മ്യാന്മറിന്റെ സ്വന്തം സ്നാപകയോഹന്നാൻ

ഭൂമിയുടെ അതിർത്തികളിലേക്ക് സുവിശേഷം പ്രസംഗിക്കാൻ ഞാൻ നിങ്ങളെ അയയ്ക്കും എന്ന യേശുവിന്റെ വാക്കുകളെ അതുപോലെ തന്നെ അനുസരിക്കുന്ന ഒരു മതാദ്ധ്യാപകനുണ്ട് മ്യാന്മറിൽ. ഒരു മതബോധനാദ്ധ്യാപകൻ എന്നതിലുപരി ഒരു മിഷനറി എന്നുവേണമെങ്കിൽ നമുക്ക് അദ്ദേഹത്തെ വിളിക്കാം. കഴിഞ്ഞ 50 വർഷമായി ഒരു മിഷനറിയായും കാറ്റിക്കിസ്റ്റായും സേവനം ചെയ്യുന്ന വടക്കൻ മ്യാന്മറിലെ മൈറ്റ്ക്കിനോയിലാണ് ജോൺ എൻഗ്വസാർ ഡീ വിശ്വാസികൾക്ക് ക്രിസ്തുവിന്റെ നിഴലായി മാറിയത്.

മൈറ്റ്ക്കിനോ രൂപതയുടെ കീഴിലുള്ള പുട്ടാവോ ഇടവകയുടെ വിദൂരസ്ഥാലമായ സാങ് യാവിലെ ആദ്യത്തെ മിഷനറി ആയിരുന്നു അദ്ദേഹം. ഒരിക്കൽപ്പോലും ക്രിസ്തുവിനെ അറിഞ്ഞിട്ടില്ലാത്ത ആളുകൾക്കിടയിലൂടെ അദ്ദേഹം സഞ്ചരിച്ചു. അവരുടെ ഹൃദയങ്ങളിൽ ക്രിസ്തുവിന്റെ ചിത്രം വരച്ചുചേർത്തു.

ഗ്രാമത്തിൽ എത്തിച്ചേരണമെങ്കിൽ കല്ലുകൾ നിറഞ്ഞ ഇടുങ്ങിയ പാതകളിലൂടെ 15 ദിവസം കാൽനടയായി യാത്ര ചെയ്യണമായിരുന്നു. ഈ സ്ഥലത്ത് ഇടവക വൈദികർ പോലും വർഷത്തിലൊരിക്കൽ മാത്രം വന്നെങ്കിലായി. അത്തരത്തിലൊരു നാട്ടിലേക്കാണ് അദ്ദേഹം പോയത് ക്രിസ്തുവിന്റെ സുവിശേഷവുമായി. അവിടുന്ന് നൽകിയ രക്ഷയുടെ പാതയിലേക്ക് ഒരു ഗ്രാമത്തിലെ ജനതകളെ അറിയിക്കാൻ. ഒറ്റത്തവണയല്ല, 14 തവണ.

അവിടെയെത്തി അദ്ദേഹം തിരുവചനം വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തു. അവിടുന്ന് നൽകുന്ന രക്ഷയെപ്പറ്റി ഉറപ്പോടുകൂടി സംസാരിച്ചു. അങ്ങനെ ജോണിന്റെ വിശ്വാസതീക്ഷ്ണതയാൽ ആ ഗ്രാമത്തിൽ നിന്നു മാത്രമല്ല അടുത്ത ഗ്രാമത്തിൽ നിന്നു പോലും ക്രിസ്തുവിന്റെ അനുയായികൾ ഉണ്ടായി. നിരവധി ജ്ഞാനസ്നാനങ്ങളാണ് ആ കാലഘട്ടത്തിൽ അവിടെ നടന്നത്. തന്റെ 50 വർഷത്തെ മിഷൻ ജീവിതത്തിലെ ക്രിസ്‌തുവിനു വേണ്ടി പിന്നിട്ട വഴികളെല്ലാം അദ്ദേഹം ഓർത്തെടുത്തു.

1969 – 70 കാലഘട്ടത്തിൽ ജോൺ, മിഷനറീസ് ഓഫ് സാൻ കൊളമ്പാനൊ, മതദ്ധ്യാപകർക്കായി നടത്തിയ പരിശീലനത്തിൽ പങ്കുചേർന്നിരുന്നു. “അത് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. പലരും പഠനവും പരിശീലനവും പകുതിവഴിയിൽ വച്ചു തന്നെ നിർത്തി. കാരണം കാറ്റിക്കിസ്റ്റുകൾക്ക് ജീവിക്കാൻ മറ്റു മാർഗ്ഗങ്ങളില്ലായിരുന്നു. പക്ഷേ, എനിക്ക് ആകെയുണ്ടായിരുന്ന ഒരു ചിന്ത എന്റെ കഷ്ടതകളിലും സഹനങ്ങളിലും ദൈവം കൂടെയുണ്ടാകും എന്നതു മാത്രമായിരുന്നു. ഞാൻ ദൈവത്തിങ്കലാണ് പ്രത്യാശ വച്ചിരിക്കുന്നത്. അവിടുന്നാണ് എന്റെ അഭയസ്ഥാനം” – ജോൺ പറഞ്ഞു.

മ്യാന്മറിലെ വലിയ അക്രമങ്ങളിലും പ്രതിസന്ധിയിലും ജോൺ തന്റെ മിഷൻദൗത്യം തുടരുന്നുണ്ട്. കാരണം ഹൃദയം തകർന്നിരിക്കുന്നവർക്ക് ദൈവത്തെ കാണിച്ചുകൊടുക്കുമ്പോൾ അവർക്ക് ജീവിതത്തെക്കുറിച്ച് പ്രതീക്ഷയുണ്ടാകുന്നതിന് താൻ സാക്ഷിയാണെന്നാണ് ജോൺ പറയുന്നത്.

“ഞാൻ എപ്പോഴും യാക്കോബിന്റെ വാക്കുകൾ ഓർമ്മിക്കുന്നു. ‘ദൈവത്തിൽ നിന്ന് വരുന്ന നന്മയെ സ്വീകരിക്കുന്നെങ്കിൽ പിന്നെന്തിനു നാം തിന്മയെ സ്വീകരിക്കാതിരിക്കണം?” “ദൈവം എനിക്ക് ശക്തി തരുന്നു. ഞാൻ മറ്റുള്ളവരുടെ സ്തുതിക്കായിട്ടല്ല പ്രവർത്തിക്കുന്നത്. ഞാൻ ദൈവരാജ്യത്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ആളുകൾ ചിലപ്പോൾ നിങ്ങളെക്കുറിച്ച് നല്ലതു പറയുകയും മറ്റു ചിലപ്പോൾ നിങ്ങളെ പുച്ഛിക്കുകയും ചെയ്യുന്നു. എന്നാൽ കർത്താവ് എന്നും വിശ്വസ്തനാണ്. അവിടുന്ന് നമ്മെ എപ്പോഴും സ്നേഹിക്കുകയും എല്ലായ്പ്പോഴും ക്ഷമിക്കുകയും ചെയ്യുന്നു” – അദ്ദേഹം പറയുന്നു.

ലിസു, റീവാങ് എന്ന ഗോത്രത്തിലുള്ളവർക്കെല്ലാം ജോൺ എന്ന കാറ്റിക്കിസ്റ്റ് ഒരു മികച്ച ഉദാഹരണമാണ്. വർഷങ്ങൾ നീണ്ടുനിന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കു പോലും യാതൊരു വിധത്തിലുള്ള പ്രതിഫലവും അദ്ദേഹം അവരിൽ നിന്ന് വാങ്ങിയിരുന്നില്ല. “ദൈവമാണ് എനിക്ക് പ്രതിഫലം നൽകുന്നത്. എനിക്ക് സ്വന്തമായി ഒരു വീടു പോലുമില്ല. നിലവിൽ ഞാൻ താമസിക്കുന്നതുപോലും മറ്റൊരാളുടെ ഭവനത്തിലാണ്. പക്ഷേ, അതൊന്നും എനിക്ക് പ്രശ്നമല്ല. കാരണം ദൈവമാണ് എന്റെ കൂടെയുള്ളത്.”

അദ്ദേഹത്തിന്റെ സാക്ഷ്യം യുവതലമുറയ്ക്കു പോലും പ്രചോദനാത്മകമാണ്. കാരണം മ്യാന്മറിലെ സഭയ്ക്ക് സുവിശേഷമറിയിക്കാൻ ഇനിയും ഒരുപാട് ഇടങ്ങളുണ്ട്. ഒരുപാട് കുഞ്ഞുമിഷനറിമാർ നിലവിൽ മ്യാന്മറിൽ സേവനം ചെയ്യുന്നുണ്ട്. അവരുടെയെല്ലാം പ്രചോദനവും മാതൃകയും ജോൺ എൻഗ്വസാർ ഡീ എന്ന മിഷനറിയാണ്.

മ്യാന്മറിലെ കുന്നുകളിലും താഴ്വാരങ്ങളിലും ദാരിദ്ര്യത്തിനു നടുവിൽ ജീവിക്കുന്ന ജനതകൾക്കിടയിലും ആയുധങ്ങൾക്കു നടുവിൽ കഴിയുന്നവർക്കിടയിലും ഇന്ന് യേശുവിന്റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നുണ്ട്. ജോൺ എന്ന മിഷനറി കൊളുത്തിവച്ച സുവിശേഷദീപ്തിയുടെ വെളിച്ചവും ഇന്ന് അനേകം യുവമിഷനറിമാരുടെ പാതയ്ക്ക് പ്രകാശവും പാദങ്ങളിൽ വെളിച്ചവുമായി മാറിയിരിക്കുകയുമാണ്.

ഒരു തലമുറയുടെ വിശ്വാസത്തിന് മാറ്റു കൂട്ടിയ മ്യാന്മറിന്റെ സ്വന്തം സ്നാപകയോഹന്നാൻ ജോണിന് നന്ദി!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.