കൊന്തയും ബൈബിളുമായി നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ മരിച്ചുവീണ രക്തസാക്ഷി – ജോസഫ് മേയര്‍ നസ്സര്‍

 നാസി ദുര്‍ഭരണത്തിന്റെ കാലത്ത് രക്തസാക്ഷിത്വം വരിച്ച ജോസഫ് മേയര്‍ നസ്സര്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്. അദ്ദേഹത്തിന്റെ സ്വദേശമായ ബോസ്വാനോയില്‍ വച്ച് മാര്‍ച്ച് 18 നായിരുന്നു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ഹിറ്റ്‌ലര്‍ ആവശ്യപ്പെട്ട സത്യപ്രതിജ്ഞ വിസ്സമ്മതിച്ചതിനെത്തുടര്‍ന്ന് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ വച്ച് അദ്ദേഹത്തെ വധിക്കുകയായിരുന്നു.

അടിയുറച്ച കത്തോലിക്കാ വിശ്വാസിയും കുടുംബനാഥനുമായിരുന്നു ജോസഫ് മേയര്‍ നസ്സര്‍. ജര്‍മ്മന്‍ സൈന്യത്തില്‍ ചേരുന്നവര്‍ക്കായി തയ്യാറാക്കിയ സത്യപ്രതിജ്ഞ ചൊല്ലാന്‍ ജോസഫ് തയ്യാറായില്ല.  ‘തന്റെ ധാര്‍മ്മികതയും ആത്മീയ മൂല്യങ്ങളും നിറഞ്ഞ ജീവിതം കൊണ്ട് എല്ലാ സാധാരണക്കാരായ മനുഷ്യര്‍ക്കും മാതൃകയായ വ്യക്തിത്വമാണ് ജോസഫിന്റേത്’ എന്നാണ് ഫ്രാന്‍സിസ് പാപ്പ ഞായറാഴ്ച പ്രസംഗത്തില്‍ പറഞ്ഞത്.

1910-ല്‍ ബോസ്വാനോയില്‍ ഒരു സാധാരണ കര്‍ഷക കുടുംബത്തിലാണ് ജോസഫ് ജനിച്ചത്. മൂത്ത സഹോദരന്‍ സെമിനാരിയില്‍ ചേര്‍ന്ന് പഠിച്ചു. എന്നാല്‍ ജോസഫിന് വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. അദ്ദഹം കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുകയും പിന്നീട് ബോസ്വാനോയിലെ എക്‌സെല്‍ കമ്പനിയില്‍ ക്ലര്‍ക്ക് ആയി സേവനമനുഷ്ഠിക്കുകയും ചെയ്തു. 22  വയസ്സില്‍ അദ്ദേഹം സെന്റ് വിന്‍സെന്റ് ഡി പോള്‍ സംഘടനയില്‍ അംഗമായി ചേര്‍ന്നു. പാവപ്പെട്ടവരെയും ആലംബമില്ലാത്തവരെയും സഹായിക്കുക എന്നതായിരുന്നു ഈ അന്തര്‍ദ്ദേശീയ ചാരിറ്റബിള്‍ സംഘടനയുടെ ലക്ഷ്യം.

1934 -ല്‍ ജോസഫ് നസ്സര്‍ ഈ സംഘടനയുടെ ട്രെന്റ് രൂപതയുടെ മേധാവിയായി ചുമതലയേറ്റു. 1937-ല്‍ സെന്റ് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റിയുടെ ബൊസ്വാനോ രൂപതാ പ്രസിഡന്റ് പദവിയിലെത്തുകയും ചെയ്തു. പാവപ്പെട്ടവരെ സഹായിക്കുകയും അവര്‍ക്ക് ഭൗതികവും ആത്മീയവുമായ സഹായവും പിന്തുണയും നല്‍കിപ്പോരുകയും ചെയ്തു.

1939-ല്‍ രണ്ടാം ലോകമഹായുദ്ധം യൂറോപ്പില്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ‘ആന്റിയാസ് ഹോഫര്‍ ബണ്ട്’ എന്ന ആന്റി നാസി മൂവ്‌മെന്റില്‍ ജോസഫ് നസ്സറും അംഗമായി ചേര്‍ന്നു. ഹിറ്റ്‌ലര്‍ അധികാരത്തിലേറിയപ്പോള്‍ എല്ലാ യുവാക്കളെയും ആര്‍മിയില്‍ അംഗങ്ങളാകാന്‍ നിര്‍ബന്ധിച്ചു. തന്റെ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് സൈന്യത്തില്‍ ചേരാന്‍ ജോസഫ് നസ്സറും നിര്‍ബന്ധിതനായി. ആര്‍മിയില്‍ ചേരുന്നവര്‍ക്ക് ഹിറ്റ്‌ലര്‍ ഒരു സത്യപ്രതിജ്ഞയും തയ്യാറാക്കി നല്‍കിയിരുന്നു. എന്നാല്‍ ജോസഫ് നസ്സര്‍ ഇത് വിസമ്മതിച്ചു. ”ഹിറ്റ്‌ലറുടെ പേരില്‍ സത്യം ചെയ്യാന്‍ ഞാന്‍ തയ്യാറല്ല. എന്റെ ദൈവത്തിന്റെ നാമത്തില്‍ മാത്രമേ ഞാന്‍ സത്യം ചെയ്യുകയുള്ളൂ. എന്റെ മനസാക്ഷി അതാണ്  പറയുന്നത്.” ജോസഫ് നസ്സറിന്റെ ഉറച്ച വാക്കുകള്‍ ഇപ്രകാരമായിരുന്നു.

സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചെങ്കിലും ജോസഫ് സത്യപ്രതിജ്ഞയ്ക്ക് തയ്യാറായില്ല. അതിന്റെ ഫലമായി ഹിറ്റ്‌ലര്‍ അദ്ദേഹത്തെ ജയിലില്‍ അടച്ചു. രാജ്യദ്രോഹക്കുറ്റമാണ് അദ്ദേഹത്തിന് മേല്‍ ചുമത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജയില്‍ എന്നറിയപ്പെടുന്ന സ്ഥലമാണ് ദാഹാബ്. പുരോഹിതരെയും സഭാ വിശ്വാസികളെയും തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലമായിരുന്നു അത്. എന്നാല്‍ അവിടെയെത്തുന്നതിന് മുമ്പ് അതിസാരം പിടിപെട്ട് അവശ നിലയിലായിരുന്നു ജോസഫ്. 1945 ഫെബ്രുവരി 24 ന് അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ മുതദേഹത്തിന് തൊട്ടടുത്ത് ഒരു കൊന്തയും ബൈബിളും അപ്പോഴുമുണ്ടായിരുന്നു. 2016 ലാണ് ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തെ രക്തസാക്ഷിയായി പ്രഖ്യാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.