ബെയ്‌റൂട്ട് സ്‌ഫോടനത്തിന് ഇരകളായവർക്കായി കൈകോർക്കാൻ സഭയ്ക്ക് കടമയുണ്ട്: ലബനീസ് കർദ്ദിനാൾ

ബെയ്‌റൂട്ട് സ്‌ഫോടനത്തിന് ഇരയായവർക്കിടയിൽ പ്രവർത്തിക്കാൻ സഭയ്ക്കും സഭാവിശ്വാസികൾക്കും കടമയുണ്ട് എന്ന് ഓർമ്മപ്പെടുത്തി അന്ത്യോഖ്യായിലെ മരോനൈറ്റ് പാത്രിയർക്കീസ് കർദ്ദിനാൾ ബെച്ചാര ബൗട്രോസ് റായ്. സ്ഫോടനത്തിനുശേഷം ആവശ്യമായവരെ സഹായിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം നടത്തിയ ആഹ്വാനത്തിലാണ് ഈ കാര്യം ഓർമ്മിപ്പിച്ചത്.

“ബെയ്റൂട്ട് ഇപ്പോള്‍ ഒരു തകർന്ന നഗരമാണ്. തുറമുഖത്തുണ്ടായ ദുരന്തസ്ഫോടനം കാരണം അവിടെ ഒരു മഹാദുരന്തം ഉണ്ടായി. ലെബനൻ പ്രദേശത്തുടനീളം ഒരു ദുരിതാശ്വാസ ശൃംഖല സ്ഥാപിച്ച സഭ, ഇന്ന് സ്വയം ഏറ്റെടുക്കാൻ കഴിയാത്ത ഒരു പുതിയ വലിയ കടമയെ അഭിമുഖീകരിക്കുകയാണ്” – അദ്ദേഹം വെളിപ്പെടുത്തി. ഒപ്പം ദുരിതമനുഭവിക്കുന്നവരോടും ഇരകളുടെ കുടുംബങ്ങളോടും മുറിവേറ്റവരോടും നാടുകടത്തപ്പെട്ടവരോടുമുള്ള ഐക്യദാർഢ്യം സഭ പ്രകടിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സന്നദ്ധപ്രവർത്തകരോട്, ഈ ദുരന്തഫലമായി മാനസികമായും ശാരീരികമായും ഉണ്ടായ മുറിവുകളിൽ നിന്ന് ജനത്തെ കരകയറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്‌ഫോടനത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടു. ആയിരങ്ങൾ പരിക്കേറ്റു ആശുപത്രിയിലേയ്ക്ക് ഒഴുകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കാം എന്നാണ് അധികൃതർ നൽകുന്ന വിവരം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.