ജിംഗിൾ ബെൽസ് 25: കുഞ്ഞ്

ഫാ. അജോ രാമച്ചനാട്ട്

“ഓമനത്തിങ്കൾക്കിടാവോ,
നല്ല കോമളത്താമരപ്പൂവോ,
പൂവിൽ നിറഞ്ഞ മധുവോ,
പരിപൂർണേന്ദുതൻ്റെ നിലാവോ..”

പാതിരാകുർബാനയ്ക്ക് പങ്കെടുത്തപ്പോഴും പുൽക്കൂട്ടിലെ ഉണ്ണിയെ ഉമ്മ വച്ചപ്പോഴും മനസ്സ് നിറയെ ഇരയിമ്മൻതമ്പിയുടെ ആ പഴയ ഈരടികളായിരുന്നു.. ഉണ്ണിയേശുവിനെ തൊട്ട് വന്ദിച്ച് കടന്നുപോകുന്ന പല കണ്ണുകളിലും സന്തോഷത്തിൻ്റെ അടങ്ങാത്ത തിരയിളക്കങ്ങൾ ! കുഞ്ഞുണ്ണിയെ മുത്തുന്ന നേരത്ത് ഓരോ കണ്ണുകളിലും ഉരുണ്ടുകൂടുന്ന മാതൃഭാവം ..! ഹൊ, എൻ്റെ കുഞ്ഞുവാവേ, നിൻ്റെയൊരു കാര്യം !

മനസ്സിൽ ഉയർന്ന ഒരു ചോദ്യമാണ്, ഈ കുഞ്ഞുവാവ ആരുടേതായിരിക്കും? തീർച്ചയായും ദൈവപിതാവിൻ്റേതാണ് .. പത്തുമാസം ഉദരത്തിൽ വഹിച്ച് ആ അമ്മയുടേതാണ് .. എല്ലാ പ്രതിസന്ധികളെയും അവഗണിച്ച് അവന് കൂട്ടിരുന്ന, അവന് വേണ്ടി ജീവിച്ച യൗസേപ്പിൻ്റേതാണ് .. പാതിരാവിൽ മാലാഖയുടെ ദൂത് കേട്ട് ചാടിയെണീറ്റ് ഓടിവന്ന, അവന് കുഞ്ഞുടുപ്പും ചൂടും സ്നേഹവുമൊക്കെ നൽകിയ ആട്ടിടയന്മാരുടേതുമാണ് .. ദൂരെ എങ്ങോ ജനിച്ചുവീണ ദിവ്യശിശുവിനെ കാണാൻ, കാടും മലയും താണ്ടി യാത്രചെയ്ത, അവന് സമ്മാനവുമായി എത്തിയ ജ്ഞാനികളുടേതുമാണ് .. എനിക്ക് തർക്കമില്ല.

പുൽക്കൂടിനു മുന്നിൽ നിൽക്കുമ്പോൾ എൻ്റെ കണ്ണുകളും അറിയാതെ നിറയുന്നുണ്ട് .. പുണ്യത്തിലും, പ്രാർത്ഥനയിലും, വിശുദ്ധിയിലും കനമുള്ള ഒന്നും അവകാശപ്പെടാനില്ലെങ്കിലും കുഞ്ഞുവാവേ, നീ എൻ്റേത് കൂടിയാണെന്ന് വിശ്വസിച്ചോട്ടെ ഞാൻ ?

“ഇതെങ്ങനെ സംഭവിക്കും?” എന്ന അമ്മമേരിയുടെ സന്ദേഹം ജീവിതത്തിൻ്റെ പല ദശാസന്ധികളിലും ഞാനും അനുഭവിച്ചിട്ടുണ്ട് ..!”ഇതാ ഞാൻ, കർത്താവിൻ്റെ ദാസൻ/ദാസി” എന്നു പറഞ്ഞ് പല കയ്പനുഭവങ്ങളിലൂടെയും ഞാനും മൂകനായി കടന്നുപോയിട്ടുണ്ട് ! നാട്ടുകാരുടെയും,വീട്ടുകാരുടെയും, കൂടപ്പിറപ്പുകളുടെയും മുനവെച്ച നോട്ടങ്ങൾക്കും അർത്ഥംവച്ച സംസാരങ്ങൾക്കും മുന്നിൽ, ആരെയും ഒന്നും ധരിപ്പിക്കാൻ കഴിവില്ലാതെ നെഞ്ചു കലങ്ങിയിട്ടുണ്ട് ഞാനും ..!

അവിഹിതഗർഭം പേറിയവളെ തലയിൽ ചുമന്ന ജോസഫിനെപ്പോലെ മണ്ടൻ എന്ന് വിളിക്കപ്പെട്ടിട്ടുണ്ട് ! അയാളെപ്പോലെ ഞാനും ആർക്കൊക്കെയോ വേണ്ടി ഉറക്കമിളച്ചിട്ടുണ്ട്, ചോരനീരാക്കിയിട്ടുമുണ്ട് ..! കൂട്ടിന് ആരുമില്ലാതെ പ്രസവവേദനയാൽ പുളഞ്ഞ മറിയത്തിൻ്റെ ഒറ്റപ്പെടലും, മനോവേദനയും എൻ്റേതുകൂടിയായിരുന്നു .. ആർക്കൊക്കെയോവേണ്ടി ആട്ടിടയന്മാരെപ്പോലെ പാതിരാവുകളിൽ ഞാനുമെഴുന്നേറ്റോടിയിട്ടുണ്ട് .. ! അപൂർവ്വമായിട്ടെങ്കിലും ചില ആത്മീയനിധികൾ തേടി അഹോരാത്രം മരുഭൂമിയിലൂടെയലഞ്ഞിട്ടുണ്ട് ഞാനും..!

അതുകൊണ്ട് കുഞ്ഞേ, നീ എൻ്റേതുകൂടിയാണ്. നീ ജനിച്ചിരിക്കുന്നത് എൻ്റെ ജീവിതത്തിലും കൂടിയാണ്, നീ കൈകാലിട്ടടിക്കുന്നത് എൻ്റെ ഹൃദയത്തിലാണ് !!

പൊന്നുണ്ണിയുടെ അവകാശം പറയുമ്പോഴും മനസിനെ സന്ദേഹിയാക്കുന്ന ഒരു ഓർമ്മ കൂടിയുണ്ട് – ഒരിക്കൽ യൗസേപ്പിനും മറിയത്തിനും അവനെ കൈവിട്ടുപോയതിൻ്റെ ഓർമയാണത് ! അത് ദേവാലയ പരിസരങ്ങളിൽ തന്നെയായിരുന്നു എന്നതാണ് അതിലും വലിയ വേദന !

ആഘോഷമായ തിരുനാൾ കുർബാനകൾക്കും, ദൈവാലയമുറ്റത്തിനും, പ്രദക്ഷിണവഴികൾക്കും, പ്രസുദേന്തി വാഴ്ചയ്ക്കും, നേർച്ചസദ്യയ്ക്കും, ഗാനമേളയ്ക്കുമിടയിൽ എങ്ങനെയോ എപ്പോഴോ വിരൽത്തുമ്പിൽ നിന്ന് … !!!

അല്ലയോ കുഞ്ഞുണ്ണീശോ, ദുർബലമായ എൻ്റെ കൈവിരൽത്തുമ്പിൽ നീ ഉണ്ടാവണേ. 2019-ൻ്റെ ഇരുളും വെളിച്ചവും നിറഞ്ഞ വഴിത്താരകളിൽ, എൻ്റെ ഇടർച്ചകളിലും നൊമ്പരങ്ങളിലും നീ കൂട്ട് ഉണ്ടാവണേ. നിന്നെ ഞാൻ എൻ്റെ ചങ്കോട് ചേർത്തു പിടിച്ചോളാട്ടോ, കുഞ്ഞാവേ.

“ഇരവാകവേ, പകലാകവേ
കവിളത്തു നിന്റെയീ
ചിരികാത്തിടാനിതുവഴി ഞാൻ
തുണയായ് വരാം ഇനിയെന്നുമേ ..”

കുളിരാൽ വിറയ്ക്കുന്ന നല്ല കുഞ്ഞുണ്ണീശോയ, പൊന്നേ, വാവേ നിനക്കെൻ്റെ ചക്കരയുമ്മ.

ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ സ്നേഹപൂർവ്വം ..

ഫാ. അജോ രാമച്ചനാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.