ജിംഗിൾ ബെൽസ് 09: സ്ത്രൈണം

ഫാ. അജോ രാമച്ചനാട്ട്

പ്ലസ്ടു കഴിഞ്ഞാൽ ആൺകുട്ടികളൊക്കെ മെയിൽ നഴ്സിങ്ങിന് ഓടുന്ന ഒരു കാലമുണ്ടായിരുന്നു. പഠനത്തിൻ്റെ ഭാഗമായി ലേബർ റൂമിൽ കയറിയിട്ട്, മിനിറ്റുകൾക്കുള്ളിൽ തലകറങ്ങി, അടുത്തുനിന്ന നേഴ്സ് പെണ്ണിനെയും മറിച്ചിട്ട് താഴെ വീണ് സീൻ ആക്കിയ കൂട്ടുകാരനുണ്ട്. അന്നു തന്നെ, അങ്ങേര് ആ ഫീൽഡ് വിട്ടു. ഇപ്പോൾ ബാംഗ്ലൂർ എന്ന് കേൾക്കുമ്പോൾ തന്നെ ലവന് കലിപ്പാണ് !

സൂക്ഷിച്ചു നോക്കൂ, ആ കാലിത്തൊഴുത്തിൻ്റെ ഇരുണ്ട കോണിലിരുന്ന് ജോസഫ് മറിയത്തിൻ്റെ പേറെടുക്കുകയാണ്! ആണൊരുത്തൻ വയറ്റാട്ടി ആകുന്നതിൽ അസ്വാഭാവികതയൊന്നുമില്ല. പക്ഷെ, വിവാഹശേഷവും പെണ്ണിൻ്റെ ചൂരറിയാത്തവൻ, മറിയത്തിൻ്റെ കന്യകാത്വത്തിന് കാവലായവൻ, സ്വന്തം പെണ്ണിൻ്റെ പേറെടുക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നതാണ് ഇവിടുത്തെ ആന്റി-ക്ലൈമാക്സ്. ആ നേരങ്ങളിൽ ജോസഫ് അനുഭവിച്ച ആത്മസംഘർഷങ്ങൾ മറ്റൊരാൾക്കും പറഞ്ഞാൽ മനസ്സിലാവില്ല. എന്നിട്ടും അയാൾ അത് ഈസി ആയി കൈകാര്യം ചെയ്യുകയാണ്, നലം തികഞ്ഞ ഒരു വയറ്റാട്ടിയെപ്പോലെ !

Midwifery പോയിട്ട്, ചെമ്പരത്തിപ്പൂവിൻ്റെ പ്രജനനം കൂടി അറിയാത്തവൻ, ഭൂമിയിൽ ഏറ്റവും വലിയ പുണ്യകർമ്മത്തിന് (മന:പൂർവ്വം പറഞ്ഞതാണ്) കാർമ്മികനായി… ദൈവമേ, എത്ര കരുണയോടെ അയാൾ അതെല്ലാം ചെയ്തിരിക്കണം. മറിയത്തെപ്പോലെ അത്രമേൽ സ്നേഹിക്കപ്പെട്ട് പ്രസവം പൂർത്തിയാക്കിയ വേറെ ഒരു പെണ്ണും ഭൂമിയിൽ ഉണ്ടാകില്ല !

പുരുഷന്മാർ പലരും ഘടാഘടിയന്മാരാണ്. ഉള്ളിലില്ലാത്ത ഗൗരവം മുഖത്ത് സൂക്ഷിക്കാൻ വിധിക്കപ്പെട്ടവർ. പലപ്പോഴും ഞങ്ങൾ വികാരിയച്ചന്മാർക്കും ആ ഒരു ഗതികേടുണ്ട്. കൃത്രിമ ഗൗരവവും Mass Dialogue -ഉം ഇല്ലെങ്കിൽ ഫീൽഡിൽ ഔട്ടാകുന്ന മട്ടിലാണ് കാര്യങ്ങൾ. എന്നാലും, ഞങ്ങൾക്കിടയിൽ ചില ജോസഫ്മാരുണ്ട്, ഉള്ളിൽ പേറ്റുനോവറിഞ്ഞ യൗസേപ്പിൻ്റെ ആർദ്രത സൂക്ഷിക്കുന്നവർ… അമ്മത്തം ഒളിപ്പിച്ചു വച്ചവർ… കാത്തിരിക്കുന്നതിലും കൂട്ടിരിക്കുന്നതിലും കേട്ടിരിക്കുന്നതിലും പിന്നെയും പിന്നെയും ഊട്ടുന്നതിലും കരുണയോടെ തിരുത്തുന്നതിലും ആനന്ദം കണ്ടെത്തുന്നവർ…

ഒരു ജോസഫ് സാറിനെ ഓർക്കുന്നു… സെബാസ്റ്റ്യൻ അച്ചനെയും ഫിലിപ്പ് അച്ചനെയും ഓർക്കുന്നു… സിബി അച്ചനെയും മാത്യു അച്ചനെയും മറക്കാനാവുന്നില്ല… രുചിയുള്ള കഞ്ഞി വീണ്ടുംവീണ്ടും വിളമ്പിയിടുന്ന തോമസ് അച്ചൻ, മണ്ടത്തരങ്ങളെല്ലാം ക്ഷമയോടെ കേട്ടിരിക്കുമായിരുന്ന ജോർജ്ജച്ചൻ, പത്താം ക്ലാസിലെ കണക്കിന് കരകയറ്റാൻ പരീക്ഷക്കാലത്ത് ഒറ്റമുറി വാടകവീട്ടിൽ ഞങ്ങൾ നാലു പേരെ കൂടെ താമസിപ്പിച്ച ജോഷി സാർ, പൊളിഞ്ഞു പാളീസായ ഒരു സമയത്ത് പണിക്കാരനെന്നു പറഞ്ഞ് ജോലിക്കാരിയായ ഭാര്യയിൽ നിന്ന് കാശ് വാങ്ങിത്തന്ന് ബസ് കയറ്റിവിട്ട മത്തായിച്ചേട്ടൻ, കടലോളം ക്ഷമയുള്ള പട്ടാളക്കാരൻ, ഒരു സെബാസ്റ്റ്യൻ ചേട്ടൻ, ബേബിച്ചേട്ടൻ, റപ്പേലുചേട്ടൻ, രാമറണ്ണൻ, ഷാനവാസിക്ക, ബിജുസാർ, ലോഡ്ജ്കാരൻ മണിച്ചേട്ടൻ, കോൺട്രാക്ടർ ഉണ്ണിച്ചേട്ടൻ, തടിക്കച്ചോടം നടത്തുന്ന സണ്ണിച്ചേട്ടൻ..

ഇനിയും എത്രയോ പേർ! തമ്പുരാനേ, ഈയുള്ളവൻ്റെ ജീവന് താങ്ങായവർ – ഉള്ളിൽ യൗസേപ്പിനെ ആവാഹിച്ചവർ! അക്ഷമരും ദേഷ്യക്കാരും എടുത്തുചാട്ടക്കാരുമെന്ന് പെണ്ണായ പെണ്ണുങ്ങളൊക്കെ ഞങ്ങളെ വാഴ്ത്തുമ്പോഴും… സൂതികർമ്മിണിയുടെ സൂക്ഷ്മതയോടെ, അമ്മയുടെ കരുണയോടെ, പെങ്ങളുടെ കരുതലോടെ, യൗസേപ്പിനു പുനർജ്ജനിയേകുന്ന ഭൂമിമലയാളത്തിലെ എല്ലാ പുരുഷപ്രജകൾക്കും എന്റെ നമോവാകം !!

നല്ല ദിവസം നേരുന്നു…

ഫാ. അജോ രാമച്ചനാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.