ജോസഫ് ചിന്തകൾ 07: ജോസഫ് – നിശബ്ദതയുടെ സുവിശേഷം

വിശുദ്ധ ഗ്രന്ഥത്തിൽ വി. ജോസഫിന്റെതായി ഒരു വാക്കു പോലും നാം കാണുന്നില്ല. നിശബ്ദത ജോസഫിന്റെ ജീവിതത്തിന്റെ ആരവമായിരുന്നു. മത്തായി സുവിശേഷത്തിൽ നാം ഇപ്രകാരം വായിക്കുന്നു: “അവളുടെ ഭര്ത്താവായ ജോസഫ്‌ നീതിമാനാകയാലും അവളെ അപമാനിതയാക്കാന് ഇഷ്‌ടപ്പെടായ്‌കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന് തീരുമാനിച്ചു” (മത്തായി 1:19). ഈ രഹസ്യത്തിൽ ഒരു നിശബ്ദത അടങ്ങിയിരിക്കുന്നു. ഉള്ളിൽ നിശബ്ദത ഉണ്ടായിരുന്നതുകൊണ്ടാണ് കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞപ്പോൾ അത് കേൾക്കാനും തദാനുസരണം പ്രവർത്തിക്കാനും ജോസഫിനു സാധിച്ചത്.

നിശബ്ദതയുടെ ആഴത്തിൽ ദൈവികസ്വരം നമ്മുടെ മനഃസാക്ഷിയുടെ വാചാലതയാകും. അവിടെ ദൈവവും ഞാനും കൂട്ടുകാരാകും. ആഴമേറിയ പ്രാർത്ഥനാനുഭവം അവിടെയാണ് സംഭവിക്കുക. കോലാഹലങ്ങളിൽ മുഴുകി ജീവിക്കുന്നവർക്ക് ദൈവസ്വരം കേൾക്കുവാൻ ബുദ്ധിമുട്ടായിരിക്കും. നിശബ്‌ദതയുടെ കുളിർത്തെന്നലിലാണ് പരിശുദ്ധാത്മാവ് നമ്മോടു സംസാരിക്കുക. വി. ജോസഫിന്റെ ജീവിതം നമുക്കു നൽകുന്ന സന്ദേശമാണ് ഈ വിശുദ്ധ നിശബ്ദത.

ഈ വിശുദ്ധ നിശബ്ദത ദൈവത്തോടു നമ്മളെ വാചാലനാകാൻ പഠിപ്പിക്കുന്നു. നിശബ്ദതയുടെ ആഴം കൂടുന്തോറും ദൈവസ്വരം നമ്മുടെ ജീവതാളമായി പരിണമിക്കും. അതിൽ ചിലിപ്പോൾ ചോദ്യങ്ങളും സ്വപ്നങ്ങളും നിരാശകളും പരിവേദനങ്ങളും കണ്ടേക്കാം. പക്ഷേ, നിശബ്ദതയിൽ ജീവിതത്തെ ചിട്ടപ്പെടുത്തുമ്പോൾ അതൊരു സാക്ഷ്യമാകും, സുവിശേഷമാകും. ദൈവത്തിന്റെ സ്വരം നിശബ്ദത വഴി ജീവതാളമാക്കിയ ജോസഫിനെപ്പോല ജീവിതം നമുക്കും ഒരു സുവിശേഷമാക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.