ജിംഗിൾ ബെൽസ് – 5 ഓഫ് ടൈമിൽ ഓടിക്കയറുന്ന ദൈവം

ഫാ. അജോ രാമച്ചനാട്ട്

ഓഫ് ടൈം – നമുക്ക് അത്ര അപരിചിതമായ ഒരു വാക്കല്ല. പ്രധാന സമയത്തു നിന്ന് അല്പം മാറി എന്ന അർത്ഥത്തിൽ തന്നെ ഇത് ഇക്കാലത്ത് ഉപയോഗിക്കപ്പെടുന്ന ഒരു പദം തന്നെയാണ്. ഓഫ് റോഡ് ഡ്രൈവും, ഓഫ് ബീറ്റ് സംഗീതവും, ഓഫ് വൈറ്റ് വസ്ത്രവും… എല്ലാം പരമ്പരാഗതലൈനിൽ നിന്നുള്ള ഗതി മാറ്റങ്ങൾ തന്നെ.

ക്രിസ്തുമസിനെ കുറിച്ച് പറയാതെ വയ്യ – എല്ലാം ഓഫ് ടൈമിലാണ്.

മറിയം എന്ന പെൺകുട്ടിയുടെ അടുത്തേക്ക് ദൈവദൂതൻ മംഗളവാർത്തയുമായി അയക്കപ്പെടുന്നത്, അവൾ ഉറക്കം പിടിച്ചു തുടങ്ങിയ രാത്രിയിലാണ്, ഓഫ് ടൈമിലാണ് ! ഗർഭവും ഓഫ് ടൈമിലാണ്, അവർ സഹവസിക്കുന്നതിനു മുൻപ് ! ജോസഫിനോട് ദൈവം കാര്യങ്ങൾ വിശദീകരിക്കാൻ തെരഞ്ഞെടുക്കുന്ന സമയവും ഓഫ് ടൈം ആണ്, ജോസഫ് ഗാഢനിദ്രയിലായിരുന്ന ഏതോ വെളുപ്പാൻകാലത്ത് !

പ്രസവത്തോട് ഏറ്റവുമടുത്ത സമയങ്ങളിൽ സാധാരണ യുവതികൾ ഒക്കെയും വിശ്രമിക്കുന്ന നേരത്ത് അവർ സെൻസസിൽ പേരുചേർക്കാൻ അവർ യാത്ര പോവുകയാണ് – ഓഫ് ടൈമാണ്. നേരത്തെ ഇടം കണ്ടെത്തേണ്ടതുണ്ടായിരുന്നോ? സത്രത്തിൽ ഓടിക്കയറിയതും ഓഫ് ടൈമിലാണ്, പ്രസവവേദന തുടങ്ങിക്കഴിഞ്ഞ് !
പൊന്നോമനയുടെ ജനനവും ഓഫ് ടൈമിലാണ് – ലോകം മുഴുവനും ഉറക്കത്തിലേക്ക് വീണ ഒരു പാതിരാവിൽ ! പ്രസവാനന്തര ശുശ്രൂഷയും വിശ്രമവും ഒക്കെ എടുക്കേണ്ട മറിയം കുഞ്ഞിനേയും വാരിയെടുത്ത് ഈജിപ്തിലേക്ക് ജോസഫിനൊപ്പം ഒാടുന്നതും ഓഫ് ടൈമിൽ ആണ് !

ക്രിസ്തുവിന് വഴിയൊരുക്കാൻ വന്ന സ്നാപകയോഹന്നാന്റെ ജനനമാകട്ടെ, ശരീരത്തിൽനിന്ന്‌ സർവ്വ വസന്തവും ഒഴിഞ്ഞുപോയ വൃദ്ധയായ എലിസബത്തിന്റെ ശരീരത്തിൽ നിന്ന് – തികച്ചും ഓഫ് ടൈം.

അങ്ങനെ ക്രിസ്തുവിന്റെ ജനനത്തോട് അനുബന്ധിച്ചുള്ള എല്ലാ ദൈവിക ഇടപെടലുകളും ഓഫ് ടൈമിലായിരുന്നു. ക്രിസ്തു ജനനത്തിൽ മാത്രമല്ല ഉല്പത്തി മുതൽ വെളിപാട് വരെ ദൈവത്തിൻറെ പ്രധാനപ്പെട്ട ഇടപെടലുകൾ ഒക്കെയും ഓഫ് ടൈമിൽ അല്ലെ? സാറാ വാതിലിന് പിന്നിൽ മാറിനിന്ന് ചിരിച്ചത് ഓർമ്മയില്ലേ, വാർധക്യകാലത്ത് – ഓഫ് ടൈമിൽ ഉള്ള ഗർഭത്തെ ഓർത്ത് !

മോശയെ പുറപ്പാടിന് നായകനായി ദൈവാത്മാവ് കൊണ്ടുപോകുന്നതും ഒരു കൊലപാതകത്തിന് ശേഷം സീൻ ഡാർക്ക് ആകുന്നതും ഓഫ് ടൈമിൽ തന്നെ ! ക്രിസ്തു പിറവിയെടുക്കുന്ന രാഷ്ട്രീയ സാഹചര്യവും അത്ര നല്ലതായിരുന്നില്ല, റോമൻ ആധിപത്യത്തിന്റെ അസ്വസ്ഥതകളുടെ നടുവിൽ – ഓഫ് ടൈമിൽ !

ദേവാലയത്തിൽ ഇരുന്ന് ഡിബേറ്റ് നടത്തിയത് കോളേജ് പ്രൊഫസർ ഒന്നുമല്ല, വെറും പന്ത്രണ്ട് വയസ്സുകാരൻ ബാലനാണ്, മൈനർ ആണ് – ഓഫ് ടൈമാണ്‌. അവനാകട്ടെ തൻറെ പരസ്യജീവിതകാലത്ത് സ്നേഹിച്ചതും സൗഖ്യപ്പെടുത്തിയതും, കരം പിടിച്ചതും ഉയർത്തിയതുമൊക്കെ യഹൂദന് വിശ്രമം മാത്രം വിധിച്ചിട്ടുള്ള സാബത്തിൽ – ഓഫ് ടൈമിൽ.

അവൻ മരണം ഏറ്റുവാങ്ങിയത് ആരും മരിക്കാൻ ഇഷ്ടപ്പെടാത്ത നിറയൗവ്വനത്തിൽ – ഓഫ് ടൈമിൽ. രണ്ടാമത്തെ ആഗമനത്തെക്കുറിച്ച് ക്രിസ്തു തന്നെ പറഞ്ഞില്ലേ സമയം അറിയില്ലെന്ന്. എന്നിട്ടും വീണ്ടും വീണ്ടും ശിഷ്യന്മാർ ചോദിക്കുമ്പോൾ അവൻ കൊടുക്കുന്ന ഉദാഹരണം പാതിരാത്രിയിലും വെളുപ്പാൻകാലത്തും അപ്രതീക്ഷിതമായി കയറിവരുന്ന വരനെയും കൂട്ടരെയും ഓർമ്മപ്പെടുത്തിയാണ്, തികച്ചും ഓഫ് ടൈം !

അല്ല, ഈ ദൈവത്തിന് എന്തുപറ്റിയെന്ന് തോന്നിപ്പോകുകയാണ്.
എല്ലാം ഓഫ് ടൈമിൽ ! രക്ഷാകര ചരിത്രത്തിന്റെ ടൈംലൈൻ ആകട്ടെ, ഓഫ് ടൈമിലൂടെ ഓടി കളിക്കുകയാണ്.

എന്താണ് ദൈവം എല്ലാം ഓഫ് ടൈമിൽ ആക്കികളഞ്ഞത്?
ഉത്തരം എന്താണെന്നോ, സമയത്തെ പ്രൈം ടൈം ആയും ഓഫ് ടൈം ആയും വേർതിരിച്ചത് നമ്മൾ മനുഷ്യരാണ് എന്നുതന്നെ.

അതെ കൂട്ടുകാരാ, ദൈവത്തിന് എല്ലാം ‘നല്ല സമയങ്ങളാണ്’. വീടിനു കല്ലിടാനും, വിവാഹം നടത്താനും, നടാനും, കൊയ്യാനും, യാത്ര പോകാനുമൊക്കെ നല്ല സമയങ്ങൾ തേടിനടക്കുന്ന അല്പന്മാർ നമ്മൾ. മറ്റെല്ലാ ദിവസങ്ങളിലും പ്രോഗ്രാമുകൾ ഉണ്ടായിരുന്നതു കൊണ്ട് ചൊവ്വാഴ്ച ദിവസം വിവാഹം നടത്താമെന്ന് പറഞ്ഞതിന്റെ പേരിൽ ഒരിക്കൽ നേരിട്ട കോലാഹലങ്ങൾ ചില്ലറയല്ല, ആരൊക്കെയോ ഇപ്പോഴും ആ പേരിൽ പിണക്കത്തിൽ തന്നെയാണ്. സമയം നോക്കിയും നല്ലനേരം നോക്കിയും തുടങ്ങിയതും, അങ്ങനെയല്ലാത്തതും എല്ലാം ഒരു മഴയുടെയും ഒരു പ്രളയത്തിന്റെയും മുമ്പിൽ ഒരുപോലെ വിറങ്ങലിച്ചതും തരംതിരിക്കാതെ വെള്ളം പലതിനെയും കവർന്നെടുത്തതും നമ്മൾ ഇപ്പോഴും ധ്യാനിച്ച് തുടങ്ങിയിട്ടില്ല…

കുഞ്ഞേ, ദൈവത്തിന് ഓഫ് ടൈം ഇല്ലാട്ടോ. എല്ലാം നല്ല സമയങ്ങളാണ്. കൃപയുടെ ഒഴുക്കിന് നേരഭേദങ്ങളില്ല. അവൻറെ കരുണയ്ക്കും കരുതലിനും മാമൂലുകളുമില്ല. നമ്മളിങ്ങനെ കൂട്ടിയും കിഴിച്ചും സമയം കളഞ്ഞതല്ലാതെ .. !

പ്രതീക്ഷ നഷ്ടപ്പെട്ടവരോടും മനസ്സ് തകർന്നവരോടും “ഇത്രയും കാലം നോക്കിയിരുന്നു, ഇനി എൻറെ ജീവിതത്തിൽ ദൈവം എന്ന് ഇടപെടാനാണ്?” എന്ന് നിരാശപ്പെടുന്നവരോടും പുൽക്കൂട്ടിലെ ഉണ്ണിക്ക് ഓർമിപ്പിക്കാൻ ഉള്ളത്, കാനായിൽ അമ്മയോട് പറഞ്ഞത് തന്നെ, “സമയമായെന്ന്”.

ചിത്രശലഭത്തെ പിടിക്കാൻ ഓടി നടന്നുനടന്ന് ഒടുവിൽ മടുത്ത് സങ്കടപ്പെട്ട് കിടന്നുറങ്ങുന്ന കുഞ്ഞിൻറെ നെറ്റിയിൽ ചിത്രശലഭം വന്നിരിക്കുന്നത് പോലെ..

കൂട്ടുകാരാ, ഒരുനാൾ വരും. നിൻറെ മൂർധാവിൽ ദൈവം ഒരു കുഞ്ഞിനെപ്പോലെ ഉമ്മവയ്ക്കുന്ന സമയം വരും. നിൻറെ അലച്ചിലുകളും നിൻറെ സങ്കടങ്ങളും നിൻറെ കണ്ണീരും ഞാൻ അറിയുന്നുണ്ടായിരുന്നു എന്നുപറഞ്ഞ് ദൈവം ഹൃദയത്തോട് ചേർക്കുന്ന സമയം !

ദൈവമേ, എന്റെയീ സങ്കടങ്ങളുടെ തീരത്ത് മംഗളവാർത്തയുമായി വരുന്ന ഒരു മാലാഖയുടെ ചിറകടിയൊച്ചക്കുവേണ്ടി ഞാൻ കാത്തിരിക്കുന്നു. ആമ്മേൻ.

പ്രാർത്ഥനകൾ!

ഫാ. അജോ രാമച്ചനാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.