ജിംഗിൾ ബെൽസ് 11: ‘അ’ മുതൽ ‘അം’ വരെ

ഫാ. അജോ രാമച്ചനാട്ട്

ആദ്യാക്ഷരം കുറിച്ചത് ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള ഓർമ്മകളിൽ ഒന്നാണ്. വീടിനടുത്ത് പിച്ചളക്കാട്ട് വീട്ടിലെ ഒരു റിട്ടയേർഡ് ടീച്ചറുണ്ട്, അന്നക്കുട്ടി ടീച്ചർ. ആ നാടിന്റെ മുഴുവൻ ടീച്ചറമ്മയാണ്. ഞങ്ങളുടെ നാട്ടിലെ എല്ലാവരും അന്നക്കുട്ടി ടീച്ചറിന്റെ ശിഷ്യരാണ് – എൻ്റെ അപ്പനുൾപ്പെടെ. നേരത്തെ ക്രമീകരിച്ചതനുസരിച്ച് കുളിച്ച് മിടുക്കനായി അമ്മയുടെ കൂടെ സ്ലേറ്റും പെൻസിലും ഒക്കെയായി ചെന്നു.

ഫോർമാലിറ്റീസ് കാര്യമായി ഒന്നുമില്ല. ഞങ്ങൾ മൂന്നു പേരും മാത്രം. ടീച്ചറിൻ്റെ വക ഹൃദയത്തിൽ തൊട്ട ഒരു ചെറിയ പ്രാർത്ഥന. തലയിൽ കരങ്ങൾ ചേർത്ത് ഒരു അനുഗ്രഹം. പിന്നെ കൈപിടിച്ച് ‘അ’ എന്ന എഴുതിച്ചു. ശുഭം! ആ വീടിൻ്റെ വാതിൽപ്പടിയിൽ ഇരുന്നു തന്നെ ‘അ’ മുഴുവൻ പഠിച്ചു. തിരിച്ചു പോരുന്നവഴി ഞാൻ അമ്മയോട് ചോദിച്ചു “ബാക്കി അക്ഷരങ്ങൾ പഠിക്കാൻ ഇനി എന്നാണ് പോവേണ്ടത്?” മറുപടി കിട്ടി, “ഇനി പോകേണ്ടതില്ല നീ തന്നെ വീട്ടിലിരുന്ന് പഠിച്ചാൽ മതിയാകും, പറഞ്ഞുതരാൻ ഞങ്ങളൊക്കെ ഉണ്ടല്ലോ.”

പിന്നെ ഇന്നോളം, ജീവിതത്തിന്റെ സിംഹഭാഗവും പഠനമായിരുന്നു. അപ്പനും അമ്മയും മുതൽ തൊട്ടുമുമ്പ് ക്ലോസ് ചെയ്ത വിക്കിപീഡിയയുടെ പേജ് വരെ എത്രയോ ഗുരുക്കന്മാർ..!

പന്ത്രണ്ടാം വയസ്സിൽ ദേവാലയത്തിൽ ഉപാധ്യായന്മാരോടൊപ്പമിരുന്ന് തർക്കശാസ്ത്രത്തിൽ ഏർപ്പെട്ട യേശുവിന് ഔദ്യോഗികവിദ്യാഭ്യാസം കിട്ടിയിരുന്നോ എന്നൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട്. അതിന് തക്കതായ രേഖകളൊന്നുമില്ല. ഏതെങ്കിലും അപ്പോക്രിഫൽ കൃതികളിലുണ്ടാകുമോ എന്തോ. പിന്നെയുള്ള സാധ്യത അവന്റെ വീടും മാതാപിതാക്കളും ചുറ്റുപാടുകളും തന്നെ.

നല്ല പ്രായത്തിൽ മരപ്പണിക്ക് ഇറങ്ങിയ ഒരു തച്ചന് എന്തുമാത്രം വിദ്യാഭ്യാസം ഉണ്ടാകും? കന്യകാപ്രായമെത്തിയപ്പോൾ ദൈവം വിളിച്ചുകൊണ്ടു പോയ മറിയത്തിനും എത്രമാത്രം വിദ്യാഭ്യാസം കിട്ടിയിട്ടുണ്ടാവും? എന്നിട്ടും, യൗസേപ്പും മറിയവും തങ്ങളുടെ ജീവിതത്തിൽ കടന്നുപോയ കഠിനപരീക്ഷണങ്ങളിൽ തോറ്റുപോയില്ല. ആരാണ് ആ തച്ചനും അവൻ്റെ ഭാര്യയ്ക്കും ജീവിതവിജയത്തിൻ്റെ പാഠങ്ങൾ പറഞ്ഞുകൊടുത്തത്? ഉത്തരം വേറൊന്നുമല്ല, സാക്ഷാൽ ദൈവംതമ്പുരാൻ തന്നെ.

മംഗളവാർത്ത മുതൽ പിറവി വരെയുള്ള പത്ത് മാസങ്ങളിൽ ദൈവം കൂടെയില്ലായിരുന്നെങ്കിൽ, കൈപിടിച്ചു നടത്തിയില്ലായിരുന്നെങ്കിൽ, നിലനിൽപ്പിൻ്റെ ജീവനമന്ത്രം ചെവിയിൽ ഓതിയില്ലായിരുന്നെങ്കിൽ ചരിത്രത്തിൻ്റെ ഗതി മറ്റൊന്നായേനെ. യൗസേപ്പിൻ്റെയും മറിയത്തിൻ്റെയും കൂടെനടന്ന് കഞ്ഞി വയ്ക്കാനും, കറി വയ്ക്കാനും, മരക്കഷണം ചിന്തേരിടാനും, ഉണ്ണിയെ വളർത്താനുമൊക്കെ ഓരോ ദിവസവും പാഠങ്ങൾ പറഞ്ഞുകൊടുത്തിരുന്ന നല്ല തമ്പുരാൻ്റെ ആർദ്രമായ സ്നേഹം. അതാകട്ടെ, അങ്ങ് കുരിശിൻചുവട്ടിൽ ചങ്ക് തകരാതെ നിൽക്കാനുള്ള ആത്മബലം കൊടുക്കുന്നതു വരെ…

യൂണിവേഴ്സിറ്റികളിൽ നിന്നും കനമേറിയ ബിരുദങ്ങളൊക്കെ പാസ്സായിട്ടും ജീവിതത്തിൽ തോറ്റുപോകുന്നവരുടെ എണ്ണം വല്ലാതെ കൂടുന്നുണ്ട്. മറുവശത്താകട്ടെ, മിനിമം സ്കൂൾ വിദ്യാഭ്യാസം പോലും നേടാത്ത ചില ഗ്ലാമറില്ലാത്ത മനുഷ്യർ ജീവിതത്തെ വളരെ ഈസി ആയി കൈകാര്യം ചെയ്യുന്നുമുണ്ട്..

ഒന്നോർത്തു നോക്കിയാൽ, സ്കൂളിൽ നിന്നും കോളേജിൽ നിന്നും കിട്ടിയ വിദ്യാഭ്യാസത്തേക്കാളധികം ചെറുതും വലുതുമായ നമ്മുടെ അനുഭവങ്ങൾ തന്നെയായിരുന്നു ഏറ്റവും വലിയ അധ്യാപകർ. ചില അനുഭവങ്ങളെ ‘മുറിവ്’ എന്നൊക്കെ നമ്മൾ പലപ്പോഴും വിളിക്കാറുണ്ട്. അങ്ങനെയൊക്കെ വിളിക്കേണ്ടതുണ്ടോ? ദൈവം വിളമ്പുന്ന പല രുചികളിലുള്ള കറിക്കൂട്ടുകൾ.. അങ്ങനെ കണ്ടാൽ പോരേ? ഓരോ അനുഭവവും പിന്നീട് ഓരോ പാഠമായി മാറുകയാണല്ലോ !

പൗരോഹിത്യജീവിതത്തിന്റെ എട്ട് വർഷങ്ങൾ പൂർത്തിയാവുകയാണ്. കരയിലിരുന്ന് നീന്തല്‍ പഠിക്കാനാവില്ലല്ലോ. പൊള്ളുന്ന ജീവിതയാഥാർത്ഥ്യങ്ങൾക്കു മുൻപിൽ പലപ്പോഴും വിറങ്ങലിച്ചു. ഒറ്റയ്ക്കായെന്നു തോന്നിയിട്ടുണ്ട്… കണ്ണ് കലങ്ങിയിട്ടുണ്ട്… ഉറക്കം വരാത്ത രാത്രികളുണ്ട്… തോറ്റുതോറ്റ് തൊപ്പിയിട്ടിട്ടുണ്ട്… വിശന്നലഞ്ഞിട്ടുണ്ട്… കേൾക്കുന്നവനും പറയുന്നവനും തമ്മിലുള്ള അന്തരം കൊണ്ട് വട്ടം കറങ്ങിപ്പോയിട്ടുണ്ട്… കൂടെ നിന്നും മാറി നിന്നുമൊക്കെ അടക്കം പറഞ്ഞും ഉറക്കെപ്പറഞ്ഞും ഉള്ളിലുള്ള തീക്കനലിനെ തല്ലിക്കെടുത്തുന്നുമുണ്ട്…

എന്നിട്ടുമെൻ്റെ സുഹൃത്തേ, എൻ്റെ ദൈവം കരുണയുള്ള ഒരു ഡോക്ടറെപ്പോലെ എൻ്റെ നിസ്സഹായതകളെ തിരിച്ചറിഞ്ഞ് വഴി നടത്തുകയായിരുന്നു… യൗസേപ്പിനും മറിയയ്ക്കും അതിജീവനത്തിൻ്റെ പാഠം പകർന്നവൻ, ഈയുള്ളവനും തന്നു… കാലിത്തൊഴുത്തിൻ്റെ തണലും മാലാഖക്കുഞ്ഞുങ്ങളുടെ സംഗീതവും നക്ഷത്രവെളിച്ചവും വഴിപോക്കരായ ആട്ടിടയന്മാരുടെ തുണയും ജ്ഞാനികളുടെ ഓടിവരവും സമ്മാനങ്ങളും… എല്ലാം.

പ്രതികൂലതകളുടെ നടുവിൽ ഒരിക്കലെങ്കിലും അകപ്പെട്ടുപോയ ആർക്കും, കണ്ണു നിറയാതെ വായിച്ചുതീർക്കാനാവില്ല വേദപുസ്തകത്തിലെ ഈ ഭാഗം.

“അവിടുന്ന്‌ അവനെ മരുഭൂമിയില്‍, ശൂന്യത ഓരിയിടുന്ന മണലാരണ്യത്തില്‍ കണ്ടെത്തി; അവനെ വാരിപ്പുണര്‍ന്നു, താല്‍പര്യപൂര്‍വം പരിചരിച്ച്‌ തന്റെ കണ്ണിലുണ്ണിയായി സൂക്ഷിച്ചു. കൂട്‌ ചലിപ്പിക്കുകയും കുഞ്ഞുങ്ങളുടെ മുകളില്‍ ചിറകടിക്കുകയും വിരിച്ച ചിറകുകളില്‍ കുഞ്ഞുങ്ങളെ വഹിക്കുകയും ചെയ്യുന്ന കഴുകനെപ്പോലെ അവനെ നയിച്ചത് കര്‍ത്താവാണ്‌; അന്യദേവന്മാരാരും അവനോടൊത്തുണ്ടായിരുന്നില്ല. ഭൂമിയിലെ ഉത്തുംഗതലങ്ങളിലൂടെ അവിടുന്ന്‌ അവനെ സവാരി ചെയ്യിച്ചു; വയലിലെ വിളവുകള്‍ അവന്‍ ഭക്ഷിച്ചു; പാറയില്‍ നിന്ന് തേനും കഠിനശിലയില്‍ നിന്ന്‌ എണ്ണയും അവിടുന്ന്‌ അവന്‌ കുടിക്കാന്‍ കൊടുത്തു”
(നിയമാ. 32:10-13).

ദൈവം – ജീവിതത്തിൻ്റെ എഴുത്തുപലകയിൽ ‘അ’ മുതൽ ‘അം’ വരെ കൈ പിടിച്ച് ക്ഷമയോടെ എഴുതിക്കുന്ന ടീച്ചറമ്മ!

ശുഭദിനം.

ഫാ. അജോ രാമച്ചനാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.