ദൈവം കരം പിടിച്ച ജീവിതം

ജനിച്ചപ്പോള്‍ ദൈവം അവള്‍ക്ക് കൈകള്‍ കൊടുത്തിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ദൈവത്തിന്റെ കരങ്ങളില്‍ മുറുക്കെ പിടിച്ച് ജീവിതത്തിന്റെ പരിമിതികളെയും പ്രതിസന്ധികളെയും മറികടക്കുകയാണ് ജിലുമോള്‍ മരിയറ്റ് തോമസ് എന്ന പെണ്‍കുട്ടി. രണ്ടു കൈകളുമില്ലാതെ ജനിച്ച ജിലുമോള്‍  ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്നത്  കാലുകള്‍ ഉപയോഗിച്ചതാണ്. രണ്ടു കാലുകളെയും കൈകള്‍ക്ക് പകരമായി ഉപയോഗപ്പെടുത്തുന്ന ഈ പെണ്‍കുട്ടി ഓരോ ചെയ്തിയും കണ്ടു നില്‍ക്കുന്നവരെ അത്ഭുതപ്പെടുത്തും. എല്ലാക്കാര്യത്തിലും സ്വന്തമായി ഒരു സ്‌റ്റൈല്‍ ഉണ്ട് ജിലുവിന്.

ജീവിതം പൂവിടുന്നു

തൊടുപുഴ കരിമണ്ണൂര്‍ നെല്ലാനിക്കാട്ട് തോമസിന്റെയും അന്നക്കുട്ടിയുടെയും പുത്രിയാണ് ജിലു. ചങ്ങനാശേരി ചെത്തിപ്പുഴ മെഴ്‌സി ഹോമിന്റെ സ്‌നേഹത്തണലിലായിരുന്നു ജീവിതം. നാലാം വയസില്‍ ജിലുവിന്റെ അമ്മ അവളെ വിട്ട് പോയി. അമ്മയെ നഷ്ടമായതിന്റെ നൊമ്പരപ്പാടുകളുമായി അഞ്ചാം വയസില്‍ ആണ് അവള്‍ മേഴ്‌സി ഹോമിലെത്തുന്നത്. അവിടെയായിരുന്നു അവളുടെ ജീവിതം പൂവിട്ടത്.  സിസ്റ്റര്‍ മരിയെല്ലയുടെ ശുശ്രൂഷകളെ ജിലുമോള്‍ക്കു മറക്കാനാവില്ല. പോറ്റമ്മ തന്നെയായിരുന്നു ജിലുവിന് അവര്‍. കാല്‍വിരലുകള്‍ക്കിടയില്‍ പെന്‍സില്‍ തിരുകി വരയ്ക്കാനും നിറംകൊടുക്കാനും കന്യാസ്ത്രീകള്‍ പരിശീലിപ്പിച്ചു. സ്പൂണില്‍ ഭക്ഷണം കഴിക്കാന്‍, പൊട്ടു തൊടാന്‍, മുടി ചീകി പിന്നിക്കൊടുക്കാന്‍ ഒക്കെ മാലാഖമാരുടെ കരുതലോടെ കരുണയുടെ ആള്‍രൂപങ്ങളായ ആ കന്യാസ്ത്രീകള്‍ ഏറെ ശ്രമങ്ങളിലൂടെ ജിലുവിന്റെ കാലുകളെ പാകമാക്കി. നോട്ടുബുക്കിന്റെ താളുകള്‍ മറിക്കാനും പുസ്തകം പൊതിയാനും സ്‌കെയില്‍ വച്ചു വരയ്ക്കാനുമൊക്കെ ഏറെ കരങ്ങള്‍ ജിലുവിനു മുന്നിലും പിന്നിലുമുണ്ടായിരുന്നു.

കാലുകള്‍ കൊണ്ടാണ് ജിലു ഭക്ഷണം കഴിക്കുന്നത്. അതേപോലെ മൊബൈല്‍ ഫോണ്‍ കാല്‍വിരലുകള്‍ കൊണ്ട് ഡയല്‍ ചെയ്യുകയും നല്ല ഭംഗിയുള്ള വടിവൊത്ത അക്ഷരത്തില്‍ എഴുതുകയും ചെയ്യും.  സാധാരണ ആള്‍ക്കാര്‍ കൈകള്‍ ഉപയോഗിക്കുന്നത് പോലെ കാല്‍വിരലുകള്‍ കംപ്യൂട്ടര്‍ കീബോര്‍ഡിലേക്കും മൗസിലേക്കും വളച്ചും തിരിച്ചും മിന്നല്‍പോലെ പായിച്ചു ടൈപ്പിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, ആനിമേഷന്‍ എന്നിവയൊക്കെ ജിലു ചെയ്തുകൊണ്ടിരിക്കുന്നു.

വിദ്യാഭ്യാസം

ചങ്ങനാശേരി വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂളില്‍ എട്ടാം ക്ലാസ് മുതല്‍ കംപ്യൂട്ടര്‍ പഠനം തുടങ്ങി. കംപ്യൂട്ടര്‍ പ്രത്യേകം സ്റ്റാന്‍ഡില്‍ വച്ച ശേഷം ഉയര്‍ത്തി വച്ച കീബോര്‍ഡിലെ ഓരോ അക്ഷരങ്ങളിലേക്കു കാല്‍വിരലുകളെ ചലിപ്പിച്ചു. മറ്റുള്ളവരേക്കാള്‍ വേഗത്തില്‍ ജിലുമോള്‍ ടൈപ്പിംഗ് പഠിച്ചു. വൈകാതെ ഫോട്ടോഷോപ്പും ആ വിസ്മയ ചിത്രങ്ങളുടെ നിറവും മിഴിവും കണ്ടവരൊക്കെ വിസ്മയിപ്പിച്ചു. വാഴപ്പള്ളി സ്‌കൂളില്‍ പത്താം ക്ലാസ് കംപ്യൂട്ടര്‍ പ്രാക്ടിക്കല്‍ പരീക്ഷ കാലുകള്‍കൊണ്ട് ജിലു എഴുതി. വലതുകാല്‍ കൊണ്ടെഴുതിയ ആ പരീക്ഷയില്‍ കംപ്യൂട്ടര്‍ പ്രാക്ടിക്കലിന് ഒരു മാര്‍ക്കു പോലും നഷ്ടമായില്ല. അവിടെ പ്ലസ് ടുവിനു ശേഷം ചങ്ങനാശേരി മീഡിയ വില്ലേജില്‍ നിന്ന് ബിഎ ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈനിലും വെബ് ഡിസൈനിംഗിലും ബിരുദം നേടി.

ജോലി

സ്വകാര്യ സ്ഥാപനങ്ങളില്‍ കംപ്യൂട്ടര്‍ ജോലികള്‍ ചെയ്യുകയും  പൈങ്കുളം എസ്എച്ച് ആശുപത്രിയില്‍ ഓഫീസ് അസിസ്റ്റന്റായി പ്രവര്‍ത്തിക്കുകയും ചെയ്തു. എറണാകുളം വിയാനി പ്രിന്റിംഗ് ഹൗസിലാണ് ഡിസൈനിംഗ് രംഗത്തു കരിയര്‍ ജിലു രൂപപ്പെടുത്തിയത്. ഫോട്ടോഗ്രഫിയിലും കമ്പക്കാരിയായ ജിലു കാലുകള്‍ക്കുള്ളില്‍ കാമറ നിശ്ചലമാക്കി നിറുത്തി ഫോക്കസ് ചെയ്തു വിരലുകള്‍കൊണ്ട് ക്ലിക്ക് ചെയ്യും. ഇവിടം കൊണ്ട് ജിലുവിന്റെ മികവുകള്‍ തീരുന്നില്ല. അടുക്കളയില്‍ പച്ചക്കറി നുറുക്കും, പാത്രം കഴുകും. കാല്‍വിരലില്‍ മൗസും ബ്രഷും പേനയും പോലെ കറിക്കത്തിയും ചിരവയും വഴങ്ങും. ചേച്ചി അനുവും അനുജത്തി ഡെല്‍നയുമാണ് വീട്ടിലെ ജിലുവിന്റെ കൂട്ടുകാരും പിന്തുണയും.

പ്രചോദനാത്മകം ഈ ജീവിതം

ശാരീരിക ന്യൂനതയുള്ള ധാരാളം പേരെ ആത്മവിശ്വാസത്തിലേക്കും ജീവിതത്തിലേക്കും നയിക്കാന്‍ ജിലുവിന് സാധിച്ചിട്ടുണ്ട്. സ്വന്തം ജീവിതമാണ് അവള്‍ ശ്രോതാക്കള്‍ക്കു മുന്നില്‍ തുറന്നുവയ്ക്കുന്ന പാഠപുസ്തകം. ഇനി ഒരു സ്വപ്നം കൂടിയുണ്ട് ജിലുവിന്. ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാ ക്കുകയാണ് ജിലുവിന് അടുത്ത സ്വപ്നം. ഡ്രൈവിംഗ് പരീക്ഷിച്ചു നോക്കി, വിജയിച്ചു. ഇരുകൈകളുമില്ലാതെ ഡ്രൈവിംഗ് ലൈസന്‍സ് നേടിയവരെ അന്വേഷിക്കുകയാണ് ജിലു. വണ്ടി ഓടിക്കാന്‍ പറ്റുമെന്നിരിക്കെ ഈ കാലുകള്‍ക്കും ലഭിക്കണം ഡ്രൈവിംഗ് ലൈസന്‍സ് എന്നാണ് ജിലുവിന്റെ പക്ഷം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.