“ഈശോയെ കുഞ്ഞു ജോവാനയെ ഒരു മാലാഖയാക്കണം.” ഹൃദയത്തിന്റെ തേങ്ങലായി മാറിയ ഫേസ് ബുക്ക് പോസ്റ്റ്

“ഈ കുഞ്ഞു മകളെ ഒരു മാലാഖയാക്കണം. ബോധമില്ലാത്ത ഞങ്ങളുടെ കുടുംബങ്ങൾക്ക് ഒരു സംരംക്ഷണമായി, ഓർമ്മപ്പെടുത്തലായി, അത്ര മതി.” ഫാ. വിജോഷ് മുള്ളൂറിന്റെ ഹൃദയത്തിന്റെ വേദന മുഴുവൻ ആ വാക്കുകളിൽ ഉണ്ട്. അദ്ദേഹത്തിൻറെ ഹൃദയം തകർത്ത ഒന്നായിരുന്നു ജോവാനയുടെ കൊലപാതകം.  കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഫാം ഹൗസ് ജീവനക്കാരനായ റിജോഷിന്റെ മകളാണ് രണ്ടു വയസുകാരി ജോവാന. പൊട്ടിച്ചിരികളും കുസൃതികളും കൊണ്ട് വീട് നിറച്ചിരുന്ന ആ കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങാനായി പോകുമ്പോൾ സഹോദരന്റെയും സഹോദര പുത്രിയുടെയും വേർപാടിൽ നിസ്സഹായനായി ഇരിക്കുകയാണ് ഈ വൈദികൻ.

അദ്ദേഹത്തിൻറെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ ചേർക്കുന്നു:

“കളകൾ പറിക്കണ്ട, ഒരു പക്ഷെ നിങ്ങൾ വിളയും കൂടെ പറിക്കാൻ ഇടയാകും എന്ന് പറഞ്ഞിട്ട്, എന്തിനാണീശോ ഈ മാലാഖ കുഞ്ഞിനെ കളകളോടൊപ്പം നീ വിട്ടുകൊടുത്തത്… നല്ല പൂവിനെ നീ പറിച്ചെടുത്തത് ഞങ്ങളുടെ ഹൃദയത്തിൽ നിന്നാണ് ട്ടോ! ഇനി ഒന്നു മാത്രമേ പറയാനുള്ളൂ നിന്നോട്, ചീഞ്ഞളിഞ്ഞ ഞങ്ങളുടെ നിലത്തിൽ നിന്ന് നിന്റെ തോട്ടത്തിലെ നല്ല മണ്ണിലേക്ക് നീ മാറ്റി നട്ട അവൾ പൂക്കുമ്പോൾ ഭൂമിയിലെ ഈ കാട്ടു ചെടികളെ ഓർക്കണേ… നിന്നെയും നിന്റെ പപ്പയേയും ഓർത്ത് ചങ്കുപിടക്കുന്ന ഒരു കുടുംബം താഴെയുണ്ട്. അതിൽ നിന്റെ വല്ല്യചാച്ചനും പിന്നെ ഞങ്ങളുമുണ്ട് ട്ടോ. മോളേ, എന്തൊക്കെ എഴുതിപിടിപ്പിച്ചാലും നിന്റെ മുഖം ഒരു മനസാക്ഷികുത്താണ്. “ക്ഷമിക്കണേ ദുഷ്ടരായ ഞങ്ങളോട്, അറിഞ്ഞോ അറിയാതെയോ തെറ്റ് ചെയ്തവരോട്,” എന്ന അപേക്ഷയോടെ പെങ്ങളെ അതിരുവിട്ട് സ്നേഹിക്കുന്ന ഒരു ആങ്ങള.

ഒന്നു കൂടെ എന്റെ ഈശോയേ, പറ്റുമെങ്കിൽ അവളെ ഒരു മാലാഖയാക്കണം. ബോധമില്ലാത്ത ഞങ്ങളുടെ കുടുംബങ്ങൾക്ക് ഒരു സംരംക്ഷണമായി, ഓർമ്മപ്പെടുത്തലായി, അത്ര മതി.” ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ അവസാനിക്കുന്നു.

റിജോഷ് വധക്കേസിലെ പ്രതിയും റിജോഷിന്റെ ഭാര്യയും ചേർന്നാണ് കുഞ്ഞു ജുവാനയെ കൊലപ്പെടുത്തിയത്. തുടർന്ന് ആത്മഹത്യക്കു ശ്രമിച്ച ഇരുവരും ആശുപത്രിയിലാണ്. സ്വാർത്ഥ താൽപര്യങ്ങൾക്കായി ലോകം കണ്ടു കൊതി തീർന്നിട്ടില്ലാത്ത കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്ന അനേകർ ഉണ്ട്. അവരിലൂടെ ഇല്ലാതാകുന്ന അനേകം നിഷ്കളങ്കരായ കുട്ടികളും. കുഞ്ഞു ജോവാന ഒരു ഓർമ്മപ്പെടുത്തലാണ്. അവളുടെ ഈ നിഷ്കളങ്ക പുഞ്ചിരി അനേകം മനസുകളിൽ ഒരു നോവായി അവശേഷിക്കുമ്പോൾ, ആ ചിരിക്കു അന്ധകാരം നിറഞ്ഞ മനസുകളെ ശാന്തമാക്കുവാൻ, ചിന്തിപ്പിക്കുവാൻ കഴിയട്ടെ. ഇന്ന് ആ കുരുന്നു സമൂഹത്തോടും നാമോരോരുത്തരോടും  ചോദിക്കുന്നുണ്ട്. “എന്നെ ഇല്ലാതാക്കാൻ ഞാനെന്തു ചെയ്തു?”