മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് ദൈവം കൈപിടിച്ചുയര്‍ത്തി; ഇന്ന് സംഗീതത്തിലൂടെ അനേകര്‍ക്ക് പ്രചോദനം  

“ഒന്നര വയസിൽ പിടിപെട്ട ബ്ലഡ് കാൻസർ ജീവിതത്തിൽ എല്ലാം നഷ്ട്ടപ്പെടുത്തുകയല്ല ചെയ്തത്; നേടി തരുകയായിരുന്നു.” ജീസസ് കാബെല്ലോ എന്ന അദ്ധ്യാപകന്റെ വാക്കുകളാണ് ഇത്. ഇപ്പോൾ ഭാര്യ പലോമയ്ക്കും 7 വയസ്സുള്ള മകനുമൊത്ത് കോർഡോബയിൽ താമസിക്കുന്ന ജീസസ് കാബെല്ലോയ്ക്ക്  36 വയസ്സുണ്ട്. നഗരത്തിനടുത്തുള്ള പ്യൂന്റെ ജെനിൽ എന്ന ഗ്രാമത്തിലാണ് വളർന്നത്. നാല് മക്കളിൽ ഇളയവനായ അദ്ദേഹം ഇന്ന് ഭാഷയും സാഹിത്യവും പഠിപ്പിക്കുന്ന അദ്ധ്യാപകനാണ്. മരിക്കുമെന്ന് ഡോക്ടർമാർ വിധിയെഴുതിയപ്പോൾ പരിശുദ്ധ അമ്മ അവനെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

സാധാരണ ബ്ലഡ് കാൻസർ പിടിപെട്ടാൽ മിക്കവരും മരിക്കും. മുപ്പത്തഞ്ചു വർഷം മുൻപ് ഇപ്പോൾ ലഭിക്കുന്ന ചികിത്സപോലും ഇല്ലാത്ത സ്ഥിതി. വളരെ ചെറുപ്പമായതിനാൽ മരുന്നിനോട് പോലും പ്രതികരിക്കാത്ത അവസ്ഥ. മനുഷ്യർ പരാജയപ്പെട്ടിടത്ത് ദൈവം പ്രവർത്തിച്ചു. നാല് വയസുള്ളപ്പോൾ എല്ലാം അവസാനിച്ചു എന്ന് കരുതിയിടത്തുനിന്ന് ദൈവം എല്ലാം തുടങ്ങുകയായിരുന്നു. ജീസസിന്റെ പിതാവ് രോഗം മൂർച്ഛിച്ചപ്പോൾ ഇടവക ദേവാലയത്തിൽ ചെന്ന് പരിശുദ്ധ അമ്മയുടെ രൂപത്തിന് മുൻപിൽ മുട്ടുകുത്തി ഇങ്ങനെ പ്രാർത്ഥിച്ചു. “അവനെ ജീവിതത്തിലേക്ക് തിരിച്ചു നൽകുകയാണെങ്കിൽ ഞാൻ അങ്ങേയ്ക്ക് ശുശ്രൂഷ ചെയ്യുവാന്‍ വേണ്ടി അവനെ വളര്‍ത്തും.”

വെറും രണ്ട് മണിക്കൂറിനുള്ളിൽ, അവർ ജീസസിനെ കാറിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോയി എമർജൻസി റൂമിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരുടെ പ്രതികരണം ആശ്ചര്യകരമായിരുന്നു. “എനിക്ക് 8 വയസ്സുള്ളപ്പോൾ, അവർ മുമ്പ് കണ്ടിട്ടില്ലാത്ത ഒരു ലിംഫോമ എന്റെ കഴുത്തിൽ നിന്നും നീക്കം ചെയ്തു. രോഗലക്ഷണങ്ങളില്ലാതെ ഞാൻ നാലുവർഷത്തോളം അതുമായി ജീവിച്ചിരുന്നു. മാതാപിതാക്കളുടെ പ്രാർത്ഥനയുടെ ഫലമാണ് തന്റെ ജീവിതം.” – ജീസസ് പറയുന്നു.

“എന്റെ മാതാപിതാക്കൾ, എന്നെ ഒരു സാധാരണ കുട്ടി എന്നുള്ള രീതിയിൽ ആണ് വളർത്തി. എല്ലാ കുട്ടികളും എനിക്കുള്ള രോഗാവസ്‌ഥയിലൂടെ ആണ് കടന്നുപോകുന്നതെന്നു ഞാൻ കരുതി. ഈ അസുഖത്തിന്റെ തീവ്രതയെക്കുറിച്ച് 14-ാം വയസ്സിൽ മാത്രമാണ് യേശു എന്നെ പഠിച്ചത്.” – അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ പതിനേഴാമത്തെ വയസിൽ ദൈവം തന്നിൽ നിന്നും എന്താണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുവാൻ അവൻ പരിശ്രമിച്ചു. ഒരു ചാപ്പലിൽ പ്രാർത്ഥിക്കുമ്പോൾ ശക്തമായ ദൈവാനുഭവം അദ്ദേഹത്തിനുണ്ടായി. ക്രിസ്തു തന്നെ ആലിംഗനം ചെയ്യുന്ന അനുഭവം! ഇന്നും ജീവിക്കുന്ന ക്രിസ്തുവിൽ വലിയ വിശ്വാസവും തനിക്ക് ഒരു ദൗത്യമുണ്ടെന്ന ബോധ്യവും അദ്ദേഹത്തിനു ലഭിച്ചു. വൈദികനാകാൻ ആഗ്രഹിച്ചു, എങ്കിലും ജീസസിനെ സംബന്ധിച്ച ദൈവഹിതം മറ്റൊന്നായിരുന്നു. ക്രിസ്തുവുമായുള്ള കണ്ടുമുട്ടൽ അനുഭവിച്ച അതേ ചാപ്പലിൽ വെച്ച് ഏഴ് വർഷങ്ങൾക്ക് ശേഷം പലോമയുമായുള്ള വിവാഹം നടന്നു.

കഥ അവിടെ അവസാനിക്കുന്നില്ല. ഇന്ന് അദ്ധ്യാപകനായി ജോലി നോക്കുന്നതിനോടൊപ്പം അദ്ദേഹം ക്രിസ്ത്യൻ  ഗാനങ്ങൾ രചിക്കുകയും റെക്കോഡു ചെയ്യുകയും ചെയ്യുന്നു. ദൈവത്തിലുള്ള ആഴമായ വിശ്വാസം ദൈവത്തെ കുടുംബത്തോടൊപ്പം സേവിക്കുവാനുള്ള അവസരവും അദ്ദേഹത്തിന് നൽകി. വീട്ടിൽ എല്ലാവരും സംഗീതം ഇഷ്ടപ്പെടുന്നവരും ഗിത്താർ വായിക്കുന്നവരും ആയിരുന്നു. ചെറുപ്പത്തിൽ ഇടവക ഗായകസംഘത്തോടൊപ്പം അദ്ദേഹവും ഗിത്താർ വായിക്കാൻ തുടങ്ങിയിരുന്നു. പതിനേഴാം വയസ്സിൽ, യേശുവുമായുള്ള കണ്ടുമുട്ടലിനുശേഷം അദ്ദേഹം ഗാനങ്ങൾ രചിക്കാൻ തുടങ്ങി. അതോടൊപ്പം 2012 -ൽ പാപ്പായ്‌ക്കൊപ്പം മിലാനിൽ വെച്ച് പാടുവാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു.

ഇന്ന് സംഗീതത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുവാനും അനേകരെ സ്വാധീനിക്കുവാനും ജീസസിന് കഴിയുന്നു. സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും ഒന്നാം സ്ഥാനത്ത് ഇന്നും തന്റെ കുടുംബമാണെന്ന് അദ്ദേഹം പറയുന്നു. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ചില ജീവിതങ്ങൾ അവിടുത്തെ കൈയിലെ ഉപകരണങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു എന്നതിന് തെളിവാണ് ജീസസിന്റെ ജീവിതം.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.