ഈശോ ഞങ്ങളുടെ ജീവനും അഭിമാനവും: ഒരു കന്യാസ്ത്രീ എഴുതുന്നു

ഒരിക്കൽ ഈശോ തന്റെ ശിഷ്യന്മാരോട് ചോദിച്ചു: “ഞാൻ ആരെന്നാണ് ജനങ്ങൾ പറയുന്നത്?” “മറ്റുള്ളവരുടെ അഭിപ്രായമല്ലേ” അവർ പെട്ടന്ന് ഉത്തരം നല്കി. “പലരും പലതാണ് പറയുന്നത്. പ്രവാചകൻ, ഏലിയ, സ്നാപകയോഹന്നാൻ എന്നിങ്ങനെ പലതും.” ബഹുജനം പലവിധം. അതിൽ അത്ഭുതപ്പെടാൻ ഒന്നും ഇല്ല.

എന്നാൽ തന്നോടൊപ്പം ആയിരുന്നവരോട് ഈശോ ചോദിച്ചു: “ഞാൻ അരെന്നാണ് നിങ്ങൾ പറയുന്നത്?” അവിടെ പല ഉത്തരങ്ങൾ ഇല്ല. ഒറ്റ ഉത്തരം മാത്രം: “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനാണ്.”

ഇവിടെ അവർക്കിടയിൽ തർക്കമില്ല. ശിഷ്യർക്ക് അറിയാം ഈശോ ദൈവത്തിന്റെ പുത്രനാണ് എന്ന്. ഇതാണ് ഒരോ ക്രൈസ്തവന്റെയും ഉത്തരം. ചിലർക്ക് ഈശോ ഒരു പേര് മാത്രമാണങ്കിൽ ക്രൈസ്തവന് ഈശോ ചങ്കിലെ ചോരയാൽ രക്ഷ നല്കുന്ന, ജീവിക്കുന്ന ദൈവമാണ്. ഒരോ ക്രിസ്ത്യാനിയെയും കാണുന്ന മറ്റ് മതവിശ്വാസികൾക്കും അറിയാം ഈശോ ആണ് അവന്റെ ദൈവം എന്ന്. അത് ആരാലും തിരുത്തപ്പെടാൻ സാധിക്കാത്ത നിത്യസത്യമാണ്.

ഈ ഈശോ നാമം ഞാൻ ആദ്യം കേട്ടത് എന്റെ അമ്മയുടെ നാവിൽ നിന്നാണ്. ഞാൻ കുഞ്ഞായിരുന്നപ്പോൾ ഉറച്ചു തുമ്മിയാൽ, കാൽ വഴുതിവീഴാൻ പോയാൽ ഉടൻ അമ്മ വിളിക്കും ഈശോ എന്ന്. ഉറങ്ങുന്നതിനു മുമ്പ് ഈശോ അപ്പയോട് പ്രാർത്ഥിപ്പിക്കും, ഈശോ ഉമ്മ കൊടുപ്പിക്കും. ഈശോ ഇല്ലാതെ ഒരു ദിവസം ആരംഭിക്കാനോ അവസാനിപ്പിക്കാനോ ഞങ്ങൾക്ക് അന്നും ഇന്നും കഴിയുകയില്ല.

ഒരു ക്രൈസ്തവൻ നഴ്സിന്റെ കയ്യിൽ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങുമ്പോൾ ആദ്യം കുഞ്ഞിന്റെ ചെവിയിൽ ഈശോ എന്ന് മൂന്ന് വട്ടം ചൊല്ലിക്കൊടുക്കും. ഒരിക്കൽ ഇത് കണ്ട ഞാൻ എന്റെ അമ്മയോട് ചോദിച്ചു: “അമ്മേ, കുഞ്ഞിന് തിരച്ചറിവായില്ലല്ലോ ഈശോയെ അറിയാൻ.” അമ്മയുടെ മറുപടി ഇപ്രകാരം ആയിരുന്നു: “ഇന്ന് ഇവൻ കേട്ട ഈ നാമം ഇവന്റെ രക്ഷയുടെ നാമമാണ്. ജീവിച്ചാലും മരിച്ചാലും ഇവന്റെ ഒപ്പം ഉണ്ടാകുന്ന രക്ഷകന്റെ നാമം. മോളുടെ ചെവിയിലും വല്യയമ്മച്ചി ഈശോനാമം ചൊല്ലിത്തന്നിട്ടുണ്ട്.”

അന്ന് എനിക്കൊന്നും മനസിലായില്ലങ്കിലും പിന്നിട്ട വഴികളിലെന്നും ഈ രക്ഷകൻ ഉണ്ടായിരുന്നു എന്റെയൊപ്പം. ആ കരുതൽ, അതാണ് ഇന്ന് എന്റെ കരുത്ത്.

ജീവിതത്തിൽ ഇന്നുവരെ ഞാൻ ഒറ്റക്കല്ല എന്ന ഉറപ്പ്, എന്റെ ശരികളും എന്റെ തെറ്റുകളും അറിയുന്നവൻ, വിശ്വസിച്ച് എന്റെ വികാരവിചാരങ്ങൾ പോലും പറയാൻ പറ്റുന്നവൻ, എന്നെ ശാസിക്കുന്നവൻ, എന്നെ പ്രോത്സാഹിപ്പിക്കുന്നവൻ, എനിക്കായി ജീവൻ വെടിഞ്ഞവൻ, എനിക്ക് കാവാലാകാൻ എനിക്ക് മുമ്പിലും പിമ്പിലും ഉള്ളവൻ. അതാണ് എന്റെ ഈശോ. എന്റെ മാത്രമല്ല ഒരോ ക്രൈസ്തവന്റെയും ഈശോ. ഈശോ ഞങ്ങളുടെ ജീവനാണ്. ഈശോ ഇല്ലാതെ ക്രിസ്തിയാനിയില്ല, തിരുസഭയില്ല.

സ്നേഹിക്കാൻ പഠിപ്പിച്ച നാഥന്റെ പാത പിൻചെല്ലുന്ന അഗതിമന്ദിരങ്ങളും വിവിധ ഭാഷാമികവോടെ കുട്ടികളെ വാർത്തെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇല്ല. ഇവിടെ എല്ലാവരും അറപ്പോടും ഭയത്തോടും കൂടി മാറ്റിനിർത്തുന്ന മാറാരോഗികളും മനോരോഗികളും ഞങ്ങളുടെ പ്രിയപ്പെട്ടവരാകുന്നതും ഞങ്ങൾ അവർക്ക് കാവലാകുന്നതും സാധിക്കുംവിധം അവരെ സഹായിക്കാൻ കഴിയുന്നതും ഈ ഈശോ ഞങ്ങൾക്ക് തരുന്ന കരുത്താണ്. പൗലോസ് ശ്ലീഹാ പറയുന്നതുപോലെ, “അഭിമാനിക്കുന്നവൻ കർത്താവിൽ അഭിമാനിക്കട്ടെ.” അതെ, അഭിമാനത്തോടെ ഞാനും പറയുന്നു: രക്ഷകനായ ദൈവപുത്രനായ ഈശോയിൽ അഭിമാനിക്കുന്നു.

റവ. സി. പ്രണിത DM

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.