ലാസറിനെ ഉയിര്‍പ്പിച്ച സംഭവത്തിലൂടെ യേശു നല്‍കുന്ന സന്ദേശം

ലാസര്‍ രോഗിയായി കിടക്കുമ്പോള്‍ ലാസറിന്റെ സഹോദരിമാര്‍ ആയിരുന്ന മര്‍ത്തായും മറിയവും യേശുവിന്റെയടുത്ത് ആളയച്ച് പറഞ്ഞു: “ഇതാ, അങ്ങ് സ്‌നേഹിക്കുന്നവന്‍ രോഗിയായിരിക്കുന്നു” (യോഹ. 11:33). ലാസറിന്റെ രോഗവിവരം അറിഞ്ഞ യേശു ഉടനെ പോയില്ല. ലാസറിനെ സുഖപ്പെടുത്തിയുമില്ല. പകരം ലാസര്‍ മരിച്ച് നാലുദിവസം കഴിഞ്ഞപ്പോള്‍ യേശു ലാസറിന്റെ വീട്ടില്‍ എത്തി. എന്തുകൊണ്ടായിരിക്കും അത്.

കാരണം, ലാസറിന്റെ കുടുംബത്തിന്റെ കാര്യം ഒരു സാധാരണ സംഭവമാക്കി മാറ്റി മറന്നുകളയുവാന്‍ യേശു അനുവദിച്ചില്ല. അതിനാല്‍ ലാസര്‍ മരിക്കുവാനും അടക്കപ്പെടുവാനും അഴുകുവാനും യേശു അനുവദിച്ചു. അങ്ങനെ മരിച്ച്, അടക്കപ്പെട്ട്, അഴുകിത്തുടങ്ങിയ ലാസറിനെ ഉയിര്‍പ്പിച്ചപ്പോള്‍ അതൊരു മഹാസംഭവമായി മാറി. ലാസറും കുടുംബവും മര്‍ത്തയും മറിയവും അനശ്വരരായി മാറി. ദൈവം അങ്ങനെ മാറ്റി. മരണവും അടക്കലും അഴിയലും നടക്കുമ്പോള്‍ വീട്ടുകാര്‍ക്കുണ്ടായ ദുഃഖം യേശുവും പങ്കിട്ടു. അതിനാല്‍ യേശു കരഞ്ഞു. മര്‍ത്തയും മറിയവും യേശു ലാസറിനെ ഉയിര്‍പ്പിക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും യേശു നാലുദിവസം താമസിച്ചു വന്നിട്ടും അവര്‍ യേശുവിനോട് പിണങ്ങിയില്ല. അനുസരിച്ചു. സഹകരിച്ചു.

ഇത് നമുക്കുമൊരു പാഠമാണ്. യേശു നമ്മെ സ്‌നേഹിക്കുമ്പോഴും നാം സഹിക്കാന്‍ ചിലപ്പോള്‍ അനുവദിക്കും. അതിലൂടെ നമ്മുടെ ജീവിതത്തില്‍ വലിയ ഇടപെടലുകള്‍ നടത്തി, മഹത്വം നല്‍കാന്‍ യേശു ആഗ്രഹിക്കുന്നുണ്ട്. നാം വേദനിക്കുമ്പോള്‍ യേശുവിന്റെ മനസും വേദനിക്കുന്നുണ്ട്. പക്ഷേ, മര്‍ത്തയും മറിയവും ചെയ്തതുപോലെ നമ്മളും ചെയ്യണം. യേശുവിനോട് പിണങ്ങരുത്. യേശുവിനെ വിശ്വസിക്കണം. യേശുവിനോട് സഹകരിക്കണം. വിശ്വസിക്കുമ്പോഴാണ് ദൈവമഹത്വം കാണാന്‍ ഇടവരുക എന്ന് ആ സഹോദരിമാരോട് യേശു പറഞ്ഞത് നമ്മെ സംബന്ധിച്ചും സത്യമാണ്.