വിശുദ്ധ കുർബാനയിൽ ഈശോ ജീവിക്കുന്നു: പാപ്പാ

ലോകത്തിന്റെ രക്ഷയ്ക്കായി ഈശോ സഭയെ ഏൽപ്പിച്ച മഹത്തായ ഉപകരണമാണ് വിശുദ്ധ കുർബാന എന്ന് ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ച വൈകിട്ട് വത്തിക്കാനിൽ നടന്ന പ്രാർത്ഥനയിലാണ് പാപ്പാ ഈ കാര്യം ഓർമ്മിപ്പിച്ചത്.

ദൈവം തന്ന മഹാദാനമായ വിശുദ്ധ കുർബാനയെക്കുറിച്ചുള്ള ആനന്ദവും അത്ഭുതവും പുതുക്കുന്നതിനുള്ള ക്ഷണമാണ് ഓരോ വർഷവും വിശുദ്ധ കുർബാനയുടെ തിരുനാൾ ക്രൈസ്തവന് മുന്നിൽ വയ്ക്കുന്നത്. ഈശോയുടെ തിരുശരീര-രക്തങ്ങളുടെ തിരുനാൾ, വിശുദ്ധ കുർബാനയിലുള്ള ദൈവസാന്നിധ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ആഹ്വാനം ചെയ്യുന്നു – പാപ്പാ ചൂണ്ടിക്കാട്ടി.

വിശുദ്ധ കുർബാന ദൈവസാന്നിധ്യത്തിന്റെ പൂർണ്ണരൂപമാണ്. അത് പിതാവിനോടും സഹോദരങ്ങളോടുമുള്ള ഈശോയുടെ സ്നേഹത്തിന്റെ ഏകപ്രവർത്തിയായിരുന്നു. അങ്ങനെ തന്റെ ശരീര-രക്തങ്ങൾ പകർന്നുനൽകുന്ന വിശുദ്ധ കുർബാനയാകുന്ന അമൂല്യ കൂദാശയിലൂടെ അവിടുന്ന് ലോകത്തിന് രക്ഷ പ്രദാനം ചെയ്തു. അതിനാൽ വിശുദ്ധ കുർബാന സ്വീകരിക്കുവാൻ നാം ആഗതമാകുമ്പോൾ നമുക്കായി മുറിയപ്പെട്ട ദൈവഹിതത്തിന് ആമ്മേൻ പറയുവാൻ നാം തയ്യാറായിരിക്കണം. ആ ആമ്മേൻ നമ്മുടെ ഹൃദയത്തിൽ നിന്നും ദൈവത്തോടുള്ള സ്നേത്തിൽ നിന്നും വരുന്നതുമായിരിക്കണം – പാപ്പാ കൂട്ടിച്ചേർത്തു.