‘എനിക്കെന്റെ ഈശോയുടെ കഴുതയാവണം’

ഏറ്റവും വിശുദ്ധമായ ആഴ്ചയുടെ തുടക്കം. ഈശോ നമ്മുക്ക് വേണ്ടി മനുഷ്യപുത്രനായി ജനിച്ചു ജീവിച്ചതിന്‍റെ ഉദ്ദേശം നിറവേറുന്ന ആഴ്ച. ഉയിര്‍പ്പിന് മുമ്പുള്ള വിശുദ്ധവാരം. ഈശോയുടെ രാജകീയ പ്രവേശനം നമ്മുടെ ഹൃദയത്തിലേക്കാകട്ടെ. ഈശോ ഇരുന്നത് കഴുതപുറത്താണ്. ആരേയും അവഗണിക്കാതെയും നിസ്സാരമായി കാണാതെയും ഇരിക്കാം.

ഈശോമിശിഹയോളം ശക്തനായ ആരും ഈ ലോകത്തില്ല. അത്രയും ധൈര്യം ആരാണ് ഈ ലോകത്തില്‍ കാണിച്ചിരിക്കുന്നത്? ഏറ്റവും ധൈര്യത്തോടെ ജെറുസലേമിലെക്ക് വരുന്നു (“ഇവര്‍ മൌനം ഭജിച്ചാല്‍ ഈ കല്ലുകള്‍ ആര്‍ത്തുവിളിക്കും”). എത്ര ചങ്കുറ്റത്തോടെയാണ് ദൈവാലയം ശുദ്ധീകരിക്കുന്നത് (“എന്‍റെ ആലയം പ്രാര്‍ത്ഥനാലയം എന്ന് എഴുതപ്പെട്ടിരിക്കുന്നു, നിങ്ങളോ അതിനെ കവര്‍ച്ചക്കാരുടെ ഗുഹയാക്കി മാറ്റിയിരിക്കുന്നു”).

വഴിയില്‍ വസ്ത്രങ്ങള്‍ വിരിച്ചതു പോലെ നമ്മുടെ ദുഃശീലങ്ങളെയും പാപങ്ങളെയും തെറ്റിന്‍റെ വഴികളെയും ഉപേക്ഷിക്കാം. വൃക്ഷങ്ങളില്‍ നിന്ന് ചില്ലകള്‍ മുറിച്ചതുപോലെ നമ്മുടെ മനസ്സിലെ അഹങ്കാരത്തെയും അഹം എന്ന ബോധത്തെയും മുറിച്ച് മാറ്റാം. നിഷ്കളങ്ക ഹൃദയത്തൊടെ ആര്‍പ്പ് വിളികളൊടെ ഈശോയെ സ്വീകരിക്കാം. ദേവാലയം ശുദ്ധീകരിച്ചതു പോലെ ക്രിസ്തുനാഥന്‍ നമ്മുടെ ഹൃദയങ്ങളെ പൂര്‍ണ്ണമായും ശുദ്ധീകരിക്കട്ടെ. വിശുദ്ധിയുടെ ജീവിതം നയിക്കാനുള്ള അനുഗ്രഹവും ശക്തിയും നമ്മുക്ക് ലഭിക്കട്ടെ! എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഓശാന തിരുനാള്‍ ആശംസകള്‍, ഹൃദയം നിറയെ പ്രാര്‍ത്ഥനകളും…

കൗദാശീക ജീവിതത്തില്‍ വിട്ട് വീഴ്ചകള്‍ വരുത്താതെ ആത്മീയജീവിതത്തെ ശക്തിപ്പെടുത്താം… ആധുനിക ലോകത്തില്‍ ഈശോയെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത എല്ലാവരും നമ്മെ കണ്ടു ഈ ദൈവവചനം ആവര്‍ത്തിക്കട്ടെ- ”നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നിലെന്നു കാണുന്നില്ലേ? നോക്കൂ, ലോകം അവന്‍റെ പിന്നാലെ പോയിക്കഴിഞ്ഞു.” വെളിപാട് പുസ്തകത്തിലെ (7:9) പ്രധാന ഭാഗമായ വിശുദ്ധരുടെ പ്രതിഫലം ശ്രദ്ധിക്കാം. സകല ജനതകളിലും, ഗോത്രങ്ങളിലും, രാജ്യങ്ങളിലും, ഭാഷകളിലും നിന്നുള്ളവര്‍ കുരുത്തോലയുമായി കര്‍ത്താവിനെ വാഴ്ത്തുന്ന ജനസമൂഹം. ഇപ്പോള്‍ മാത്രം അല്ല, ഈശോയുടെ രണ്ടാം വരവില്‍ ഈശോയെ സ്തുതിക്കാന്‍ യോഗ്യത ലഭിക്കുന്ന വിശുദ്ധഗണത്തില്‍ പങ്കുചേരാനുള്ള കൃപയ്ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം. ഓശാന പാടി ആര്‍പ്പുവിളികളോടെ എതിരേറ്റിട്ട് നമുക്കു ക്രൂശിക്കൂ എന്ന് ആക്രോശിക്കാതിരിക്കാം… നമ്മുടെ പ്രവര്‍ത്തികളാല്‍ ഈശോയെ മുറിവേല്‍പ്പിക്കാതെയും ക്രൂശിക്കാതെയും ജീവിക്കാം.

റോസ് മരിയ / അച്ചു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.