ്.

യൗസേപ്പിതാവേ, നിന്നിൽ നിന്നകലുന്ന കുടുംബങ്ങൾ തകർച്ചയുടെ വഴിയെയാണ്. അങ്ങിലേയ്ക്കു തിരിയുമ്പോൾ അവർ നേർവഴിയിലേയ്ക്കുള്ള പാതയിലാണ്. അങ്ങയുടെ മദ്ധ്യസ്ഥതയിൽ നിലകൊള്ളുമ്പോൾ അതൊരു ബലമാണ്.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.