നിനക്കുവേണ്ടി തുടിക്കുന്ന തിരുഹൃദയം

റോസിന പീറ്റി

ജീവൻ തുടിക്കുന്നത് ഹൃദയത്തിൽ നിന്നാണല്ലോ. മറ്റ് അവയവങ്ങളുടെ പ്രവർത്തനം നിലച്ചാലും ഹൃദയം നിലച്ചില്ലെങ്കിൽ ജീവൻ വീണ്ടും നിലനിൽക്കും. ഹൃദയം നിലച്ചാൽ ജീവനും നിലയ്ക്കും. എന്റെ ചങ്കാണ് നീ എന്നൊക്കെ ദിവസേന നമ്മൾ വിളിച്ചു പറയാറുണ്ട് .യഥാർത്ഥത്തിൽ മനുഷ്യന് മറ്റൊരുവന്റെ ചങ്കായി മാറുവാൻ, അതായത് ജീവൻ ആയി മാറാൻ കഴിയുമോ?പക്ഷേ അതിന് കഴിഞ്ഞ ഒരുവൻ ഉണ്ട് !!

ജീവനുണ്ടാകുവാനും അത് സമൃദ്ധമായ ഉണ്ടാകുവാനും മനുഷ്യനായി അവതരിച്ചവൻ. ഞാൻ വഴിയും സത്യവും ജീവനും ആണ് എന്ന് അവൻ പറഞ്ഞു എങ്കിൽ എന്റെ ജീവന്റെ ആധാരവും അവന്റെ ഹൃദയത്തുടിപ്പുകൾ തന്നെയാണ്. ക്രിസ്തുവിൽ ഞാൻ എന്നൊരു ഭാവം ഒരിക്കലും ഉണ്ടായിട്ടില്ല. അവൻ എന്നാണ് അവനുവേണ്ടി ജീവിച്ചത്? അവൻ എന്നാണ് അവനു വേണ്ടി പ്രാർത്ഥിച്ചത്? അവൻ എന്നാണ് അവനുവേണ്ടി അത്ഭുതങ്ങൾ പ്രവർത്തിച്ചത്? എന്റെ ഹൃദയം നിനക്ക് വേണ്ടി തുടിക്കുന്നു .(ജെറമിയ 31:20..) ഹൃദയത്തിന്റെ തികവിൽ നിന്ന് പുറപ്പെട്ട അവന്റെ അധരങ്ങളിലെ വാക്കുകൾ. യു ആർ ഓൾ വെയ്സ് ഇൻ മൈ ഹാർട്ട്. ഇതുതന്നെയല്ലേ മനുഷ്യനോട് ദൈവം പറഞ്ഞുവയ്ക്കുന്നത്!!.

തിരുഹൃദയ നാഥനെ സ്നേഹിക്കാത്തവർ ഉണ്ടാകില്ല. ജനിച്ചുവീണ നാൾമുതൽ വീടിന്റെ ചുമരിൽ കാണുന്ന ചിത്രം തിരുഹൃദയ നാഥനാണ്. മനസ്സ് ഭാരപ്പെടുമ്പോഴും , നിസ്സഹായനായി മാറുമ്പോഴും ഒക്കെ ആ തിരുഹൃദയ നാഥന്റെ അരികിൽ ഒന്നിരുന്നാൽ ,മനസിന്റെ ഭാരം ലഘൂകരിക്കപ്പെടുന്നതായി അനുഭവപ്പെടാറില്ലേ ? മനുഷ്യന്റെ എല്ലാ അപൂർണ്ണതകളും ഏറ്റെടുക്കുന്ന പരിശുദ്ധമായ ഹൃദയമാണ് തിരുഹൃദയം. അവന്റെ ഹൃദയത്തോട് ചേർന്നിരുന്നവരൊക്കെ അവർണ്ണനീയമായവിധം വിശുദ്ധിയുടെ കിരീടം ചൂടിയവരാണ്. മാംസം ധരിച്ച ദൈവപുത്രന്റെ ദിവ്യ ഹൃദയo ഏറ്റവും ആദ്യം സ്പന്ദിച്ചു തുടങ്ങിയത് പരിശുദ്ധ അമ്മയുടെ ഉദരത്തിൽ ആണല്ലോ. ദൈവത്തിന്റെ ഹൃദയതാളം ഏറ്റവുമാദ്യം അനുഭവിച്ചവൾ !! മാനവരക്ഷയ്ക്ക് വേണ്ടി തുടിക്കുന്ന ക്രിസ്തുവിന്റെ സ്നേഹരാഗം ആദ്യമായി ശ്രവിച്ചവൾ . പിതാവിന്റെ ഹിതം നിറവേറ്റാൻ പുത്രന്റെ ഹൃദയത്തോട് ചേർന്ന് തുടിക്കുന്ന പരിശുദ്ധ അമ്മയുടെ ഹൃദയം.

ക്രിസ്തുവിന്റെ ഹൃദയത്തിലൂടെ കടന്നു മറിയത്തിന്റെ സിരകളിലൂടെ ഒഴുകി വീണ്ടും ക്രിസ്തുവിൽ എത്തിനിൽക്കുന്ന ഈ സ്നേഹകീർത്തനം ഇന്നും വിശുദ്ധ കുർബാനയിലൂടെ നമ്മിൽ അവർത്തിക്കപ്പെടുകയാണ്. അവന്റെ ഹൃദയത്തിലെ സ്നേഹം എന്നെ പൊതിഞ്ഞു പിടിക്കുന്ന കാരുണ്യമായി പരിശുദ്ധ കുർബാനയുടെ ഇന്നും തുടരുകയാണ്. യോഹന്നാനെപോലെ അവന്റെ മാറോട് ചാരി കിടന്നു കൊണ്ട് ആ സ്നേഹം ആവോളം നുകരാൻ നമുക്കും ആവണം.

ശാന്തത കൈവെടിയാത്ത ഹൃദയമായിരുന്നു ഈശോയുടേത്. ഇവൻ തച്ചന്റെ മകനാണ് എന്ന് അവനെ നിസാരവൽക്കരിക്കുമ്പോഴും അവനിൽ തിന്മ ആരോപിക്കുമ്പോഴും ,മുഖത്തു തുപ്പി അവഹേളിക്കുമ്പോഴും നഗ്നനായി കുരിശിൽ ചേർത്ത് തറയ്ക്കുമ്പോഴും അവൻ ശാന്തത കൈവെടിഞ്ഞില്ല. സ്നേഹം മാത്രമായ അവനിൽ നിന്നും സ്നേഹവും സാന്ത്വനവും കരുണയും അല്ലാത്ത മറ്റെന്താണ് നല്കാനാകുക . ഈ ഹൃദയത്തിന്റെ ഭാഷ കൈമാറിപോകാനാണ് അവന്റെ ആഹ്വാനവും. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ. അവൻ ആരാണെന്നു ലോകം അറിഞ്ഞത് കുരിശിന്റെ നെറുകയിൽ അവന്റെ മാറിടം പിളർക്കപെട്ടപ്പോഴാണ്. കരുണയും സ്നേഹവും കൊണ്ട് വിതുമ്പി നിന്ന തിരുഹൃദയം പിളർക്കപ്പെടുക, ഇവൻ ദൈവപുത്രനാണെന്ന് സാക്ഷ്യപ്പെടുത്തുക, അവന്റെ മാറിടം പിളർന്നു സ്വർഗ്ഗകവാടം തുറക്കപ്പെടുക, പിതാവിന്റെ ഹിതപ്രകാരം അനിവാര്യമായിരുന്നു.

അവന്റെ സ്നേഹജ്വാലയിൽ നിന്നും നിന്ന് അൽപ്പമെങ്കിലും നുകരാനായാൽ മറ്റുള്ളവരുടെ മുൻപിൽ വഴിവിളക്കായി തെളിയാൻ എനിക്കും അവൻ കൃപയേകും.. സർവജനപദങ്ങൾക്കും വേണ്ടി ഒരിക്കൽ തുറക്കപ്പെട്ട തിരുഹൃദയം ഇന്നും കവാടങ്ങൾ ഒന്നുമില്ലാതെ നമ്മുക്കായി തുറന്നുതന്നെ നമ്മെ വഴിനോക്കിയിരിക്കുന്നു. അവന്റെ സ്നേഹത്തിനു പകരം വയ്ക്കാൻ മറ്റൊന്നിനും ആവുകയില്ല. ഓടിയണയാം ആ സ്നേഹ പാരമ്യത്തിലേക്ക് .

റോസിന പീറ്റി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.