ഒപ്പമാകാന്‍ അപ്പമായവന്‍

സി. സോണിയ ഡി.സി.

എന്റെ ജീവിതത്തില്‍ നിനക്കൊരിടം; ഒപ്പം നിന്റെ ജീവിതത്തില്‍ എനിക്കൊരിടം. സൗഹൃദത്തിന്റെ പൂര്‍ണ്ണമായൊരു സാന്നിധ്യം അത് പരിശുദ്ധ കുര്‍ബാനയിലൂടെ ഈശോ ഉറപ്പിക്കുകയാണ്. കൂടെയായിരിക്കാന്‍ ആഗ്രഹിച്ച ദൈവം മനുഷ്യനെ സൃഷ്ടിച്ചു. അത് മനുഷ്യന്‍ മറന്ന്, അകന്നപ്പോള്‍ ഒപ്പമായിരിക്കാന്‍ കൊതിച്ച ഉടയവന്‍ ഓസ്തിയായി വീണ്ടും ജനിച്ചു. അപ്പാവതാരത്തിലൂടെ കൂടയുണ്ടാകുമെന്ന് നിത്യമായ ഉറപ്പ് നല്‍കിയ അവിടുന്ന്, ഓരോ വിശുദ്ധ കുര്‍ബാനയിലൂടെയും ആ ഉടമ്പടി ഉറപ്പിക്കുകയാണ്. എങ്കിലും വേദന നിറഞ്ഞ ഒരു ചോദ്യം ബാക്കിവയ്ക്കുന്നു. ‘നിന്റെ ജീവിതത്തില്‍ എനിക്കൊരു ഇടമുണ്ടാവുമോ, മക്കളെ?’ എന്റെ ഹൃദയത്തില്‍ നിനക്കെന്നും ഇടമുണ്ട്. വിരിച്ച കരങ്ങളാല്‍, കുനിഞ്ഞ ശിരസ്സാല്‍, തുറന്ന ഹൃദയത്താല്‍ കര്‍ത്താവ് കാത്തിരിക്കുന്നു. നമുക്കായി… ലോകമെങ്ങുമുള്ള സകല സക്രാരികളിലും എല്ലാ നിമിഷവും അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനകളിലും.

ജീവിതത്തിലെ ഏറ്റവും വലിയ കാര്യങ്ങളിലൊന്നാണ് കൂടെയായിരിക്കുക എന്നത്. വര്‍ഷങ്ങള്‍ ഒരുമിച്ചു ജീവിച്ചിട്ടും ഒപ്പമാകാന്‍ കഴിയാത്തവരുണ്ട്. ഒരുപാട് വര്‍ഷങ്ങള്‍ ഒന്നിച്ച് ജീവിതം ചെലവഴിച്ചിട്ടും ഇനിയും നിത്യം ഒപ്പമെത്താന്‍ ആഗ്രഹിക്കുന്നവരുമുണ്ട്. തന്നെ സ്‌നേഹിക്കുന്നവരോടൊപ്പവും താന്‍ സ്‌നേഹിക്കുന്നവരോടൊപ്പവും ആയിരിക്കുകയെന്നത് ഏതൊരു സ്‌നേഹബന്ധത്തിന്റെയും അടിസ്ഥാനം തന്നെ. അതിനാല്‍, വിശുദ്ധ കുര്‍ബാന ഒരു സ്‌നേഹബന്ധത്തിന്റെ അച്ചാരമാണ്. സ്‌നേഹമേകാനും സ്‌നേഹമാകാനുമുള്ള കൂദാശ; സ്‌നേഹം ജീവനാകുന്ന വേദി – കൂദാശ; സ്‌നേഹത്തിന്റെ ഉത്തമസാക്ഷ്യമായ കൂദാശ; സ്‌നേഹത്തിന്റെ ഉത്തമോദാഹരമണമായ പങ്കുവയ്ക്കല്‍

സ്‌നേഹസഞ്ജീവനിയായ കൂദാശ – കുര്‍ബാന

സ്‌നേഹം മാത്രമായ ദൈവം സ്‌നേഹത്തിന്റെ അത്യുംഗപദത്തില്‍ നിന്നും സ്‌നേഹധാരയായി തന്നെ കുത്തിമുറിവേല്‍പ്പിച്ച/മുറിവേല്‍പ്പിക്കുന്നവരിലേയ്ക്ക് ഒഴുകിയിറങ്ങുന്ന അത്ഭുതപ്രതിഭാസമാണ് വിശുദ്ധ കുര്‍ബാന. വരണ്ടുണങ്ങുന്ന ഭൂമിയിലേയ്ക്ക് പുതുമഴയെന്ന പോലെ വരള്‍ച്ചയെ തൊട്ടുനനച്ച്, കൃപയാല്‍ നിറച്ച്, കരുണയാല്‍ പൊതിഞ്ഞ്, സ്‌നേഹത്തിന്റെ പുതപ്പും ഒരോരുത്തരെയും നിറയ്ക്കുകയാണ് ഓരോ വിശുദ്ധ ബലിയും.

‘സ്‌നേഹം നിന്നെ മാടിവിളിക്കുമ്പോള്‍ നീ അനുഗമിക്കുക. ആ വഴികള്‍ കഠിനവും ഇടുങ്ങിയതുമാണെങ്കിലും നീ അനുഗമിക്കുക. നിന്നെ കുരിശിലേറ്റുന്നതു പോലെ തന്നെ സ്‌നേഹം നിന്നെ കിരീടമണിയിക്കുകയും ചെയ്യും’ – ഖലീല്‍ ജിബ്രാന്‍.

‘പിതാവേ, അങ്ങെനിക്ക് തന്നവരെ ഞാന്‍ സ്‌നേഹിച്ചു; അവസാനം വരെ സ്‌നേഹിച്ചു’ (യോഹ. 17:23). സ്‌നേഹിതരില്‍ നിന്നുള്ള വേര്‍പാടിന്റെ വേദനയുടെ നിമിഷങ്ങളില്‍ അവിടുന്ന് അവര്‍ക്കായി ഒരു നല്ല സമ്മാനം നല്‍കി, സ്‌നേഹത്തിന്റെ നല്ല ഓര്‍മ്മകള്‍ പകര്‍ന്നേകി എളിമയുടെ പുനര്‍ജനനത്തിലൂടെ. ഒരിക്കലും പിരിയാതെ തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം വസിക്കാനായി അപ്പമായി അവിടുന്ന് അവതരിച്ചു. കൂട്ട് കൂടുവാനും, കൂടെ നടക്കാനും, കൂട്ടുകാരനായി ക്രൂശിതനായ കര്‍ത്താവ് ഇതാ നിത്യവും നമ്മോടൊപ്പം ദിവ്യകാരുണ്യത്തില്‍…

‘അമ്മതന്‍ നെഞ്ഞുഞരമ്പില്‍ തങ്ങി
ചെമ്മേ ചെഞ്ചോരയെത്തന്നെ
അമ്മിഞ്ഞത്തൂവമൃതാക്കും – മൈത്രി
നമ്മോടോതുന്നു രാജന്‍! – ചണ്ഡാലഭിക്ഷുകിയിലെ ശ്രീ കുമാരനാശാന്റെ വരികള്‍ എത്രയോ അര്‍ത്ഥവത്താണ് വിശുദ്ധ കുര്‍ബാനയിലും. അമ്മയുടെ സിരകളിലെ രക്തം അമ്മിഞ്ഞ തൂകുന്ന അമൃതാകുന്നതിലും വലിയ യാഥാര്‍ത്ഥ്യവും രഹസ്യവും അത്ഭുതവും നടക്കുകയാണ് ഒരോ വിശുദ്ധ കുര്‍ബാനയിലും.’

‘കരുണയുടെ കയര്‍ പിടിച്ച് ഞാന്‍ അവരെ നയിച്ചു. സ്‌നേഹത്തിന്റെ കയര്‍ തന്നെ. എന്റെ അനുകമ്പ ഊഷ്മളവും ആര്‍ദ്രവുമായിരുന്നു’ (ഹോസി. 11:4-8). ഇത്രമാത്രം നമ്മെ സ്‌നേഹിക്കുന്ന നമ്മുടെ കര്‍ത്താവിന് എത്രമാത്രം പാടുപീഡകളാണ് നാം നല്‍കിയത്? കര്‍ത്താവിന്റെ ശരീരത്തിലെ 5,480 അടികളും നിരവധിയായ ചാട്ടവാറടികളും 3 ആണികളും ആഴ്ന്നിറങ്ങി ഘോരമായ വേദനകളാല്‍ പിടഞ്ഞ് സഹിച്ച് നിശബ്ദനായി ക്ഷമിച്ച കര്‍ത്താവ് അവസാനം ലുങ്കിനൂസിന്റെ ക്രൂരമായ കുത്തിലൂടെ തിരുഹൃദയത്തില്‍ നിന്നും ജീവന്റെ അളവില്ലാത്ത സ്‌നേഹത്തിന്റെ അരുവി മനുഷ്യമക്കളിലേയ്ക്ക് ഒഴുക്കുമ്പോള്‍ തിരുരക്തം സ്‌നേഹസഞ്ജീവനിയായി പരിണമിക്കുകയാണ് അന്ന് കാല്‍വരിയിലും ഇന്ന് ബലിവേദിയിലും.

ഓര്‍മ്മയ്ക്കായ്

മനസ്സിന്റെ കോണില്‍ ചിരത്കാലം ജീവിക്കുന്ന ഒരു വസ്തുതയാണ് ഓര്‍മ്മകള്‍. ഗൃഹാതുരത്വം നിറഞ്ഞ നല്ലതും, കഷ്ട-സഹന-സന്തോഷങ്ങള്‍ നിറഞ്ഞ നനുത്ത ഓര്‍മ്മകള്‍… വിശുദ്ധ ഗ്രന്ഥത്തില്‍ നാനൂറോളം പ്രാവശ്യം ആവര്‍ത്തിച്ച ഒരു വാക്കാണ് ഓര്‍മ്മിക്കുവിന്‍/മറക്കരുത് എന്നത്. ഇത് നിങ്ങള്‍ സ്മരിക്കുവിന്‍ (പുറ. 13:3). അന്ത്യത്താഴ വേളയില്‍ അപ്പവും വീഞ്ഞും ആശിര്‍വദിച്ച യേശു നമ്മോട് പറഞ്ഞു: എന്റെ ഓര്‍മ്മയ്ക്കായി ഇത് ചെയ്യുവിന്‍ (ലൂക്ക 22:19; 1 കൊറി. 24:25). അതെ. വിശുദ്ധ കുര്‍ബാന ഒരു ഓര്‍മ്മയാണ്. സ്‌നേഹത്തിന്റെ മഹനീയഭാവത്തിന്റെ പ്രകടനമാണ്. കാല്‍വരിയിലെ പരമോന്നത ത്യാഗത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ സജീവബലിയുടെ അനുഗ്രഹനീര്‍ച്ചാലുകള്‍ ഒഴുകുന്ന കൂദാശാസ്ഥാപനത്തിന്റെ ഊഷ്മളമായ അനുരഞ്ജനത്തിന്റെ ആര്‍ദ്രമായ അനുസരണത്തിന്റെ പരമദിവ്യകാരുണ്യത്തിന്റെ ജീവിക്കുന്ന ഓര്‍മ്മയാണ് ഓരോ ദിവ്യബലിയും.

ഉപസംഹാരം

മണല്‍ത്തരിയില്‍ വിശ്വാസമാകെ കാണാം
ഒരു കാട്ടുപൂവില്‍ സ്വര്‍ഗ്ഗത്തെ ഓര്‍ക്കാം
ഉള്ളംകയ്യില്‍ അനന്തതയെ വയ്ക്കാം
ഒരു നാഴികയില്‍ നിത്യതയെ ഒതുക്കാം… എന്ന് ആംഗലേയ കവി വില്യം ബ്ലേക്ക് പാടുമ്പോള്‍ നമുക്ക് വിശ്വാസത്തില്‍ ഉറച്ച് ആര്‍ത്തുപാടാം: ഈ വിശ്വപ്രപഞ്ചവും സ്വര്‍ഗ്ഗവും അനന്തതയും നിത്യതയും ഒരുമിക്കുന്ന സ്‌നേഹത്തിന്റെ അവതാരവും പ്രകടനവുമാണ് പരിശുദ്ധ പരമ ദിവ്യകാരുണ്യം.

ദിവ്യതയെയും നിത്യതയെയും ഒരു കൊച്ചു ഓസ്തിയിലൊളിപ്പിച്ച് ജീവസഞ്ജീവനിയായി ഓരോ അള്‍ത്താരയിലും തിരുബലിയിലും അവതരിക്കുന്ന ജീവിക്കുന്ന ദൈവപുത്രന്‍ യേശു തന്നെത്തന്നെ നമുക്ക് തരുന്ന ദിവ്യകൂദാശയാണ് വിശുദ്ധ കുര്‍ബാന.

സി. സോണിയ കളപ്പുരയ്ക്കല്‍ ഡി.സി.