വിജ്ഞാനിയായ വിശുദ്ധന്‍, വി. ജോണ്‍ ഹെന്റി ന്യൂമാന്‍

ആത്മീയതലത്തില്‍ ബ്രിട്ടനെ മാത്രമല്ല ലോകത്തെ മുഴുവനും സ്വാധീനിച്ചിട്ടുള്ള ഒരു മഹാപണ്ഡിതനും ആത്മീയാചാര്യനും ഗ്രന്ഥകാരനുമായിരുന്നു കര്‍ദ്ദിനാള്‍ ന്യൂമാന്‍. അപ്പസ്‌തോലിക സഭയും സഭാപിതാക്കന്മാരും ആദ്യ നൂറ്റാണ്ടിലെ സഭാപണ്ഡിതന്മാരും ന്യൂമാന്റെ ചിന്തകളെ ഏറെ അമ്പരപ്പിച്ചിരുന്നു.

വിഭാഗിക ചിന്തകള്‍ക്കപ്പുറം ദൈവീകരഹസ്യങ്ങളില്‍നിന്നു ചുരുളഴിഞ്ഞിരുന്ന ക്രിസ്തീയ ജീവിതത്തിന്റെ അന്തസ്സും ആഴവും അദ്ദേഹത്തിനു മനസ്സിലായി. ക്രിസ്തീയ വിശ്വാസം താത്വികമായ തലത്തില്‍ മാത്രം നല്കുന്ന ഒരു പ്രസ്ഥാനമല്ല, മറിച്ച് അത് ജീവല്‍ബന്ധിയാണെന്നും അനുദിനം ജീവിച്ച്, ജീവിതാനുഭവമാക്കി മറ്റേണ്ട സത്യമാണെന്നും അദ്ദേഹം മനസ്സിലാക്കി.

1833ല്‍ ആംഗ്‌ളിക്കന്‍ സഭയുടെ നവീകരണത്തിനും അതിന്റെ വിശ്വാസ നവോത്ഥാനത്തിനുമായി പരിശ്രമിച്ചു. അങ്ങിനെ ആംഗ്ലിക്കന്‍ ചര്‍ച്ചിന്റെ ആരാധനക്രമപരവും ദൈവശാസ്ത്രപരവുമായ തലങ്ങളില്‍ കൈമോശം വന്നുപോയ പാരമ്പര്യങ്ങളുടെ പുനര്‍ജ്ജീവനത്തിനായി ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയോട് ചേര്‍ന്ന് ന്യൂമന്‍ ആരംഭിച്ച ഒരു പ്രസ്ഥാനമാണ് Oxford Movement. ഈ പ്രസ്ഥാനം ആംഗ്ലിക്കന്‍ സഭയെ കത്തോലിക്കാ സഭയുടെ മൂന്നു ശാഖകളില്‍ ഒന്നായി കണക്കാക്കി. Branch theory ശാഖാതത്വം എന്ന് ന്യൂമാന്‍ തന്നെ അതിനെ വിശേഷിപ്പിക്കുകയും വിവരിക്കുകയും ചെയ്തിരുന്നു.

Orthodox, Anglican, Roman Catholic എന്നിവ, ഏകകത്തോലിക്കാ സഭയുടെ മൂന്നു വിഭിന്ന ശാഖകളായി, അദ്ദേഹം വ്യാഖ്യാനിച്ചു. ക്രിസ്തുവില്‍നിന്നും വിശ്വാസം ചരിത്രത്തില്‍ ചുരുളഴിയുന്നത് വളരെ പ്രായോഗികമായി അദ്ദേഹം, ആത്മീയ ഏകാന്തത, ക്രിസ്തുവിന്റെ അജഗണം, (Wilderness, The one fold of Christ) എന്നീ ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്. ഇക്കാലഘട്ടത്തിലാണ് അപ്പസ്‌തോല വിശ്വാസവും സഭാപിതാക്കന്മാരുടെ പഠനവും റോമിലെ സഭയുടെ അടിത്തറയാണെന്നും, ക്രിസ്തുവിന്റെ സഭതന്നെയാണ് റോമിലെ സഭയെന്നും, ന്യൂമാന്‍ തിരിച്ചറിഞ്ഞത്.

1845ല്‍ റോമില്‍വന്ന് അദ്ദേഹം തന്റെ പഠനങ്ങള്‍ തുടര്‍ന്നു. 1847ല്‍ റോമില്‍വച്ച് ഒമ്പതാം പിയൂസ് മാര്‍പാപ്പായില്‍നിന്നും കത്തോലിക്കാ പൗരോഹിത്യം സ്വീകരിച്ച ന്യൂമാന്‍ ഇംഗ്ലണ്ടിലേയ്ക്ക് തിരിച്ചു പോയത് വിശുദ്ധ ഫിലിപ്പ് നെരിയുടെ നാമധേയത്തില്‍ ബേര്‍മിങ്ങാമിലും പിന്നീട് ലണ്ടനിലും യുവജനകേന്ദ്രങ്ങള്‍ ആരംഭിക്കുവാനുള്ള പദ്ധതിയുമായിട്ടാണ്.

മൊത്തമായി ന്യൂമാന്റെ ആത്മീയദര്‍ശനവും നവോത്ഥാന പദ്ധതിയും വെളിപ്പെടുത്തുന്നതായിരുന്നു ഈ യുവജനകേന്ദ്രങ്ങള്‍. വൈദികര്‍ ചെറു സമൂഹങ്ങളില്‍ പ്രാര്‍ത്ഥന, ഉപവിപ്രവര്‍ത്തികള്‍, ആരാധനക്രമം, വചനപ്രഘോഷണം, മറ്റു വിഷയങ്ങളുടെ ബുദ്ധിപരവും ശാസ്ത്രീയവുമായ പഠ്യപരിപാടികള്‍ എന്നിവയിലൂടെ സാധാരണ ജനങ്ങളുടെ ഉന്നമനത്തിനായി ജീവിച്ചിരുന്നു. അദ്ദേഹം ആരംഭിച്ച ഫിലിപ്പ് നേരി യുവജനപ്രസ്ഥാനത്തിന്റെ തുടര്‍ച്ചയും വളര്‍ച്ചയുമാണ് ഡബ്ലിനിലെ കത്തോലിക്കാ യൂണിവേഴ്‌സിറ്റി, ബേര്‍മിങ്ഹാമിലെ സ്‌കൂള്‍ എന്നിവ.

ന്യൂമാന്റെ വിശ്വാസ തീക്ഷ്ണതയുടെ അടയാളമാണ് റോമിലെ വിശുദ്ധ ഫിലിപ്പ് നേരിയുടെ നാമഥേയത്തിലുള്ള ദേവാലയവും മേരിവില്‍ ഓറട്ടറിയും. ലോകമെമ്പുടുമുള്ള യുവാക്കള്‍ക്കുവേണ്ടി ഒരു വലിയ വിശ്വാസ പഠനകേന്ദ്രമായി ഇന്നും അത് റോമില്‍ നിലകൊള്ളുന്നു.