നാം അറിയുന്നില്ലെങ്കിലും ഈശോ എപ്പോഴും നമ്മോടൊപ്പമുണ്ടെന്ന് മാര്‍പാപ്പ

നാം അറിയുകയോ മനസിലാക്കുകയോ ചെയ്യുന്നില്ലെങ്കിലും ഈശോയുടെ സാന്നിധ്യം എപ്പോഴും നമ്മുടെ കൂടെത്തന്നെയുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ. ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചയില്‍ സന്ദര്‍ശകരോട് സംസാരിക്കവേയാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“പരീക്ഷകളുടേയും പരീക്ഷണങ്ങളുടേയും കാലത്ത് നാം ഒറ്റയ്ക്കാണെന്ന് വിചാരിക്കരുത്. എപ്പോഴും നമ്മെ കാണാനും സംരക്ഷിക്കാനും ഈശോ കൂടെയുണ്ടെന്ന കാര്യം മറക്കാതിരിക്കാം. വിശുദ്ധരില്‍ പലരും പലതരത്തിലുള്ള പരീക്ഷണങ്ങളിലൂടെ കടന്നുപോയവരാണ്. പക്ഷേ ദൈവികസാന്നിധ്യത്തില്‍ അവര്‍ വിശ്വസിച്ചു, മുറുകെപ്പിടിച്ചു. അതുകൊണ്ട് അവര്‍ക്ക് അടിപതറിയില്ല” – പാപ്പാ ഓര്‍മ്മിപ്പിച്ചു.

ഈജിപ്തിലെ ക്രൈസ്തവ സന്യാസിയായിരുന്ന വി. ആന്റണിയുടെ ജീവിതത്തിലെ അനുഭവവും പാപ്പാ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ചില പ്രശ്നങ്ങളിലൂടെ കടന്നുപോയ വിശുദ്ധന്‍ പിന്നീട് ഈശോയിലേയ്ക്ക് മടങ്ങിവന്ന് അവിടുത്തോട് ചോദിച്ചു: ‘ദൈവമേ നീ എവിടെയായിരുന്നു? എന്റെ സഹനങ്ങള്‍ക്ക് പരിഹാരം കാണാന്‍ എന്തുകൊണ്ട് വന്നില്ല’ എന്ന്. അപ്പോള്‍ ഈശോ വിശുദ്ധന് നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു: ‘ആന്റണി, ഞാന്‍ അവിടെത്തന്നെ ഉണ്ടായിരുന്നു, നിന്നോടൊപ്പം. പക്ഷേ നീ പൊരുതുന്നത് കാണാന്‍ കാത്തിരിക്കുകയായിരുന്നു.’ വിശുദ്ധന്റെ ജീവിതത്തിലെ ഈ അനുഭവം നമുക്ക് പാഠമാകണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.